ചില സിനിമകൾ ഓർമ്മിക്കപ്പെടുന്നത് അതിലെ കഥാപാത്രങ്ങളിലൂടെയായിരിക്കും. ഒരുപക്ഷേ നടീനടന്മാരെക്കാളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് അതിലെ മറ്റു കഥാപാത്രങ്ങളായിരിക്കും. അത് ചിലപ്പോൾ വില്ലനാവാം, കൊമേഡിയനാവാം, മറ്റ് ചില സഹകഥാപാത്രങ്ങളും ആവാം. അവരായിക്കും സിനിമകൾ വീണ്ടും ആവർത്തിച്ചു കാണാൻ പലരേയും പ്രേരിപ്പിക്കുന്നത്.
മൊതലാളി ജങ്ക ജഗ ജഗ... രമണന്റെ ഇൻട്രോ തുടങ്ങുന്നത് ഇങ്ങനെയാണ്. പഞ്ചാബി ഹൗസ് ഇറങ്ങിയിട്ട് കാലം ഒരുപാടായെങ്കിലും ഇപ്പോഴും ഫാൻസ് കൂടുതൽ രമണനാണ്. രമണനും ഉണ്ണിയും ഗംഗാധരൻ മൊതലാളിയും ചേർന്നുള്ള കോമ്പോ ഇന്നും മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്നു. നായകൻ ദിലീപാണെങ്കിലും പഞ്ചാബി ഹൗസ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് രമണനാണ്. എങ്ങനെയാണ് രമണന് ഇത്രയും ഫാൻബേസുണ്ടായത്? കാലങ്ങൾക്കിപ്പുറവും രമണനാണ് ചർച്ചാവിഷയം. രമണനാണ് ഹീറോ.
മൊതലാളി... മൊതലാളി ഒരു ചെറ്റയാണെന്ന് സ്വന്തം മുതലാളിയുടെ മുഖത്തുനോക്കി പറഞ്ഞതിലൂടെ മുതലാളിത്തത്തിനെതിരെ ശബ്ദമുയര്‍ത്തിയ തൊഴിലാളിയായി രമണൻ മാറി. മുതലാളിയെ ലവലേശം ഭയമില്ലാത്ത രമണന്‍... ഹെയർ സ്റ്റൈലും ഡ്രസ്സിങ്ങും സംഭാഷണവും കൊണ്ട് ട്രോളൻമാരുടെ ഹിറ്റ് ലിസ്റ്റിൽ എന്നും രമണനും ഉണ്ടായിരുന്നു. രമണന്‍ മലയാളി ജീവിതത്തിലേക്ക് സംഭാവന ചെയ്ത ശൈലികളും പ്രയോഗങ്ങളുമുണ്ട്.
"ഇതിൽ ആർക്കാണ് ഭംഗിയായി ഷൂ പോളിഷ് ചെയ്യാൻ അറിയുന്നത്?എനിക്കറിയില്ല, ഇവന് ഭംഗിയായിട്ട് ഷൂ പോളിഷ് ചെയ്യാനറിയാം.നീ ഒരു കാര്യം ചെയ്യ് ആദ്യം ഷൂ പോളിഷ് ചെയ്ത് പഠിക്ക്. തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പീന്ന് വന്ന ഭൂതമോ?"നഹീന്ന് പറഞ്ഞാൽ നഹി, മരിച്ചുപോയ ഉണ്ണീടെ ക്ലോസായ ഫ്രണ്ടാ..."
