ചെയ്തുവെച്ച സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കിയ ഒരേയൊരു സംവിധായകനേ മലയാളത്തിലുണ്ടാവു. കെ.ജി. ജോര്‍ജ് എന്ന കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്. 19 സിനിമകളെ ജോർജ് ചെയ്തിട്ടുള്ളൂ. പക്ഷേ, സിനിമയെക്കുറിച്ച് പഠിക്കുന്നവർക്ക്, സിനിമക്കാരനാകാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകമായി മാറിയ സിനിമകളായിരുന്നു അവയിലോരോന്നും. അപ്രകാരം, മലയാള സിനിമയിലെ പിൻതലമുറയെ ആവേശിച്ച സംവിധായകൻകൂടിയായിരുന്നു കെ.ജി. ജോർജ്.
പുണെയിലെ വിഖ്യാതമായ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പഠിച്ച നല്ല പാഠങ്ങളെ കോംപ്രമൈസുകള്‍ക്ക് കീഴടങ്ങാതെ കച്ചവട സിനിമയിലേക്കും കൊണ്ടുവന്നു എന്നതായിരുന്നു കെ.ജി. ജോര്‍ജിന്റെ മിടുക്ക്. 1946ൽ തിരുവല്ലയിൽ പെയിൻറിങ് വർക്ഷോപ്പുകാരനായ സാമുവലിന്റെയും അന്നാമ്മയുടെയും മകനായാണ് ജോർജിെൻറ ജനനം. ചിത്രകാരനായിത്തീരുമായിരുന്ന ജന്മം സിനിമയുടെ കാൻവാസിൽ ദൃശ്യരചന നടത്തുന്ന സംവിധാനപ്രതിഭയായി വളരുകയായിരുന്നു.
വാഹനങ്ങൾക്ക് പെയിൻറ് ചെയ്യുന്ന പണിയായിരുന്നു പിതാവിന്. അപ്പൻ പെയിൻറ് ചെയ്ത ലോറികളുടെ ബോഡിയിൽ ചിത്രപ്പണി ചെയ്ത് സഹായിയായി കൂടിയ ജോർജിനെ വായനയിലേക്ക് ആനയിച്ചത് അന്നാമ്മയാണ്. ബഷീറിനെയും പൊൻകുന്നം വർക്കിയെയുമൊക്കെ അന്നാമ്മയായിരുന്നു ജോർജിന് പരിചയപ്പെടുത്തിക്കൊടുത്തത്. അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായിരുന്നതെന്ന് ജോർജ് ഓർമിച്ചിട്ടുണ്ട്.
തിരുവല്ല എസ്.ഡി സെമിനാരി സ്കൂളിൽ നിന്ന് പത്താംതരം പാസായി. തുടർപഠനം ചങ്ങനാശ്ശേരിയിലായിരുന്നു. കേരള സര്‍വകലാശാലക്കു കീഴിലായിരുന്ന ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയശേഷം 1968ല്‍ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാസംവിധാനം പഠിക്കാനായി ചേരുമ്പോൾ പ്രതിഭകളുടെ ഒരു വലിയ സംഘംതന്നെ അവിടെയുണ്ടായിരുന്നു. പിൽക്കാലത്ത് പ്രശസ്തരായിത്തീർന്ന നടന്മാരായ മോഹൻ ശർമ, രവി മേനോൻ, സംവിധായകൻ ആസാദ്, നടി ജമീല മാലിക്, ഹിന്ദി നടി ജയഭാദുരി, കാമറാമാൻ രാമചന്ദ്ര ബാബു തുടങ്ങിയവരൊക്കെ സഹപാഠികളായി കിട്ടി. ജോൺ എബ്രഹാമും ബാലു മഹേന്ദ്രയും സീനിയർമാർ. ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിനിടയിലെ ആദ്യ ഡിപ്ലോമ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രാമചന്ദ്ര ബാബുവായിരുന്നു. ജോർജിന്റെ ആദ്യ നായികയായത് ജമീല മാലിക് എന്ന മലയാളി പെൺകുട്ടിയായിരുന്നു. രാമചന്ദ്ര ബാബുവുമായുള്ള ജോർജിന്റെ സൗഹൃദം തിരശ്ശീലയിലും നീണ്ടു. ജോർജിന്റെ പത്തോളം സിനിമകളുടെ കാമറാമാനാകാൻ രാമചന്ദ്ര ബാബുവിന് കഴിഞ്ഞു.
