ചാറ്റ് ചിപിറ്റിയുടെ രംഗപ്രവേശം ആശങ്കയിലാക്കുമ്പോഴും സാഹിത്യരചനകളെ തേടിപോകുന്നതില്‍ നിന്നു ഹോളിവുഡ് പിന്നോട്ടില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിയറ്ററുകളില്‍ തരംഗമായ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത 'ഓപ്പണ്‍ ഹൈമര്‍'.
ഈ വര്‍ഷം തന്നെ നിരവധി സിനിമകളാണ് വിഖ്യാതപുസ്തകങ്ങളെ ആസ്പദമാക്കി അണിയറയിലൊരുങ്ങുന്നത്. സിനിമ ആരംഭിച്ച കാലം മുതല്‍ ചലച്ചിത്ര നിര്‍മാതാക്കളും തിരക്കഥാകൃത്തുക്കളും പുതിയ സൃഷ്ടികള്‍ക്കായി അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലും എഴുത്തുകാരിലും നിന്നുആശയങ്ങള്‍ കടമെടുക്കുന്നു. സിനിമാ ചരിത്രത്തിലെ മിക്ക ക്ലാസിക് സിനിമകളും പരിശോധിച്ചാല്‍ സാഹിത്യത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ചതാണെന്നു കാണാം. ഈ പുസ്തകങ്ങള്‍ ചിലതു ലോകമെമ്പാടും വിവര്‍ത്തനം ചെയ്യപ്പെട്ടവയായിരിക്കും. പ്രിയപ്പെട്ട ക്ലാസിക്കുകളായിരിക്കും. എന്നിരുന്നാലും വായിച്ചറിഞ്ഞ കഥകള്‍ ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കും. 'ഹാരി പോട്ടര്‍' പോലെയുള്ള സീരീസുകള്‍ ആരാധകവൃന്ദത്തെ ഉറപ്പിച്ചപ്പോള്‍ 'പെര്‍സി ജാക്സണ്‍' പോലെയുള്ള സിനിമകള്‍ ആരാധകരെ നിരാശരാക്കിയത് കണ്ടു. സാഹിത്യവും സിനിമയും പരസ്പരപൂരകങ്ങളാണ്. രണ്ടും ഇരുധ്രുവങ്ങളിലാകാതെ മൗലികത നഷ്ടപ്പെടാതെ സിനിമാരൂപമാക്കണന്നാണ് മിക്ക എഴുത്തുകാരുടെയും ആഗ്രഹം. സിനിമാറ്റിക് ഫോര്‍മാറ്റിലേക്ക് രചനകളെത്തുമ്പോള്‍ അതെല്ലാം നഷ്ടപ്പെടുന്നുവെന്നാണ് അവരുടെ പരാതി.
അഡാപ്‌റ്റേഷനുകള്‍ക്കായി പുതിയതും പഴയതുമായ പുസ്തകങ്ങളില്‍ സംവിധായകരുടെ കണ്ണുടുക്കുന്നു. ഫാന്റസികള്‍ മടുക്കുമ്പോള്‍ മൗലികമായ രചനകള്‍ സിനിമാഭാഷ്യമാകുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് മാന്‍ഹട്ടന്‍ പ്രോജക്ടില്‍ പ്രധാനപങ്കുവഹിച്ച ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ കഥയാണ് 'ഓപ്പണ്‍ ഹൈമര്‍' ചിത്രം പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതവും അണുബോംബ് സൃഷ്ടിക്കുന്നത് വരെയുള്ള ഗവേഷണങ്ങളും അതിന്റെ സ്വാധീനവുമാണ് ഇതിവൃത്തം. കെയ് ബേര്‍ഡും മാര്‍ട്ടിന്‍ ജെ.ഷെര്‍വിനും ചേര്‍ന്നു എഴുതിയ അമേരിക്കന്‍ പ്രൊമിത്യൂസിന്റെ 'ദ് ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ.റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് 'ഓപ്പണ്‍ഹൈമര്‍'.
ഫിലിം ഫെസ്റ്റിവലുകളില്‍ നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരുന്ന 'വിമന്‍ ടോക്കിംഗ്', യഥാഥത്തില്‍ അതേ പേരിലുള്ള മിറിയം ടോവ്‌സിന്റെ 2018ലെ പുസ്തകമാണ് പ്രചോദനം. ബൊളീവിയയിലെ മാനിറ്റോബ എന്ന യാഥാസ്ഥിതിക കോളനിയില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളില്‍ നിന്ന് പ്രമേയമായതാണ് സിനിമയും നോവലും.
2003ല്‍ ഇറങ്ങിയ ലൂയിസ് ബയാര്‍ഡിന്റെ ഒരു നോവലില്‍ നിന്നാണ് 'ദി പെലെ ബ്ലൂ ഐ' ചിത്രം ചമക്കപ്പെട്ടിട്ടുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് മിലിട്ടറി അക്കാദമിയില്‍ നിരവധി കൊലപാതകങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന 1830കളിലെ കഥ പറയുന്ന സ്‌കോട്ട് കൂപ്പര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പേള്‍ ബ്ലൂ ഐ'. 'എ മാന്‍ കാള്‍ഡ് ഓവ്' എന്ന നോവലിന്റെ ഒരു അഡാപ്‌റ്റേഷനാണ് 'എ മാന്‍ കോള്‍ഡ് ഓട്ടോ'. പിറ്റ്സ്ബര്‍ഗിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒറ്റക്ക് താമസിക്കുന്ന പ്രായമുള്ളയാളിനെ ചുറ്റിപ്പറ്റിയുള്ള സിനിമയില്‍ ടോം ഹാങ്ക്‌സ് പ്രധാനകഥാപാത്രമാകുന്നു.