മലയാളികളുടെ നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും രമണൻ എഫക്ട് വന്നിട്ടുണ്ടാവും. അത്രയ്ക്കുണ്ട് രമണന്റെ ജനപ്രിയത. ആ ജനപ്രിയത തന്നെയാണ് 2017ൽ ഇറങ്ങിയ റോള്‍ മോഡല്‍സിലും രമണൻ വന്നു പോകാൻ കാരണം. അവിടെ ഹരിശ്രീ അശോകനെയല്ല രമണനെയാണ് ആളുകൾ വരവേറ്റത്. റാഫി മെക്കാർട്ടിൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ച പഞ്ചാബി ഹൗസ് 1998ലാണ് പുറത്തിറങ്ങുന്നത്. അന്നും ഇന്നും ട്രോളുകളുടെ രാജാവ് രമണന്‍ തന്നെയാണ്.
ദശമൂലം ദാമു
ഷാഫിയുടെ സംവിധാനത്തിൽ 2009-ൽ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചട്ടമ്പിനാട്. തീയറ്ററിൽ അമ്പെ പരാജയപ്പെട്ട ചിത്രം പിന്നീട് ദശമൂലം ദാമുവിലൂടെയാണ് പലരും അറിഞ്ഞത് തന്നെ. "ഞാൻ ദശമൂലം... വൈദ്യരാണോ? അല്ല, തല്ലിനു പോകുന്നതിനു മുമ്പ് ദശമൂലാരിഷ്ടം കഴിക്കുന്നത് കൊണ്ട് ചിലർ അങ്ങനെ വിളിക്കും. ഒരുത്തനെ വെട്ടിയരിഞ്ഞ് അവന്റെ ദശ മുഴുവൻ ഒരു മൂലേക്കിട്ടതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് മറ്റു ചിലർ. സത്യത്തിൽ ആരാണ് ദശമൂലം ദാമു? സിനിമ ഇറങ്ങിയപ്പോഴും അതിന് ശേഷവും നായകനേക്കാൾ ശ്രദ്ധ നേടിയ ഒരു കഥാപാത്രം, സമൂഹമാധ്യമങ്ങളും ട്രോളൻമാർ ആഘോഷിച്ച കഥാപാത്രം...
ദാമു ഹിറ്റായി മാറിയതോടെയാണ് ആളുകൾ വീണ്ടും ചട്ടമ്പിനാടിലേക്ക് തിരിഞ്ഞത്. പിന്നീട് യൂട്യൂബിലും വാട്സ്ആപ്പ് ഇമോജിയിലും മറ്റും ദശമൂലം ദാമു നിറഞ്ഞാടുകയായിരുന്നു. സുരാജ് വെഞ്ഞാറമൂടിന് ഇത്രയധികം ഫാൻ ബേസ് ഉണ്ടാക്കിയ കഥാപാത്രം വേറെ ഉണ്ടോ എന്നു പോലും സംശയമാണ്. ചട്ടമ്പിനാട് മലയാളികളുടെ റിപ്പീറ്റ് വാച്ച് ലിസ്റ്റിലുള്ള സിനിമയല്ല. എന്നാല്‍ സോഷ്യൽ മീഡിയയിലൂടെ ദാമുവിനെ അറിഞ്ഞവർ ആ പ്രകടനം കാണാന്‍ വേണ്ടി മാത്രം ഈ സിനിമ തിരഞ്ഞ് പോകും.
ദശമൂലം ദാമു കാരിക്കേച്ചർ സ്വഭാവമുള്ള ഒരു കഥാപാത്രമാണ്. സത്യത്തിൽ ട്രോളൻമാരാണ് ദാമുവിന് പുനർജന്മം നൽകിയത്. തിയേറ്ററിൽ പരാജയപ്പെട്ട ഒരു ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ദശമൂലം ദാമുവിന്റെ സ്വാഭാവികമായ ഭാവ പ്രകടനങ്ങളും സംഭാഷണങ്ങൾ കൊണ്ടുമാണ്. സംഭാഷണങ്ങളേക്കാൾ ഇമോജികളിലൂടെയാണ് ദാമു ശ്രദ്ധേയനായത്. സുരാജിന്‍റെ ഹാസ്യകഥാപാത്രങ്ങൾ പരിശോധിച്ചാൽ അതിൽ ദശമൂലം ദാമുവിന്‍റെ തട്ട് താണ് തന്നെയിരിക്കും.
