ടെലിവിഷൻ ചാനലുകളിലും മൊബൈൽ ഗ്രൂപ്പുകളിലും ‘മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു’ എന്ന വാർത്തകൾ. സുധിയുടെ മൃതദേഹം സ്റ്റുഡിയോയുടെ മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. നിരവധിയാളുകൾ അന്ത്യോപചാരം അർപ്പിച്ചുകൊണ്ടിരിക്കുന്നു. സിദ്ദീഖ് സാർ വരുന്ന വിവരം പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല അറിയിച്ചു. അപ്പോഴവിടെ കൂടിനിൽക്കുന്നവരിലാരോ ഒരാൾ മറ്റാരുടെയോ ചെവിയിൽ പതുക്കെ ചോദിക്കുന്നു: ‘‘സാറിന്റെ സിനിമയിലൊന്നും സുധി അഭിനയിച്ചിട്ടില്ലല്ലോ...പിന്നെന്തിനാ?’’ കൂടെ നിൽക്കുന്നവരിലാരോ അയാളെ തിരുത്തി ‘‘സുധി മിമിക്രി ആർട്ടിസ്റ്റല്ലേ, സാറിന് സുധിയെ അറിയാം’’
സാറെത്തി. സുധിക്ക് അന്തിമോപചാരമർപ്പിച്ച ശേഷം സുധിയുടെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക നിലയെക്കുറിച്ചും അന്വേഷിച്ച് മടങ്ങി.
പതിറ്റാണ്ടുകൾക്കുമുമ്പ് മിമിക്രിയെ ജ്ഞാനസ്നാനം ചെയ്യിച്ച് മിമിക്സ് പരേഡാക്കി മാറ്റിയ സംഘാംഗങ്ങളിൽ പ്രധാനിയായ സിദ്ദീഖ് സാറിന് എന്നും മിമിക്രിയെന്ന കല ജീവനായിരുന്നു. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ (എം.എ.എ) യുടെയും കോമഡി എഴുത്തുകാരുടെ സംഘടനയായ റൈറ്റ് ടെല്ലിന്റെയും രക്ഷാധികാരിയുടെ സ്ഥാനത്തിരുന്ന് ഈ രംഗത്തെ കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സംഘടനക്ക് പ്രവർത്തനഫണ്ടുണ്ടാക്കാനുള്ള ചാനൽ ഷോകളിൽ സജീവ പങ്കാളിയാവുകയും ചെയ്യുന്നതിൽ, ബോളിവുഡിൽ ഒരാഴ്ചകൊണ്ട് 100 കോടി ക്ലബിലെത്തിയ സംവിധായകനെന്ന പേര് തടസ്സമായിരുന്നില്ല. മിമിക്രി കലാകാരന്മാർക്ക് സിനിമകളിൽ നല്ല അവസരം കൊടുക്കണമെന്ന നിർബന്ധം സാറിനുണ്ടായിരുന്നു. വടക്കൻ കേരളത്തിലെ മിമിക്രി കലാകാരന്മാരിൽ പലർക്കും ‘പൊറാട്ടുനാടക’ത്തിൽ അഭിനയിക്കാൻ സാർ അവസരം നൽകുകയും ചെയ്തു. ‘‘നമ്മളല്ലെങ്കിൽ പിന്നെ അവർക്ക് ആര് അവസരം കൊടുക്കും?’’ ഞങ്ങളോടുള്ള സാറിന്റെ ചോദ്യം ഇതായിരുന്നു. മിമിക്രി കലാകാരന്മാരോട് മാത്രമല്ല, സഹായം ചോദിച്ചു വരുന്ന ആരെയും സിദ്ദീഖ് എന്ന മനുഷ്യസ്നേഹി നിരാശനാക്കിയിരുന്നില്ല. കടം കൊടുത്താൽ തിരികെ കിട്ടില്ലെന്നറിയാവുന്ന ഒരാൾക്ക് ഒരുലക്ഷം രൂപ കടം കൊടുത്തതിന് ദേഷ്യപ്പെട്ട കൂട്ടുകാരനോട് സാർ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞ മറുപടി ഇങ്ങനെ: ‘‘ഞാൻ ലാഭിച്ചത് നാലുലക്ഷം രൂപയല്ലേ, അയാൾ ചോദിക്കാനുദ്ദേശിച്ചിരുന്നത് അഞ്ചു ലക്ഷമായിരുന്നു’’ ദേഷ്യപ്പെട്ട കൂട്ടുകാരന്റെ മുഖം ചിരിയാൽ നിറഞ്ഞു.