1971ല്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്നു ഡിപ്ലോമ നേടിയശേഷം രാമു കാര്യാട്ടിന്‍റെ സംവിധാനസഹായിയായി ജോർജ്. 1972ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മായ’ എന്ന ചിത്രത്തില്‍ സംവിധാനസഹായിയായിട്ടായിരുന്നു ജോർജിന്‍റെ സിനിമാജീവിതം തുടങ്ങിയത്. 1974ൽ രാമു കാര്യാട്ടിന്‍റെ ‘നെല്ല്’ സിനിമയുടെ തിരക്കഥാകൃത്തും സംവിധാനസഹായിയും ജോർജായിരുന്നു. മുഖ്യധാരയിൽനിന്ന് വേറിട്ടുനിൽക്കുന്നുവെന്ന തോന്നലില്ലാതെ കലാമൂല്യത്തെയും കച്ചവടമൂല്യത്തെയും ഒന്നിച്ചു ചേർക്കാനുള്ള തന്ത്രം രാമു കാര്യാട്ടിൽനിന്നും സ്വായത്തമാക്കാൻ ജോർജിനെ ഏറെ സഹായിച്ചിട്ടുണ്ട്. രാമു കാര്യാട്ട് അക്കാലത്തെ നവതരംഗ സിനിമക്കാരെ ഏറെ പ്രചോദിപ്പിച്ച സംവിധായകനായിരുന്നു.
മൂന്നു വർഷത്തോളം രാമു കാര്യാട്ടിന്‍റെ സഹായിയായിരുന്ന ജോർജ് 1976ൽ ‘സ്വപ്നാടനം’ എന്ന ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മനുഷ്യജീവിതങ്ങളുടെ സങ്കീര്‍ണമായ മനോവ്യാപാരങ്ങൾ ജോർജിന്റെ ഇഷ്ടവിഷയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ പരീക്ഷിച്ചുവിജയിച്ച ആ വഴിയിൽ പിന്നെയും സഞ്ചരിച്ചുവെങ്കിലും തന്നെത്തന്നെ കോപ്പിയടിക്കാതിരിക്കാനുള്ള കരുതൽ അദ്ദേഹത്തിനുണ്ടായി. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിക്കൊണ്ട് ജോർജ് എന്ന പുതുക്കക്കാരന്‍ മലയാള സിനിമയിൽ മേൽവിലാസമുറപ്പിച്ചു.
ഫ്രെഡറികോ ഫെല്ലിനി എന്ന വിഖ്യാത ഇറ്റാലിയൻ സംവിധായകനോടുള്ള അഭിനിവേശം ജോർജ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഭ്രമാത്മകമായ ഫെല്ലിനിയുടെ ഫ്രെയിമുകളുടെ അന്ധനായ ഒരാരാധകനാകാതിരിക്കാനും ജോർജ് ജാഗരൂകനായിരുന്നു. അതേസമയം, ഇതിവൃത്തങ്ങളിൽ പലവട്ടം ലോകപ്രശസ്തനായ ആൽഫ്രഡ് ഹിച്കോക്കിനെ അനുധാവനം ചെയ്തിട്ടുമുണ്ട്. മലയാളത്തിെൻറ ഹിച്കോക്ക് എന്നുപോലും കെ.ജി. ജോർജിനെ വിശേഷിപ്പിച്ചവരുണ്ട്.
80കളിൽ സജീവ സിനിമക്കാരായവരാണ് മമ്മൂട്ടിയും മോഹൻലാലും. തുടക്കത്തിൽ ലാൽ സ്ഥിരം വില്ലൻവേഷങ്ങളിൽ കുടുങ്ങിയപ്പോൾ മമ്മൂട്ടിക്ക് രക്ഷയായത് നായകപ്രധാനമായ വേഷങ്ങളിലേക്കുള്ള രംഗപ്രവേശമായിരുന്നു. അതിന് മമ്മൂട്ടിയെ സഹായിച്ച രണ്ടു ചിത്രങ്ങൾ കെ.ജി. ജോർജ് സംവിധാനം ചെയ്ത മേളയും യവനികയുമാണ്.
