ബാക്കിയാകുന്ന ശബ്ദങ്ങളുടെ കപ്പല്‍ -‘വർഷിപ്പ്’ റിവ്യൂ

ബാക്കിയാകുന്ന ശബ്ദങ്ങളുടെ കപ്പല്‍ -‘വർഷിപ്പ്’ റിവ്യൂ

മനുഷ്യ ജീവിതത്തിന്‍റെ സമാധാനപരമായ തുലനത്തെ ബാധിക്കുന്നവയെല്ലാം അസ്വാഭാവികങ്ങളാണ്. അധികാര കൈമാറ്റവും ശക്തിപ്രയോഗവും ദേശീയതയും മുഖങ്ങളായി നില്‍ക്കുമ്പോഴും യുദ്ധമെന്നത് എന്നും ഈ തുലനഭംഗത്തെ നിര്‍ണയിച്ചിട്ടുണ്ട്. അസമാധാനത്തിന്‍റെയും അരക്ഷിതത്വത്തിന്‍റെയും ബാക്കിപത്രമായി ഓരോ യുദ്ധാനന്തര നഗരങ്ങളും നമുക്ക് മുന്നില്‍ സാക്ഷ്യം പറയുന്നു.

മനുഷ്യാവസ്ഥയെ ഭൗതികയും ആന്തരീകവുമായും ബാധിക്കുന്ന, തലമുറകളെ തന്നെ ശേഷി രാഹിത്യത്തിലേക്ക് തള്ളിയിടുന്ന യുദ്ധം എന്ന യഥാര്‍ത്ഥ്യം സിനിമയുടെ നാള്‍വഴികളിലെല്ലാം തന്നെ പാത്രമായിട്ടുണ്ട്. യുദ്ധവും കെടുതികളും അതിന്‍റെ പിന്‍പറ്റലായി ഉണ്ടാകുന്ന നൈരാശ്യങ്ങളും ചലച്ചിത്രകാരന്മാര്‍ പ്രമേയമാക്കുകയും തീവ്രത ചോരാതെ അനുഭവിപ്പിക്കുകയും ചെയ്ത ചരിത്രം നമുക്കു മുന്നിലുണ്ട്. മനുഷ്യ വൈര്യത്തിന്‍റെ മൂര്‍ത്തഭാവങ്ങള്‍ തോക്കിന്‍ കുഴലുകളില്‍ നിന്നും വെന്തെരിയുന്ന നിര്‍മ്മിതകളില്‍ നിന്നും പൊട്ടിപ്പുറപ്പെടുമ്പോള്‍ നൂറ്റാണ്ടുകളുടെ പ്രത്യാഘാതങ്ങളിലേക്ക് തുറന്നിടുന്നത് ആലംബമില്ലായ്മയുടെ നരകമാണെന്ന് കലാ സൃഷ്ടികള്‍ അടിവരയിടുന്നു. സാമൂഹികമായ കലാസൃഷ്ടികള്‍ ഇത്തരം ആശയാദര്‍ശങ്ങളുടെ വിവേകത്തെ നിരന്തരം ആവാഹിക്കുന്നുണ്ടെന്നും പറയാം. അത്തരം നിര്‍മ്മിതികളുടെ ഗണത്തിലേക്കാണ് ബിജു പുതുപ്പണം രചനയും സംവിധാനവും നിര്‍വഹിച്ച ‘വർഷിപ്പ്’ (Worship) എന്ന ഹ്രസ്വചിത്രം നങ്കൂരമിടുന്നത്.