മനോജ് നൈറ്റ് ശ്യാമളന്റെ ഏറ്റവും പുതിയ സിനിമ, ഡേവ് ബൗട്ടിസ്റ്റയും ജോനാഥന്‍ ഗ്രോഫും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച നോക്ക് അറ്റ് ദ ക്യാബിന്‍ പോള്‍ ജി. ട്രെംബ്ലേയുടെ ദ ക്യാബിന്‍ അറ്റ് ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ഹൊറര്‍ സിനിമയാണ്. വുതറിംഗ് ഹൈറ്റ്സ് എന്ന ക്ലാസിക്കല്‍ നോവല്‍ എമിലി എഴുതുന്നതിലേക്ക് എമിലി ബ്രോണ്ടെ എന്ന എഴുത്തുകാരിയെ നയിച്ച സംഭവങ്ങളില്‍ ചിത്രീകരിച്ച സിനിമയാണ് ഫ്രാന്‍സിസ് ഒ'കോണറിന്റെ എമിലി. ആലിസ് വാക്കര്‍ 1982ല്‍ എഴുതിയ തന്റെ 'ദ കളര്‍ പര്‍പ്പിള്‍' എന്ന നോവലിന്റെ പുതിയ അഡാപ്‌റ്റേഷനും ഈ വര്‍ഷം പുറത്തിറങ്ങുന്നു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗാണ് നിര്‍മാണം.
പ്രിയങ്ക ചോപ്ര അഭിനയിച്ച 'ലവ് എഗെയിന്‍' സോഫിയ ക്രാമര്‍ എഴുതിയ നോവലില്‍ നിന്നു പ്രചോദനമായ ചിത്രമാണ്. 'ദി ഷോഷാങ്ക് റിഡംപ്ഷന്‍ - സ്റ്റീഫന്‍ കിംഗിന്റെ റീറ്റ ഹേവര്‍ത്ത് ആന്‍ഡ് ഷോഷാങ്ക് റിഡംപ്ഷന്‍' എന്ന നോവലിനെ അടിസ്ഥാനമാക്കി ഫ്രാങ്ക് ഡാരാബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ്. ക്ലാസിക് ചിത്രമെന്നു വിലയിരുത്തപ്പെടുന്ന 'ദി ഗോഡ്ഫാദര്‍' മരിയോ പുസോയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയാണ് സംവിധാനം.
മറ്റുപ്രധാനചിത്രങ്ങളില്‍ ചിലത്-
'ടു കില്‍ എ മോക്കിംഗ്‌ബേര്‍ഡ്' - ഹാര്‍പ്പര്‍ ലീയുടെ നോവല്‍, സംവിധാനം- റോബര്‍ട്ട് മുള്ളിഗന്‍.
'The Lord of the Rings: The Return of the King' - J.R.R ടോള്‍കീന്റെ നോവല്‍-പീറ്റര്‍ ജാക്‌സണ്‍ സംവിധാനം.
'ദ ഗ്രേറ്റ് ഗാറ്റ്‌സ്ബി' - എഫ്. സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ നോവല്‍- സംവിധാനം ബാസ് ലുഹ്ര്‍മാന്‍
'ജുറാസിക് പാര്‍ക്ക്' - മൈക്കല്‍ ക്രിക്റ്റന്റെ നോവല്‍, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് സംവിധാനം.
'ദ സൈലന്‍സ് ഓഫ് ദ ലാംബ്‌സ്' - തോമസ് ഹാരിസിന്റെ നോവല്‍, ജോനാഥന്‍ ഡെമ്മെ സംവിധാനം
'ദി ഷൈനിംഗ്' - സ്റ്റീഫന്‍ കിംഗിന്റെ നോവല്‍, സ്റ്റാന്‍ലി കുബ്രിക്ക് സംവിധാനം.
'ഗോണ്‍ വിത്ത് ദ വിന്‍ഡ്' - മാര്‍ഗരറ്റ് മിച്ചലിന്റെ നോവല്‍, വിക്ടര്‍ ഫ്‌ലെമിംഗ് സംവിധാനം.
'ഫൈറ്റ് ക്ലബ്' - ഡേവിഡ് ഫിഞ്ചര്‍ സംവിധാനം, ചക്ക് പലാഹ്നിയുക്കിന്റെ നോവല്‍.
'ദി പ്രിന്‍സസ് ബ്രൈഡ്' - വില്ല്യം ഗോള്‍ഡ്മാന്റെ നോവല്‍, റോബ് റെയ്‌നര്‍ സംവിധാനം.
'ഫോറസ്റ്റ് ഗമ്പ്' - വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ നോവല്‍, റോബര്‍ട്ട് സെമെക്കിസ് സംവിധാനം.
'ദി ഹംഗര്‍ ഗെയിംസ്' - സുസെയ്ന്‍ കോളിന്‍സിന്റെ നോവല്‍, അടിഗാരി റോസ് സംവിധാനം.
'ദി ഗ്രീന്‍ മൈല്‍' - സ്റ്റീഫന്‍ കിംഗിന്റെ നോവല്‍, ഫ്രാങ്ക് ഡാരാബോണ്ട് സംവിധാനം.
'ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍' - ക്രിസ് കൊളംബസ് സംവിധാനം, ജെ.കെ.റൗളിംഗിന്റെ നോവല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.