രണ്ടു ചിത്രത്തിലും മമ്മൂട്ടിയല്ല നായകൻ. സർക്കസ് കൂടാരത്തിലെ മനുഷ്യരുടെ ജീവിതം പറഞ്ഞ മേളയിൽ രഘു അവതരിപ്പിച്ച ഗോവിന്ദൻകുട്ടി എന്ന കുള്ളനാണ് നായകൻ. ആരാണ് നായകനെന്ന് തീർത്തുപറയാനാവാത്ത ‘യവനിക’യിൽ ഭരത് ഗോപിയുടെ തബലിസ്റ്റിനാണ് നായകപദവി. പക്ഷേ, രണ്ടിലും നായകതുല്യമായ വേഷമായിരുന്നു മമ്മൂട്ടിക്ക്. മേളയിലെ ബൈക്ക് ജംപർ വിജയനും യവനികയിലെ സർക്കിൾ ഇൻസ്പെക്ടർ ജേക്കബ് ഈരാളിയും പുതിയൊരു താരപ്പിറവിക്ക് നാന്ദിയായി.
മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ യവനികയുടെ സ്ഥാനം ഏറെ മുന്നിലാണ്. സാങ്കേതിക തികവിന്റെ ഇക്കാലത്തും യവനികക്ക് തുല്യം നിൽക്കുന്ന മറ്റൊരു കുറ്റാന്വേഷണ ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നത് ജോർജിന്റെ പ്രതിഭക്ക് കിട്ടിയ അംഗീകാരമാണ്
ഏതു ഴോണറിലുമുള്ള സിനിമകൾ എടുത്താലും ജോർജിനെ അതിൽനിന്ന് മാറ്റിനിർത്താനാവുമായിരുന്നില്ല. രാഷ്ട്രീയബോധത്തോടെ സിനിമ ചെയ്ത അപൂർവം മലയാള സംവിധായകരുടെ കൂട്ടത്തിൽനിന്ന് ജോർജിനെ മാറ്റിനിർത്താനാവില്ല. മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ചെറുപ്പക്കാര്‍ കൂപ്പുകുത്തിവീണ എഴുപതുകളുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലേക്കായിരുന്നു ജോര്‍ജിന്റെ ‘രാപ്പാടികളുടെ ഗാഥ’ (1977) കാമറ തിരിച്ചത്.
ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളാൽ കേരളത്തിലെ രാഷ്ട്രീയക്കാരെ മുഴുവൻ കുത്തിപ്പരിക്കേൽപിച്ചത് ജോർജിന്റെ ‘പഞ്ചവടിപ്പാലം’ (1984) ആണ്. പക്ഷം വിട്ട് ഇടതും വലതും ഒന്നായിത്തീർന്ന അഴിമതിയുടെ ആഴത്തെ ഒരു പുഴക്കരയിലെ പാലത്തിന്റെ തകർച്ചയിലൂടെ ജോർജ് തിരശ്ശീലപ്പെടുത്തിയപ്പോൾ അതൊരു ഹാസ്യസിനിമയാവുകയായിരുന്നില്ല, ലക്ഷണമൊത്ത ഒരു ക്ലാസിക് സിനിമയായി മാറുകയായിരുന്നു.
സിനിമ തന്നെ എണ്ണിയാൽ തീരാത്ത സിനിമകളുടെ ഇതിവൃത്തമായിട്ടുണ്ട്. പക്ഷേ, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്’ അതിലും മികച്ചുനിന്നു. ആത്മഹത്യ ചെയ്ത ശോഭ എന്ന നടിയുടെ ജീവിതമായിരുന്നു ആ സിനിമയുടെ ഇതിവൃത്തം. സിനിമയുടെ വെള്ളിവെളിച്ചത്തിലെ കേവലമൊരു ശരീരം മാത്രമല്ല നടിയെന്നും അവർക്കൊരു വ്യക്തിത്വമുണ്ടെന്നും അവർ താണ്ടിയെത്തിയ വഴികളിൽ കണ്ണീരും കിനാവുകളുടെ ചുടലയുമുണ്ടെന്നും സിനിമക്കകത്തുനിന്നു ജോർജ് തുറന്നുകാണിക്കുകയായിരുന്നു.