‘‘ട്രെയിലർ നന്നായിട്ടുണ്ട്..ബാക്കി കാര്യങ്ങൾ ഞാൻ ആശുപത്രിയിൽനിന്ന് തിരിച്ചുവന്നിട്ട് നോക്കാം’’. ‘പൊറാട്ടുനാടക’ത്തിന്റെ ട്രെയിലർ കട്ട് കണ്ട സാറിന്റെ പ്രതികരണം. ഇത് ഇക്കഴിഞ്ഞ ജൂലൈ പകുതിക്കായിരുന്നു. രോഗക്കിടക്കയിൽ നിന്ന്, ചിരിയുടെ ലോകത്തേക്ക് മടങ്ങിവരാനാകുമെന്ന പ്രതീക്ഷ അപ്പോഴൊക്കെ സാറിനും ഞങ്ങൾക്കുമുണ്ടായിരുന്നു. മരണമെന്ന വില്ലൻ ഞങ്ങൾക്കിടയിലേക്കെത്തി ഞങ്ങളുടെ നായകനെ കൊണ്ടുപോകുമെന്ന ചിന്തക്കുതന്നെ അന്നൊന്നും സ്ഥാനമുണ്ടായിരുന്നില്ല. ‘പൊറാട്ടുനാടക’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ സാർ തിരിച്ചുവന്നിട്ട് മതിയെന്ന പ്രതീക്ഷ, ദിവസേന ആശുപത്രിയിലേക്കും തിരിച്ചുമുള്ള ഫോൺ വിളികളിൽ നിഴലിച്ചുനിന്നു. ആ പ്രതീക്ഷ ഇടക്ക് ആശങ്കയിലേക്ക് വഴിമാറി, സാറിന്റെ സിനിമകളിലെപ്പോലെ ക്ലൈമാക്സ് വരെ പിരിമുറുക്കവും ട്വിസ്റ്റുകളും..ഒടുവിൽ ഞങ്ങളെ കണ്ണീർക്കായലിലേക്കാഴ്ത്തി സാർ പോയി. സാഗരം മനസ്സിലുണ്ടെങ്കിലും, കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ലെന്ന വരികളുള്ള ‘കാബൂളിവാല’യിലെ പാട്ടുപോലെ ഞങ്ങൾ....
കോവിഡിന് തൊട്ടുമുമ്പാണ് സാറിന്റെ ശിഷ്യൻ നൗഷാദ് സാഫ്രോണിന് സംവിധാനം ചെയ്യാൻ വേണ്ടിയുള്ള സിനിമയുടെ ചർച്ചകൾ സാറിന്റെ വീട്ടിൽവെച്ച് തുടങ്ങുന്നത്. ആദ്യം സാറിന്റെ തന്നെ കഥയായിരുന്നു. പിന്നീട് കഥയും തിരക്കഥയും എന്റേതായി മാറി. സാറിന്റെയും സുഹൃത്ത് നാസർ വേങ്ങരയുടെയും നിർമാണ കമ്പനിയായ മീഡിയ യൂനിവേഴ്സിലേക്ക് വിജയൻ പള്ളിക്കരയുടെ എമിറേറ്റ്സ് പ്രൊഡക്ഷൻസും കൂടി വന്നപ്പോൾ ‘പൊറാട്ടുനാടകം’ സിനിമ ഓണായി. സാറിന്റെ നിർമാണ മേൽനോട്ടത്തിൽ ചിത്രീകരണവും പൂർത്തിയായി.
പക്ഷേ, സാറിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമാണ സംരംഭം മുഴുമിപ്പിക്കാനാകാതെ അദ്ദേഹം മടങ്ങുകയാണ്. സിദ്ദീഖ് സാറിനൊപ്പം പ്രവർത്തിക്കാനായത് ഞങ്ങളുടെ ഭാഗ്യമാകുമ്പോഴും, സിനിമ പൂർത്തിയായി തിയറ്ററിലെത്തുമ്പോൾ സാറില്ലാത്തത് ഞങ്ങളുടെ ഏറ്റവും വലിയ ദൗർഭാഗ്യവുമാകുന്നു..അപ്പോഴൊക്കെയും ഞങ്ങളെ മുന്നോട്ടുനയിക്കുന്നത് അദ്ദേഹം സിനിമയെക്കുറിച്ചെപ്പോഴും പറയുന്ന ഒരു വാചകമാണ്. ‘‘സിനിമ ദൈവീകമായ കലയാണ്, സത്യസന്ധമായി, ആത്മാർഥമായി അതിനോട് സമീപിച്ചാൽ അതിൽനിന്ന് കിട്ടുന്നതും അത്തരത്തിലുള്ള അനുഭവമാകും...’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.