കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പോരാളിയും വിപ്ലവ നായികയുമായ സഖാവ് നാരായണിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി മിഥുൻ മനോഹർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് 'സഖാവ് നാരായണി'. കേരള സമര ചരിത്രത്തിലെ സ്ത്രീപക്ഷ പോരാളിയായ സഖാവ് നാരായണിയുടെ ജീവിതത്തെ കേന്ദ്രമാക്കി ചെയ്തിരിക്കുന്ന ചിത്രത്തിൽ നാരായണിയുടെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് കഥ മുൻപോട്ട് സഞ്ചരിക്കുന്നത്. സഖാവ് നാരായണിയുടെ വാർദ്ധക്യത്തിൽ നിന്നാണ് ചിത്രം കഥ പറയുന്നത്. ഡോക്യുഫിക്ഷൻ രീതിയിൽ തയ്യാറാക്കിയ തിരക്കഥയിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ തന്റെ സമരകാലത്തെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുന്ന നാരായണിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
അഞ്ചരക്കണ്ടി രാഘവൻ എന്ന പൊലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ആ കേസിൽ ഒന്നാം പ്രതിയാകേണ്ടി വന്ന നാരായണി പറയുന്ന തന്റെ കഥയിൽ നിന്നും ചിത്രം ഫ്ലാഷ് ബാക്കിലേക്ക് പോവുകയാണ്. സഖാവ് വർഗീസിനെ വെടി വെച്ച് കൊന്ന ദിവസത്തിൽ തന്റെ അമ്മ വീട്ടിൽ നിന്നും വേല കഴിഞ്ഞ് തിരികെ വരികയായിരുന്ന സഖാവ് നാരായണിയെ പൊലീസുകാർ പിടിച്ചുകൊണ്ട് പോയി കക്കയം ക്യാമ്പിലെ ഇടിമുറിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങളിൽ നിന്നാണ് ഫ്ലാഷ്ബാക്ക് തുടങ്ങുന്നത്. തുടർന്നു നാരായണിക്ക് അവിടെ ഏൽക്കേണ്ടിവരുന്നത് ക്രൂര മർദ്ദനങ്ങളാണ്. സ്ത്രീയാണെന്ന പരിഗണന പോലുമില്ലാതെ അതിഗുരുതരമായ പീഡനങ്ങൾ അവർക്കേൽക്കേണ്ടി വരുന്നു. തുടർന്നവിടെ വെച്ചുണ്ടാകുന്ന പൊലീസ് ഉദ്യോഗസ്ഥൻ അഞ്ചരക്കണ്ടി രാഘവന്റെ മരണവും അതേ തുടർന്ന് ആ മരണത്തിന്മേലുള്ള കുറ്റം ചാർത്തപ്പെട്ട നാരായണിയുടെ ജീവിതവും പറയുമ്പോൾ തന്റെ നീതിക്കായി നാരായണി നടത്തുന്ന നിയമപോരാട്ടമൊക്കെ പരോക്ഷമായി ചിത്രം പറയുന്നുമുണ്ട്. ആ കൊലക്കേസിനെ കുറിച്ചുള്ള സത്യാവസ്ഥ തന്നെയാണ് ഈ ഹ്രസ്വ ചിത്രം പറയാൻ ശ്രമിക്കുന്നതും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സ്ത്രീപ്രാതിനിധ്യം മാത്രമല്ല നിയമവാഴ്ചയോടുള്ള സ്ത്രീ പ്രതിനിധികളുടെ മനോഭാവം വരെയും ചിത്രം വിശദീകരിക്കുന്നു. അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിഷ്ഠൂര പൊലീസ് മർദനവും നേരിടേണ്ടിവന്ന നാരായണിയുടെ ജീവിതകഥ സംവിധായകൻ വ്യക്തമായ പഠനത്തിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലെത്തിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഇന്നത്തെ കാലത്ത് മാത്രമല്ല എക്കാലത്തും പ്രസക്തമായ വിഷയം തന്നെയാണ് ചിത്രം പറയുന്നത്.
നാരായണിയുടെ ജീവിതത്തിനു സംവിധായകൻ ദൃശ്യഭാഷ നൽകുമ്പോൾ, ദിവ്യശ്രീയുടെ കഥയ്ക്ക് സംവിധായകൻ മിഥുൻ മനോഹർ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പ്രസൂദ, ആർ.കെ. താനൂർ, അഭിരാമി രാംലാൽ, പോൾവലപ്പാട്, തഹസീം, ഷലിൽ വലപ്പാട് തുടങ്ങിയവരാണ് അഭിനേതാക്കൾ. അണിയറപ്രവർത്തകർ: അവതരണം - ചിത്രരശ്മി പ്രൊഡക്ഷൻസ്, സഹ സംവിധാനം - കൃഷ്ണ മനോഹർ, ഡി.ഒ.പി - രമേശ് പരപ്പനങ്ങാടി, ആർട്ട് - ഉണ്ണി ഉഗ്രപുരം, മേക്കപ്പ് - രാജരാജേശ്വരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മനു പാണ്ഡമംഗലം, ലൊക്കേഷൻ മാനേജർ - സാദത്ത് താനൂർ, ഗാനരചന - ഉണ്ണി കടങ്ങോട്, സംഗീതം - ശിവദാസ് വാര്യർ, പി.ആർ.ഒ - സമദ് കല്ലിക്കോട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.