സിദ്ദിഖ്, ബോളിവുഡിലെയും കോളിവുഡിലെയും ട്രെന്‍ഡിംഗ് മീമുകളുടെ 'സൃഷ്ടികര്‍ത്താവ്'

ബോളിവുഡിലെയും കോളിവുഡിലെയും തരംഗമായ ട്രെന്‍ഡിംഗ് മീമുകള്‍ അടക്കിഭരിച്ചുകൊണ്ടിരിക്കുന്നത് സംവിധായകന്‍ സിദ്ദീഖിന്റെ രണ്ടുചിത്രങ്ങളാണ്. റാംജിറാവു സ്പീക്കിംഗും ഫ്രണ്ട്‌സും. ബോളിവുഡിലെ കള്‍ട്ട് കോമഡി സിനിമയായി മാറിയ ചിത്രമാണ് ഹേരാ ഫേരി. മലയാളത്തിലെ റാംജിറാവു സ്പീക്കിംഗിന്റെ ഹിന്ദി റിമേക്കായ ചിത്രത്തിലെ രംഗങ്ങളാണ് ഇപ്പോഴും ഹിന്ദി മീമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

തമിഴില്‍ ഫ്രണ്ട്‌സ് സിനിമയുടെ കോമഡി രംഗങ്ങള്‍ മീമുകളിലും ട്രോളുകളിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. ഹിന്ദിയില്‍ പ്രിയദര്‍ശനും സംഭാഷണരചയിതാവായ നീരജ് വോറയ്ക്കും തമിഴില്‍ വടിവേലുവിനുമാണ് മീമുകളുടെ ക്രഡിറ്റ് പോകുന്നത്. എന്നാല്‍ സിദ്ദീഖിന്റെയും ലാലിന്റെയും തലയില്‍ ഉദിച്ച ആശയങ്ങളായിരുന്നു ആ രംഗങ്ങളെല്ലാമെന്നത് അധികമാരും ചര്‍ച്ച ചെയ്യാറില്ലായിരുന്നു.

മലയാളിയുടെ സല്ലാപനിമിഷങ്ങളില്‍ ഊറിച്ചരിക്കാനും പൊട്ടിച്ചിരിക്കാനും കണ്ടന്റുകള്‍ നല്‍കിയ സിദ്ദീഖ് ലാല്‍ സിനിമകള്‍ നെറ്റിസണ്‍സിനു മീം മെറ്റീരിയല്‍സ് വേണ്ടുവോളം നല്‍കുകയായിരുന്നു. ട്വിറ്ററില്‍ പ്രേ ഫോര്‍ നേസമണി എന്ന ഹാഷ് ടാഗ് അടുത്തിടെ ട്രെൻഡിങ്ങായിരുന്നു. തമിഴ് ഫ്രണ്ട്‌സിലെ വടിവേലു അവതരിപ്പിച്ച കോണ്‍ട്രാക്റ്റര്‍ നേസമണിയുടെ തലയില്‍ ചുറ്റിക വന്നു വീഴുന്നതും അതിടോനടനുബന്ധിച്ചുള്ള കോമഡി രംഗങ്ങളും ട്വിറ്റര്‍ ഏറ്റെടുക്കുകയായിരുന്നു.


ട്വിറ്ററിലെ ട്രെന്‍ഡിങ്ങ് ഹിറ്റായിരുന്നു ആ രംഗം. റിലീസ് ചെയ്ത് 11 വര്‍ഷത്തിനു ശേഷമായിരുന്നു നെറ്റിസണ്‍സ് രംഗം ട്വിറ്ററില്‍ ഉത്സവമാക്കിയത്. ചുറ്റികയുടെ ചിത്രം കാണിച്ചു നിങ്ങളുടെ നാട്ടില്‍ ഇതിനെന്തുപറയും എന്ന ചോദിച്ച അന്യനാട്ടുകാരനോടു നേസമണിയുടെ തലയില്‍ അടിച്ച വസ്തുവെന്നാണ് അയാള്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇതുകേള്‍ക്കേണ്ട താമസം നേസമണിയുടെ ആരാധകര്‍ അതങ്ങ് ട്രെന്‍ഡിങ്ങാക്കി. ആ രംഗങ്ങളുടെ ട്വീറ്റും റീ ട്വീറ്റും ഷെയറിംഗും കമന്റിങ്ങുമായിരുന്നു ദിവസങ്ങളോളം ട്വിറ്ററില്‍ കണ്ടത്.

സംഭവം കത്തിപ്പടര്‍ന്നതോടെ മീഡിയാക്കാര്‍ വടിവേലുവിന്റെ ബൈറ്റ് തേടി വടി ചുറ്റുംകൂടി. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന വടിവേലു ഇതെല്ലാം കണ്ടു ചോദിച്ചത് ചുറ്റുംനടക്കത് എന്നപ്പാ എന്നതായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം സിദ്ദീഖിനെക്കുറിച്ച് വാചാലനാകുകയായിരുന്നു. സിദ്ദീഖിന്റെ കോമഡി ടൈമിംഗിനെക്കുറിച്ചു തമിഴിലെ കോമഡി രാജാവായ വടിവേലുവിനു പറയാനേ നേരമുണ്ടായിരുന്നുള്ളു.