മണവാളനും ധർമേന്ദ്രയും
പുലിവാൽ കല്യാണത്തിലെ മണവാളനെയും ധർമ്മേന്ദ്രയേയും ഓർത്ത് ചിരിക്കാത്ത മലയാളികൾ ചുരുക്കം ആയിരിക്കും.
"എന്താ പേര്? ധർമേന്ദ്ര നല്ല പേര്..."
അതുവരെ ജയസൂര്യയും ഹരിശ്രീ അശോകനും നിറഞ്ഞാടിയ സ്പേയ്സിലേക്കാണ് മണവാളൻ-ധർമേന്ദ്ര കോമ്പോ വരുന്നത്. മണവാളനും ധർമ്മേന്ദ്രയും വരുന്നതോടെ കഥയുടെ ഗതിയാകെ മാറുന്നുണ്ട്. പുലിവാൽ കല്യാണത്തിലെ നായകനും നായികയും ജയസൂര്യയും കാവ്യ മാധവനുമാണെങ്കിലും പടം മൊത്തം ഇളക്കിമറിച്ചത് ഈ മണവാളൻ-ധർമേന്ദ്ര കോമ്പോ തന്നെയാണ്. അവിടുന്ന് അങ്ങോട്ട് മണവാളനും ധർമേന്ദ്രയും പൂണ്ടുവിളയാടുകയായിരുന്നു.
സിനിമയില്‍ നായകനേക്കാള്‍ ഹിറ്റായ കഥാപാത്രങ്ങളിൽ മണവാളനും ധര്‍മേന്ദ്രയും എന്നും മുന്നിൽ തന്നെയാണ്. മണവാളനായിട്ട് സലിംകുമാറിനെയല്ലാതെ മറ്റാരെയും മലയാളികൾക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. മലയാളികളുടെ ഒട്ടു മിക്ക മുഖഭാവവും മണവാളനിലുണ്ട്.
"കൊച്ചിയെത്തി, ഒടുവിൽ കുറ്റസമ്മതം നടത്തില്ലേ, അങ്ങനെ പടക്കകട ഗുധാ ഹവാ, ഇതെന്താണെന്ന് അറിയാമോ ഷെയ്ക്ക് അബ്ദുല്ല, അങ്ങ് ദുഫായിൽ ഈ അബ്ദുല്ലയുടെ ഇടം കൈയ്യാണ് ഞാൻ, എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ, എല്ലാം വിധിയുടെ വിളയാട്ടം, അ.. ദവിടെ.. ദിവിടെ.. അ..ദതിന്‍റെ ദപ്പുറത്ത്.
തുടങ്ങിയ സംഭാഷണങ്ങൾ നിത്യജീവിതത്തിലും നമ്മൾ പറയാൻ തുടങ്ങി. അത്രയ്ക്കുണ്ട് ഇവരുടെ സ്വീകാര്യത.
അറക്കൽ അബു
''അബു ഭീകരൻ കൊടും ഭീകരൻ യമ കിങ്കരൻ രുധിര പ്രിയൻ വടിവാളിനാൽ മുടി ചീകിടും തല കൊയ്യലും ഒരു ഹോബിയാ"
കഴിഞ്ഞ ഓണത്തിന് കൈപ്പുഴ കുഞ്ഞപ്പന്റെ കയ്യറത്തപ്പോൾ കട്ട ചോരയാ മുഖത്ത് തെറിച്ചത്. അത്രയ്ക്കും വരില്ലല്ലോ ഒരു പീറ ആട്. ഇൻട്രോ കണ്ടാൽ ഈ ഗുണ്ട ഒക്കെക്കൂടി തൂത്തുവാരുമെന്ന് തോന്നും. പിന്നീടല്ലേ അബു ഇത്ര പാവമായിരുന്നെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്. പക്ഷേ ചിരിപ്പിച്ച് തൂത്തുവാരിയിട്ടുണ്ട്. ഗംഭീര ഇൻട്രോയിൽ മാസ് ബിജിമും ഇട്ട് നമ്മെ ചിരിപ്പിക്കാനും ഒരു റേഞ്ച് വേണം. അതുകൊണ്ട് തന്നെ ഷാജി പാപ്പനെക്കാൾ ഫാൻസ് അബുവിനുണ്ട്. ഒരുപക്ഷേ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൈജു കഥാപാത്രം ആട് ഒരു ഭീകരജീവി അല്ല എന്ന സിനിമയിലെ അറക്കൽ അബു തന്നെയായിരിക്കും.