ഏകാന്തതയുടെ കടല്‍പ്പരപ്പുകളില്‍, തിരമാല ശബ്ദങ്ങളുടെ ക്രമത്തിനു നടുവിലാകുമ്പോള്‍ ആര്‍ത്തലച്ചെത്തുന്ന യുദ്ധ സ്മരണകളുടെ അവശേഷിപ്പായ് ‘വർഷിപ്പ്’ നമ്മളില്‍ പ്രവര്‍ത്തിക്കുന്നു. വര്‍ഷിപ്പെന്നാല്‍ ആരാധനയെന്നായ് നിലനില്‍ക്കെ തന്നെ അതിന്‍റെ മൂര്‍ച്ഛയായ അന്ധതയിലേക്കും ലഹരിയിലേക്കും ആ വാക്കിനെ പറിച്ചു നടുന്നുണ്ട് സംവിധായകന്‍. അത് ഏതിനോടുമുള്ള ആരാധനയോ ലഹരിയോ ആകാം. യുദ്ധത്തോട്, കലഹങ്ങളോട്, നരഹത്യകളോട്, സങ്കുചിതമയ ചിന്താപദ്ധതികളോട് തുടങ്ങി എന്തിനോടും അവയെ ചേര്‍ത്തു വെക്കാം. വര്‍ഷിപ്പിലെ നായകന്‍ പ്രപഞ്ച ശബ്ദങ്ങളുടെ ആരാധകനാണ്. വൈവിധ്യ പൂര്‍ണമായ പ്രപഞ്ചത്തിന്‍റെ അനന്യമായ ശബ്ദങ്ങളോട് അഭിനിവേശം പുലര്‍ത്തുകയും അവയുടെ സൗന്ദര്യം ഒപ്പിയെടുത്ത് ശേഖരിക്കാന്‍ ഏത് സാഹസികതയ്ക്കും മുതിരുകയും ചെയ്യുന്ന ആ ആരാധകന്‍റെ മാനസിക സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നിടത്ത് കഥ അര്‍ത്ഥത്തെ പ്രാപിച്ചു തുടങ്ങുന്നു. കോടാനുകോടി ശബ്ദങ്ങളാല്‍ സമ്പന്നമായ നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിന്‍റെ സൂക്ഷ്മ സൗന്ദര്യം അനുഭവേദ്യമാകും വിധം ആദ്യ രംഗങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ സംവിധായകന്‍ കാണിച്ച ജാഗ്രത എടുത്തു പറയേണ്ടതാണ്.

ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ ശബ്ദരൂപത്തില്‍ ഒപ്പിയെടുക്കാനുള്ള മൈക്രോഫോണുമായി അഭിനിവേശം ഉള്‍ക്കൊണ്ട ഒരു ഉന്മാദിയെപ്പോലെ നായകന്‍ അതി വിജനമായ ഒരു കടൽതീരത്ത് എത്തുന്നു. കാര്‍മേഘ കാലുഷ്യങ്ങളുടെ കലക്കം തിങ്ങിയ ആകാശത്തിനു താഴെ മഴക്കുതിപ്പില്‍ ആര്‍ത്തലയ്ക്കുന്ന തിരമാല ശബ്ദങ്ങള്‍ ആ ശബ്ദവേട്ടക്കാരന്‍ മൈക്രോഫോണിലും തലച്ചോറിലും ശേഖരിച്ചു വെക്കുന്നു. സ്ഥിതിപോലെയും കഥാപാത്രത്തിന്‍റെ ആന്തരിക സംഘര്‍ഷം പോലെയും അന്തരീക്ഷത്തില്‍ പടര്‍ന്ന അസുഖകരമായ ഈര്‍പ്പം പ്രേക്ഷകനും അതേ തോതില്‍ അനുഭവിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. തലച്ചോറിലും ഓര്‍മ്മകളിലും അടിഞ്ഞുകൂടിയ യുദ്ധസ്മരകളുടെ അലകള്‍ അസുഖകരമാം വിധം നായകന്‍റെ കേള്‍വി പരിസരത്തെ വലയം പ്രാപിക്കുന്നു. ചോരയിറ്റുന്ന, ഹിംസ നിലവിളിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് അയാള്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മനുഷ്യ നീചതയുടെയും വേലിപൊളിച്ചെത്തുന്ന ക്രൗര്യത്തിന്‍റെയും ബാക്കിപത്രങ്ങളില്‍നിന്ന് വിടുതല്‍ നേടാന്‍ അയാള്‍ക്കു കഴിയുന്നില്ല. അത് കേവലം നായകന്‍റെ മാത്രം മാനസിക നിലയുടെ പ്രശ്നമല്ല. മറിച്ച് ഉള്ളില്‍ കരുണയവശേഷിക്കുന്ന എല്ലാമനുഷ്യരുടേയും ഏകാന്ത സ്ഥലികളെ നിശബ്ദമാക്കാന്‍ പോകുന്ന ചങ്ങലക്കെട്ടായ് വര്‍ഷിപ്പിനെയും അതിന്‍റെ തുരുമ്പിച്ച അസ്ഥികൂടത്തെയും ചലച്ചിത്രകാരന്‍ അവതരിപ്പിക്കുന്നു.

