കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും ധീര രക്തസാക്ഷിയുമായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ജീവിതം ആസ്പദമാക്കി ഹ്രസ്വചിത്രം നിർമിച്ച് വാരിയൻ കുന്നന്റെ കുടുംബം.
കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബമായ ചക്കിപ്പറമ്പൻ നിർമിച്ച ‘മലബാർ സിംഹം വാരിയൻ കുന്നൻ’ എന്ന ഹ്രസ്വചിത്രമാണ് പുറത്തിറങ്ങിയത്. ഡോക്യുമെന്ററി, ഷോർട്ട് ഫിലിം സംവിധായകൻ ഫൈസൽ ഹുസൈൻ ആണ് ചിത്രം ഒരുക്കിയത്.
സത്യസന്ധമായ ചരിത്രരേഖയുടെ അടിസ്ഥാനത്തിൽ ചരിത്രപണ്ഡിതരുടെ പിന്തുണയോടെയാണ് ചിത്രം നിർമിച്ചതെന്ന് അണിയറപ്രവർത്തകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഗ്രന്ഥകാരനും ചരിത്രഗവേഷകനുമായ ജാഫർ ഈരാറ്റുപേട്ടയാണ് തിരക്കഥ ഒരുക്കിയത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ രൂക്ഷമായ സൈബർ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പ്രബീഷ് ലിൻസി ആണ് കാമറ. സിബു സുകുമാരനാണ് സംഗീത സംവിധാനം. ഗാനം ബാപ്പു വാവാട്. സിനിമ-നാടക നടൻ കുമാർ സുനിലാണ് വാരിയൻ കുന്നനായി വേഷമിടുന്നത്. നൂറോളം കലാകാരന്മാർ ഭാഗമായ ചിത്രം വയനാട്, ആനക്കാംപൊയിൽ, പൊറ്റശ്ശേരി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
യൂട്യൂബ് ചാനലായ ഓറഞ്ച് മീഡിയയാണ് ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നത്. വാർത്തസമ്മേളനത്തിൽ സംവിധായകൻ ഫൈസൽ ഹുസൈൻ, ഗാനരചയിതാവ് ബാപ്പു വാവാട്, പ്രഫ. രാജശേഖർ, സുഹാസ് ലാംഡ, റിഷാദ് മുഹമ്മദ്, മുക്കം വിജയൻ, അക്കു അക്ബർ എന്നിവർ പങ്കെടുത്തു.
ഹ്രസ്വചിത്രം കാണാൻ ഈ ലിങ്ക് സന്ദർശിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.