നടന്‍ വിജയിക്ക് വന്‍ഹിറ്റ് തന്നെ നല്‍കിയ ചിത്രമായ ഫ്രണ്ട്‌സ് മലയാളത്തിലെ അതേപേരിലെ റീമേക്ക് തന്നെയായിരുന്നു. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴും വീട്ടിലെത്തുമ്പോഴും ആ രംഗങ്ങള്‍ ഓര്‍ത്തു വിജയ് ചിരിക്കാറുണ്ടായിരുന്നു. വിജയിക്ക് പ്രിയപ്പെട്ട കോമഡി രംഗങ്ങളായിരുന്നു ചിത്രത്തിലേത്. വടിവേലുവിന്റെ ഏറ്റവും മികച്ച കോമഡി കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ കൊണ്ടാടുന്നതും കോണ്‍ട്രാക്ടര്‍ നേസമണിയായിരിക്കും. അതുകൊണ്ടുതന്നെ കഥാപാത്രത്തെ സൃഷ്ടിച്ച സിദ്ദീഖിനോടു വടിവേലുവിനും തമിഴ് പ്രേക്ഷകര്‍ക്കും അത്രമേല്‍ കടപ്പാടുണ്ടാകും.


സിദ്ദീഖ് ലാലിന്റെ പ്രഥമചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. റിലീസിംഗ് സമയത്ത് അധികം ആളില്ലാതിരുന്ന പ്രദര്‍ശനം പിന്നീട് വന്‍ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. തുടര്‍ന്നു ഹിന്ദിയില്‍ പ്രിയദര്‍ശന്‍ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, താബു എന്നിവരെ വച്ചു ഹേരാ ഫേരി എന്ന പേരില്‍ റീമേക്ക് ചെയ്യുകയായിരുന്നു. അവിടെയും ചിത്രം വന്‍വിജയമായി. മലയാളത്തില്‍ മുകേഷ്, സായി കുമാര്‍, രേഖ എന്നിവരായിരുന്നു താരങ്ങള്‍. സോഷ്യല്‍മീഡിയ സജീവമായപ്പോള്‍ ബോളിവുഡില്‍ നിറയെ കോമഡി ചിത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും മീമുകള്‍ക്കു ടൂളുകളായത് ഹേരാ ഫേരിയിലെ രംഗങ്ങളായിരുന്നു. ചിത്രം റിലീസായി വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൈബറിടങ്ങളില്‍ കോമഡി രംഗങ്ങള്‍ പ്രകമ്പനമായത്.

സ്റ്റിക്കര്‍, ജിഫ്, മീം, ട്രോള്‍ എന്നിവയിലെല്ലാം ഹേരി ഫേരിയിലെ അക്ഷയ് കുമാറിന്റെ രാജുവും സുനില്‍ ഷെട്ടിയുടെ ശ്യാമും പരേഷ് റാവലിന്റെ ബാബുറാമും നിറഞ്ഞുനിന്നു. ചിത്രം റിലീസായത് 2000 മാര്‍ച്ച് 31നായിരുന്നു. ചിത്രം ഒരുക്കുമ്പോള്‍ ഈ രംഗങ്ങള്‍ ഇത്രയും ക്ലാസിക് രംഗങ്ങളാകുമെന്നു കരുതിയില്ലെന്നു അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും പിന്നീട് വെളിപ്പെത്തിയിരുന്നു. ചിത്രത്തെ ഇപ്പോഴും ബോളിവുഡിലെ ഗോട്ട്, ഐക്കോണിക്, എപ്പിക് കോമഡി മൂവിയെന്നാണ് നെറ്റിസണ്‍സ് വിശേഷിപ്പിക്കുന്നത്. അക്ഷയ് കുമാറിന്റെ താരസിംഹാസനം ഊട്ടിയുറപ്പിച്ച ചിത്രം, കരിയറില്‍ വന്‍വഴിത്തിരിവ് നല്‍കിയ സിനിമ എന്നിവയെല്ലാമായിരുന്നു ഹേര ഫേരി. റാംജിറാവുവിന്റെ കോമഡി രംഗങ്ങള്‍ ഉരുക്കിയെടുത്ത ലോഡ്ജിലെ വിശേഷങ്ങളും അന്നത്തെ കഷ്ടപ്പാടുകളും സിദ്ദീഖ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ സൈബര്‍ ഇടങ്ങളില്‍ വൻ കോമഡി ചിത്രമാകുമെന്നു ചിത്രീകരണസമയത്തോ റിലീസിംഗ് സമയത്തോ കരുതിയിട്ടുണ്ടാവില്ല. ബോളിവുഡ് മീഡിയകളില്‍ സിദ്ദീഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞപ്പോഴും ഹേരാ ഫേരിയുടെ കഥാതന്തുവും കോമഡി രംഗങ്ങളും നല്‍കിയ സൃഷ്ടികര്‍ത്താവിനെക്കുറിച്ചോ പറയുന്നത് അധികം ഇടങ്ങളില്‍ കണ്ടതുമില്ല.

മലയാളികള്‍ക്കു കാലങ്ങളോളം പൊട്ടിച്ചിരിക്കാന്‍ സിനിമകളും കഥാപാത്രങ്ങളും ഡയലോഗുകളും കൈനിറയെ നല്‍കിയ ചിരിയുടെ കോണ്‍ട്രാക്ടര്‍ വിടവാങ്ങുമ്പോള്‍ കോമഡിചിത്രങ്ങളുടെ ഒരു കാലഘട്ടം തന്നെ അവസാനിക്കുകയാണ്. ഇപ്പോഴും സൈബര്‍ ഇടങ്ങളില്‍ കോണ്‍ട്രാക്ടര്‍ നേസമണിയും രാജുവും ശ്യാമും ബാബുറാമും തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്.

Tags:    
News Summary - Siddique, the 'creator' of trending memes in Bollywood and Kollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.