'അറക്കൽ അബു ഒരിക്കലും എനിക്ക് വേണ്ടി എഴുതിയ കഥാപാത്രമായിരുന്നില്ല. ഞാൻ മിഥുനെ വിളിച്ച് ചാൻസ് ചോദിച്ചപ്പോൾ ഏത് കഥാപാത്രത്തിന് എന്നെ പ്ലേസ് ചെയ്യണം എന്ന് പോലും ഉറപ്പില്ലായിരുന്നു. പിന്നെയെങ്ങനെയോ അബുവിലേക്ക് എത്തുകയായിരുന്നു. അത് പിന്നീട് എന്റെ ജീവിതത്തിലെ മൈൽസ്റ്റോൺ ആയി മാറി...' -സൈജുവിന്റെ വാക്കുകളിലുണ്ട് അറക്കൽ അബു എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്.
"ഈ ചാണക കേസിനൊക്കെ ഷാജി പാപ്പൻ വേണോ സാറേ, ഞാൻ പോരെ? അതിനു നീ ഏതാ? ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ ഞാൻ അബു, അറക്കൽ അബു. ഇവിടെ ചോദിച്ചാൽ മതി. ഇവിടെ ചോദിച്ചാലും അറക്കൽ അബു...."
ഡൂഡ്, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍ എന്നിവരും അറക്കൽ അബുവിനോടൊപ്പം ശ്രദ്ധിക്കപ്പെട്ടവരാണ്. ഒരു പക്ഷേ പേരിലെ നീട്ടവും അവരുടെ മാനറിസങ്ങളുമായിരിക്കാം അവർക്ക് ഇത്ര ജനപ്രീതി ഉണ്ടാക്കി കൊടുത്തത്.
മലയാള സിനിമയിൽ എന്നെന്നും റിപ്പീറ്റ് വാല്യൂ ഉള്ള, തലമുറകളെ ഒരുപോലെ രസിപ്പിക്കുന്ന രണ്ട് ചിത്രങ്ങളാണ് കിലുക്കവും യോദ്ധയും. കത്തിക്കയറുന്ന തമാശയാണ് കിലുക്കത്തിലെ ഹൈലൈറ്റ്. ട്രോൾ കാലത്തും കിലുക്കം സിനിമയിലെ ഡയലോഗുകൾ യുവ ജനതയുടെ ഇടയിൽ ഹിറ്റാണ്.
"ഇത് ചിക്കൻ, കഷ്ണം നിനക്കും പകുതി ചാർ എനിക്കും അല്ലേ... ചാറിൽ മുക്കി നക്കിയാ മതി, ഞാനും ജോജിയും അടിച്ച് പിരിൻജാച്ച്, അയ്യോ എന്റെ ദൈവമേ എനിക്കൊന്നും അറിഞ്ഞൂടെന്ന് ഈ മറുതയോടൊന്ന് പറഞ്ഞുകൊടുക്കടാ, എന്തോന്നടെ ഇതിന് വട്ടുണ്ടോ?, പോയി കിടന്നുറങ്ങു പെണ്ണേ.."