സിനിമയുടെ താരപ്രഭ സ്വപ്നം കണ്ട് നാട്ടിൻപുറങ്ങളിൽ സിനിമ വിളയുന്ന കോടമ്പാക്കത്തേക്ക് വണ്ടികയറുന്ന പെൺകൊടികളുടെ ജീവിതം അതിനു മുമ്പും പിമ്പും അത്ര തീവ്രമായി മറ്റാരും പറഞ്ഞിരുന്നില്ല.
പെൺജീവിതങ്ങളുടെ നേർക്ക് തുറന്നുപിടിച്ച കാമറ നമുക്കിന്ന് അപരിചിതമല്ല. പക്ഷേ, ആൺകോയ്മ അടക്കിവാണ സിനിമയിൽ സ്ത്രീകളുടെ നേരേ കാമറ തിരിക്കാനും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ നായകന്മാർക്കുമപ്പുറം ആർജവത്തോടെ തലയുയർത്തി നിർത്താനും ശ്രമിച്ച ആദ്യ സംവിധായകൻ ജോർജ് തന്നെയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസിൽ നായകന്മാർ മാത്രം അവശേഷിക്കുന്ന സിനിമകളായിരുന്നില്ല ജോർജിന്റേത്. നായകന്മാരെക്കാൾ ഉള്ളിൽ കൊളുത്തിവലിക്കുന്ന നായികമാരായിരുന്നു അവർ. സ്വപ്നാടനത്തിലെ റാണി ചന്ദ്രയുടെ സുമിത്രയും ഉൾക്കടലിലെ ശോഭയുടെ റീനയും മേളയിൽ അഞ്ജലി നായിഡുവിന്റെ ശാരദയും ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കിലെ ലേഖയും മറ്റൊരാളിലെ സീമയുടെ സുശീലയും ഉള്ളിൽ കൊളുത്തിവലിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
ആദാമിൻറന്റെ വാരിയെല്ല് സമ്പൂർണ സ്ത്രീപക്ഷ സിനിമയായിരുന്നു. ആലീസ്, വാസന്തി, അമ്മിണി എന്നീ മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെ ജോർജ് പറഞ്ഞത് പുരുഷകാമനകളുടെ അടിമകളായി കഴിയേണ്ടിവന്ന സ്ത്രീവർഗത്തിെൻറ മുഴുവൻ കഥയുമായിരുന്നു. ആ സിനിമയുടെ ടൈറ്റിൽതന്നെ അത് അടയാളപ്പെടുത്തുന്നുണ്ട്.
പുരുഷലോകം തീർത്ത തടവറകൾ പൊളിച്ച് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന സ്ത്രീകളാണ് ആ ചിത്രത്തിെൻറ ക്ലൈമാക്സ്. സ്വന്തം സിനിമയിലെ ഫ്രെയിമിലേക്ക് കയറിവരുന്ന ഹിച്കോക്കിനെപ്പോലെ ഭ്രമാത്മകമായ ആ ഫെല്ലിനി മോഡൽ സീനിലേക്ക് ജോർജും കാമറമാനും ടീമും കയറിവരുന്നുണ്ട് ആ ക്ലൈമാക്സിൽ. പക്ഷേ, അവരുടെ കാമറകളെ തട്ടിത്തെറിപ്പിച്ചുകൊണ്ടായിരുന്നു പെണ്ണുങ്ങൾ സ്വാതന്ത്ര്യം വാരിപ്പുണർന്ന് പുറത്തേക്കു കുതിച്ചത്. അങ്ങനെയൊരു ദൃശ്യം ആ കാലത്ത് തികച്ചും ഞെട്ടിക്കുന്നതായിരുന്നു.