 ‘വർഷിപ്പ്’ സാങ്കേതിക പ്രവർത്തകർ

യുദ്ധകാഥാഖ്യാനത്തെ എങ്ങനെ ഇമേജുകള്‍ വഴി സംവദിപ്പിക്കാം എന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണമായ് തന്നെ വര്‍ഷിപ്പിനെ കാണാം. ലോകസിനിമാ ഭൂപടം പരിശോധിച്ചാല്‍ രണ്ട് വിധത്തില്‍ സംവിധായകര്‍ യുദ്ധ സിനിമകളെ ആവിഷ്കരിച്ചിട്ടുണ്ട്. യുദ്ധം എന്ന പ്രക്രിയയുടെ നേര്‍ക്കാഴ്ചയെന്ന വിധം യുദ്ധരംഗങ്ങളാല്‍ നിറഞ്ഞ ആവിഷ്കാര സാധ്യത ഒരു വശത്ത് ജനകീയമായി നിലനില്‍ക്കുമ്പോള്‍ യുദ്ധാനന്തര ജീവിതത്തിന്‍റെ അരക്ഷിതാവസ്ഥകളെയും തലമുറകളുടെ അസംതൃപ്തിയും ചിലര്‍ വിഷയമാക്കുന്നു. യുദ്ധ ഭീകരതയുടെ ദൂര വ്യാപകമായ അവസ്ഥയെ പ്രതിഫലിപ്പിക്കാന്‍ അൽപംകൂടി ഉതകുന്നത് രണ്ടാമത് പരാമര്‍ശിച്ച വിനിമയോപാധിയാണെന്നിരിക്കെ അതിന്‍റെ തന്നെ മറ്റൊരു തലം അനുഭവേദ്യമാക്കാന്‍ ‘വര്‍ഷിപ്പ്’ ശ്രമിക്കുന്നു എന്നത് കാഴ്ചപ്പാടിന്‍റെ നിലവാരത്തെ സൂചിപ്പിക്കുന്നുണ്ട്.

മനുഷ്യാദര്‍ശങ്ങള്‍ ഉരുവം ചെയ്തതു മുതല്‍ പിന്‍പറ്റലുകളും ആരാധനകളും അന്ധതകളും ഉണ്ടായിട്ടുണ്ട്. തീവ്രതയനുസരിച്ച് ഇവയെല്ലാം സമൂഹത്തില്‍ ഗുണപരമായും അല്ലാതെയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ആരാധനയുടേയും അതിന്‍റെ മൂര്‍ത്ത രൂപമായ അന്ധതയുടേയും പാളി വളരെ നേര്‍ത്തതായതുകൊണ്ട് അവയെ പലപ്പോഴും നമ്മള്‍ ഒരു നുകത്തില്‍ കെട്ടാറുണ്ട്. ആ സവിശേഷ സാഹചര്യത്തെയാണ് വര്‍ഷിപ്പ് അഭിസംബോധന ചെയ്യുന്നത്.

യുദ്ധ സ്മൃതിയുടെ ശേഷിപ്പായ് കിടക്കുന്ന കപ്പല്‍ അവശിഷ്ടങ്ങളും കരയിലേക്ക് പടരുന്ന തുരുമ്പിച്ച ചങ്ങലകളും വരച്ചു മുഴുമിക്കാത്ത ചിത്രങ്ങളുടെ പുസ്തകളും ചെറുതായൊന്നുമല്ല പ്രേക്ഷകനെ ഉലയ്ക്കുക.