ഈ സംഭാഷണങ്ങളൊക്കെ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി തീർന്നിട്ടുണ്ട്. "വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു.." ഈ മുറി ഇംഗ്ലീഷിലാണ് നിശ്ചൽ പിടിച്ചുനിന്നത്. ജോജി നിശ്ചൽ കൂട്ടുകെട്ടിൽ നന്ദിനി തമ്പുരാട്ടി കൂടി വരുമ്പോൾ അത് ചിരിയുടെ മാലപ്പടക്കം തീർക്കുന്നു.
കിട്ടുണ്ണിയായി ഇന്നസെന്റും ജസ്റ്റിസ് പിള്ളയായി തിലകനും കൂടി ചേരുന്നതോടെ സിനിമയുടെ ആസ്വാദന തലം മാറുകയായി. കാമദേനു ലോട്ടറി റിസൽട്ട്സ്... "ഇതുവരെ ശരിയാണോ കിട്ടുണ്ണിയെട്ടാ... ഇതുവരെ വളരെ ശരിയാണ്... അടിച്ചു മോനേ...." രേവതിയും ഇന്നസെന്റും ചേർന്നുള്ള ഈ രംഗം ഇന്നും ട്രോളന്മാർ ആഘോഷിക്കുന്ന ഒന്നാണ്.
1992 ൽ ഇറങ്ങിയ ചിത്രമാണ് യോദ്ധ. മോഹൻലാൽ നായകനായ ചിത്രത്തിൽ അരശുംമൂട്ടിൽ അപ്പുകുട്ടനെ അവതരിപ്പിക്കാൻ ജഗതി അല്ലാതെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ കഴിയില്ല. കിലുക്കത്തിൽ ബാക്കി വെച്ചത് ജഗതി യോദ്ധയിൽ പൂർത്തിയാക്കി.
കിലുക്കവും യോദ്ധയും റിലീസ് ആയത് ഒരു ഓണകാലത്താണ് എന്നതും രസകരമായ ഒരു യാദൃശ്ചികതയാണ്. മോഹൻലാലുമായുള്ള കോമ്പിനേഷൻ സീനുകളിൽ ഉരുത്തിരിയുന്ന ചിരിയുടെ രസതന്ത്രത്തെകുറിച്ച് പല അഭിമുഖങ്ങളിലും ജഗതി വാചാലനായിട്ടുണ്ട്. യോദ്ധയിലെ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ കണ്ട മലയാളിക്കും മറിച്ചൊരു അഭിപ്രായമുണ്ടാകാൻ സാധ്യതയില്ല. ഈ ഫോറസ്റ്റ് മുഴുവൻ കാടണല്ലോ എന്ന് പരാതിപറഞ്ഞ അപ്പുകുട്ടനെ അത്ര പെട്ടൊന്നൊന്നും നമുക്ക് മറക്കാൻ കഴിയില്ല. കലങ്ങിയില്ല, കുട്ടിമാമ ഞാൻ ഞെട്ടി മാമാ തുടങ്ങിയ ഡയലോക്കെ ഇപ്പോഴും ഹിറ്റ്ലിസ്റ്റിലുണ്ട്.
ഡാൻസ് മാസ്റ്റർ വിക്രം
ഞാൻ ഡാന്‍സ് മാസ്റ്റര്‍ വിക്രം, മൈ ബയോളജിക്കൽ നെയിം ഈസ് മൈക്കിൾ ഏലിയാസ് ജാക്സൺ ഏലിയാസ് വിക്രം ഏലിയാസ് ... ഇത്രയ്ക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസ്സിലായില്ലെടാ ജാട തെണ്ടി ... ഡാൻസ് മാസ്റ്റർ വിക്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇടയില്ല. മെക്കാര്‍ട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ ഈ കഥാപാത്രം അത്രമേല്‍ ജനസ്വീകാര്യത നേടിയിരുന്നു. അതുപോലെ തന്നെ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങളാണ് കല്യാണരാമനിലെ പ്യാരിയും, മായാവിയിലെ ആശാനും മീശ മാധവനിലെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയും ...