നടൻ സുകുമാരൻ നിർമിച്ച ഇരകൾ ജോർജിെൻറ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്. ഗണേഷ് കുമാർ എന്ന നടെൻറ ആദ്യ സിനിമകൂടിയായിരുന്നു ഇത്. അക്രമാസക്തമായ മനസ്സുകളുടെ തുറന്നുകാട്ടലായിരുന്നു ഇരകൾ, ഈ കണ്ണികൂടി തുടങ്ങിയ സിനിമകൾ. മനുഷ്യമനസ്സിെൻറ ഇരുണ്ട കോണുകളിലേക്കുള്ള സഞ്ചാരമായിരുന്നു ഈ ചിത്രങ്ങൾ. ആദ്യ ചിത്രമായ ‘സ്വപ്നാടന’ത്തിൽ തുടങ്ങിയ മനഃശാസ്ത്ര സമീപനം ഈ ചിത്രങ്ങളിൽ ആഴത്തിലേക്ക് സഞ്ചരിക്കുന്നു. മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ക്രിമിനൽ അവസരം തേടി പുറത്തുവരുന്ന ഓരോ സംഭവങ്ങളിലും ഈ ചിത്രം ഓർമിക്കപ്പെടും.
19 ചിത്രങ്ങളുടെ പട്ടികയിൽ ഒരിക്കലും ജോർജിൽനിന്ന് പ്രതീക്ഷിക്കാത്ത സിനിമയായിരുന്നു ‘ഇലവങ്കോട് ദേശം’. ആ ചിത്രം സമ്മാനിച്ചത് ചില ദുഷ്പേരുകളും കേസുകളും മാത്രമായിരുന്നു. ഈ ചിത്രം പരാജയപ്പെടാൻ കാരണം മമ്മൂട്ടിയായിരുന്നുവെന്ന ജോർജിെൻറ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
ഇറ്റാലിയൻ സംവിധായകൻ ഫ്രെഡറികോ ഫെല്ലിനിയായിരുന്നു ജോർജിെൻറ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. ഫെല്ലിനിയോടുള്ള ജോർജിെൻറ ഇഷ്ടം അറിയുന്ന യുവസംവിധായകൻ ലിജിൻ ജോസ് ജോർജിന് ആദരമായി സമർപ്പിച്ച ഡോക്യുമെൻററിയാണ് ‘8 1/2 ഇൻറർ കട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്’. അവസാന കാലത്തെ അവശതകളുടെ ഇടയിൽ തെൻറ സിനിമകളെക്കുറിച്ച് ജോർജ് വിലയിരുത്തുന്നുണ്ട്. ശരീരത്തിെൻറ അവശതകൾ ആ മനസ്സിനെ ഒട്ടും തളർത്തിയിരുന്നില്ല. ഇനിയും ചെയ്യാനുള്ള തെൻറ സിനിമകളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നുണ്ട്. സിനിമയുടെ ലോകത്തെ ഒട്ടും സുഖകരമല്ലാത്ത സമവാക്യങ്ങളാൽ അസമയത്ത് സിനിമാ ജീവിതം നിർത്തേണ്ടിവന്നയാളാണ് കെ.ജി. ജോർജ്. പക്ഷേ, ന്യൂജെൻ സംവിധായകരെപ്പോലും അത്രയേറെ പ്രചോദിപ്പിച്ച മറ്റൊരു സംവിധായകനും ജോർജിനെ പ്പോലെ വേറെയില്ല എന്നതാണ് കൗതുകം. ആത്മകഥയായ ‘ഫ്ലാഷ്ബാക്: എെൻറയും സിനിമയുടെയും’ എന്ന പുസ്തകത്തിൽ തെൻറ സിനിമാജീവിതം തുറന്നുപറയുന്നുണ്ട്. എന്തുകൊണ്ട് താൻ സിനിമാജീവിതത്തിന് അകാലത്തിൽ വിരാമമിടേണ്ടിവന്നുവെന്ന് ജോർജ് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും മികച്ച സിനിമകളാൽ നിറഞ്ഞുനിന്നപ്പോഴും മികച്ച സംവിധായകനുള്ള പുരസ്കാരം ജോർജിനെ വിട്ടകന്നുനിന്നു. ഒടുവിൽ ആ പാപഭാരം തീർത്തത് 2016ൽ സമഗ്ര സംഭാവനക്ക് ഏറ്റവും വലിയ പുരസ്കാരമായ ജെ.സി. ഡാനിയൽ അവാർഡ് നൽകിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.