ഹ്രസ്വ ചിത്രം സാങ്കേതികമായും മികവു പുലര്‍ത്തുന്നു എന്ന് പറയാതെ വയ്യ. ശബ്ദ സന്നിവേശവും തിരഞ്ഞെടുത്തിരിക്കുന്ന ഇടങ്ങളും ലോകോത്തരമായി ഒരുക്കിയ ഫ്രയിമുകളും ആസ്വാദത്തില്‍ വലിയ ഗുണം ചെയ്യുന്നു.

പറഞ്ഞു വെക്കുന്ന ആശയം കൊണ്ടും, സംവദിക്കുന്ന ആദര്‍ശം കൊണ്ടും, സാങ്കേതികമായ മികവു കൊണ്ടും ബിജു പുതുപ്പണത്തിന്‍റെ 'വര്‍ഷിപ്പ്' ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഹൃസ്വ ചിത്രമായ് നമുക്കു മുന്നില്‍ അവതരിക്കുന്നു.

വരയ്ക്കാന്‍ വിട്ടു പോയ പൂക്കളുടെ ബാക്കിയും മിച്ചമായ ശബ്ദങ്ങളും നമ്മുടെ ലോക ബോധത്തിനും ആക്രോശങ്ങള്‍ക്കും നേരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

ബിജു പുതുപ്പണം, അഖിൽ വി

‘കാന്താര’ ഉൾപ്പെടെ നിരവധി സിനിമകൾക്കും സോണി ലിവ്, ആമസോൺ, കൊച്ചു ടിവി തുടങ്ങിയവയിൽ സീരീസുകൾക്കും കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ അഖിൽ വി. ആണ് 15 മിനിറ്റ് വരുന്ന ഈ കൊച്ചു സിനിമയിലെ ഒറ്റയാൾ കഥാ മാത്രമായി നിറഞ്ഞു നിൽക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കൊറോണ എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചതിന് മൂന്ന് പ്രാവശ്യം ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചു. ഇപ്പോൾ ഏഷ്യനെറ്റ് മിഡിൽ ഈസ്റ്റ്, സ്റ്റാർ പ്ലസ് തുടങ്ങിയ ചാനലുകൾക്കും മറ്റു മീഡിയ പ്രൊഡക്ഷൻ കമ്പനികൾക്കും വേണ്ടി ഫ്രീലാൻസ് എഡിറ്റർ ആയും സൗണ്ട് ഡിസൈനർ ആയും വോയ്സ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചു വരുന്ന അഖിൽ തന്നെയാണ് ഇതിന്റെ എഡിറ്റിങ് നിർവഹിച്ചത്.

പ്രവീൺ പ്രിൻസ്

റിലയൻസ് മുംബയിൽ വോയിസ്‌ ആർടിസ്റ്റ് ആയി ജോലിചെയ്യുന്ന ആരിഫ സബിയാണ് നിർമ്മാണം. കടലിന്റെ ചലനവും മൗനവും ഒരു തുള്ളി പുറത്തുപോവാതെ പകർത്തിയെടുത്ത രമേശ്‌ കെ.ടിയാണ് ക്യാമറ ചലിപ്പിച്ചത്. ശബ്ദത്തിനും നിശബ്ദതയ്ക്കും ഏറെ പ്രാധാന്യമുള്ള സിനിമയുടെ സൗണ്ട് ഡിസൈൻ രതീഷ് നന്തിയോടും, ബിപിൻ അശോക് മ്യൂസിക്കും നിർവഹിച്ചു. ഇതിനിടെ നിരവധി മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഉടൻ യുട്യൂബ് ചാനലിൽ റിലീസാവുമെന്ന് പ്രതീക്ഷിക്കാം.

Tags:    
News Summary - Worship malayalam short film review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.