കണ്ണൻ സ്രാങ്ക്
സലിംകുമാറും മമ്മൂട്ടിയും ചേർന്നുള്ള സിനിമകളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് 2007ൽ പുറത്തിറങ്ങിയ മായാവിയാണ്. കണ്ണൻ സ്രാങ്ക് എന്ന സലിം കുമാർ കഥാപാത്രവും മായാവി എന്ന മമ്മൂട്ടി കഥാപാത്രവും ഒരു പതിറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി നിലനിൽക്കുന്നു. ഒരുപക്ഷേ ട്രോളുകൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയതും കണ്ണൻസ്രാങ്ക് തന്നെയായിരിക്കും. എവിടേക്കാടാ നീ തള്ളിക്കയറി പോകുന്നത്, ആശാന്‍ മുമ്പില്‍ നടക്കും, ശിഷ്യന്‍ പിറകെ, ഒരു കൈയബദ്ധം നാറ്റിക്കരുത്, ഇടം വലം നോക്കാതെ ചെയ്തിരിക്കും., ഇതൊക്കെയെന്ത്? ഇതെന്ത് മറിമായം എനിക്ക് പ്രാന്തായതാണോ അതോ നാട്ടാർക്ക് മൊത്തം പ്രാന്തായിപ്പോയതാണോ? തുടങ്ങിയ പല ജനപ്രിയ ശൈലികളും രൂപപ്പെടുന്നത് കണ്ണൻ സ്രാങ്കിൽ നിന്നാണ്. ഈ പ്രയോഗങ്ങൾ നിത്യജീവിതത്തിലെ സംഭവങ്ങളോടു ചേർത്ത് പറയാത്ത മലയാളികൾ തന്നെ ചുരുക്കമായിരിക്കും.
അതേപോലെ എല്ലാ സിനിമയിലും താൻ ഈ സെയിം ക്യാമറ തന്നെയല്ലേ ഉപയോഗിക്കുന്നത്. ബെല്ലാ ബെല്ലാ ചേഞ്ചും ഉണ്ടോടാ, മുദ്ര ശ്രദ്ധിക്കണം, നേരത്തെ കാണിച്ചത് ഏക മുദ്ര ഇപ്പോൾ കാണിച്ചത് ദ്വിമുദ്ര, തുടങ്ങിയ ചതിക്കാത്ത ചന്തുവിലെ സംഭാഷണങ്ങളും വക്കീൽ എസ്.ഐയുടെ ഫ്യൂസ് ഊരി, നന്ദി മാത്രമേ ഉള്ളല്ലേ, കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്നിങ്ങനെയുള്ള മീശ മാധവനിലെ സംഭാഷണങ്ങളും പ്രേക്ഷകർ സ്ഥിരം പ്രയോഗിക്കുന്നതിൽ ചിലതാണ്. ഒറ്റ സീൻ കൊണ്ടാണ് പ്രേക്ഷകരുടെ ഇടയിലേക്ക് മീശ മാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി ഇടിച്ചുകയറിയത്.
താമരശ്ശേരി ചുരം.. വെള്ളാനകളുടെ നാടിൽ ഏറ്റവും ക്ലിക് ആയത് ഞമ്മളെ താമരശ്ശേരി ചുരം തന്നെയാണ്. 10, 15 മിനിറ്റ് ഉള്ളെങ്കിൽ എന്താ കുതിരവട്ടം പപ്പു ആ സീന് പൊളിച്ചടുക്കി. മൊയ്തീനേ ആ ചെറിയ സ്പാനർ ഇങ്ങോട്ട് എടുക്ക് ഇപ്പോ ശരിയാക്കിത്തരാം.. ഒരുപക്ഷേ കുതിരവട്ടം പപ്പു ഇല്ലായിരുന്നെങ്കിൽ മൊയ്തീനും താമരശ്ശേരി ചുരവുമൊന്നും ഇത്ര ക്ലിക്കാവില്ലായിരുന്നു.
കല്യാണരാമനിലെ പോഞ്ഞിക്കരയും മീശ മാധവനിലെ പിള്ളേച്ചനും, സിഐഡി മൂസയിലെ മൂളയും, തൊരപ്പൻ കൊച്ചുണ്ണിയും പറക്കും തളികയിലെ സുന്ദരനും, പഞ്ചാബി ഹൗസിലെ രമണന്റെ മുതലാളിയും, ലേലത്തിലെ ഈപ്പച്ചനും, ഗോഡ്ഫാദറിലെ അഞ്ഞൂറാനും, തെങ്കാശിപട്ടണത്തിലെ ശത്രുവും, സ്ഫടികത്തിലെ ചാക്കോ മാഷുമൊക്കെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കൊണ്ട് അതതു സിനിമകളില്‍ ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങളാണ്.
കൃഷ്ണവിലാസം ഭഗീരഥൻപിള്ള വലിയ വെടി നാല്, ചെറിയ വെടി നാല്, പുരുഷു എന്നെ അനുഗ്രഹിക്കണം... മാധവനെ വട്ട് കളിപ്പിക്കുന്ന പിള്ളേച്ചൻ ആണെങ്കിലും മാധവനേക്കാൾ ഒരുപിടി മുന്നിൽ തന്നെയാണ് പിള്ളേച്ചന്റെ സ്ഥാനം. കഴുത്തിൽ എപ്പോഴും ഉണ്ടാകുന്ന ചുവന്ന ചരടും അതിൽ കെട്ടിത്തൂക്കിയ താക്കോൽക്കൂട്ടവും വെള്ള ഷർട്ടും മുണ്ടും മാത്രം മതിയാകും ഏത് ആൾക്കൂട്ടത്തിൽ നിന്നും പിള്ളേച്ചനെ കണ്ടുപിടിക്കാൻ..
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല... ഈ പാട്ട് കേട്ടാ ആദ്യം ആരെയാണ് ഓർമ്മ വരുക? അത് നിസംശയം പറയാം പോഞ്ഞിക്കയേയായിരിക്കും. ഒരു സിനിമ ജനപ്രീതി ആർജ്ജിക്കുന്നത് അതിലെ കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല അവരുടെ സംഭാഷണങ്ങൾ കൊണ്ട് കൂടിയാണ്. എത്ര പെട്ടെന്നാണ് ചില ശൈലികളും പ്രയോഗങ്ങളും നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി ആളുകൾ ഉപയോഗിക്കുന്നത്.
ചേട്ടാ കുറച്ച് ചോറ് എടുക്കട്ടെ ലേശം മോരൊഴിച്ച് കഴിക്കാൻ, ഒന്ന് മിണ്ടാതെ ഇരിക്കുമോ ആയുധം വെച്ചുള്ള കളിയാ,നീയൊക്കെ കല്യാണക്കുറി കാണിച്ച് പോയാ മതി,സവാള ഗിരിഗിരി, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ, നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി, തളരരുത് രാമൻകുട്ടി തളരരുത്, മെൽക്കൗ പ്യാരിയും പോഞ്ഞിക്കരയും മത്സരിച്ച് അഭിനയിച്ച ഇത്തരം ശൈലികൾ മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങൾ ഇനിയുമുണ്ട്. ഹാസ്യകഥാപാത്രങ്ങളോട് എപ്പോഴും ഒരു പ്രത്യേക മമതയുണ്ട് പ്രേക്ഷകര്‍ക്ക്. അതുകൊണ്ടുതന്നെ കാലം എത്ര കഴിഞ്ഞാലും അവർ വാഴ്ത്തപ്പെട്ടു കൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.