ഇത് അതിരുകൾ മായ്ക്കുന്ന സിനിമകളുടെ കാലം -ഹ്യൂഗോ വാലസ്

നാജി: കോവിഡാനന്തരകാലം സിനിമകളുടെ വ്യാകരണവും അതിരുകളും മാറ്റി വരച്ചുവെന്നും കഥ പറയാൻ നിങ്ങൾക്കാവുമെങ്കിൽ അത് ലോകം മുഴുവൻ കാണുമെന്നും വിഖ്യാത ഹോളിവുഡ് നടൻ ഹ്യൂഗോ വാലസ് വീവിങ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ താൻ മുഖ്യ വേഷമിട്ട ട്രേലിയൻ സിനിമ റൂസ്റ്ററിന്റെ പ്രദർശനത്തിന് ശേഷം ലഭിച്ച ഹ്രസ്വ ഇടവേളയിൽ മാാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രിക്സ് പോലുള്ള വമ്പൻ ഹോളിവുഡ് സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകമെമ്പാടും ആരാധകരുള്ള നടനെന്ന താര ജാഡകളൊന്നുമില്ലാതെയാണ് ഹ്യൂഗോ വാലസ് സംസാരിച്ചത്. സിനിമയുടെ സമസ്ത മേഖലകളിലും പൊളിച്ചെഴുത്ത് നടന്ന വർഷങ്ങളാണ് കടന്നു പോയതെന്ന് അദ്ദേഹം പറഞ്ഞു. വലിയ തിരശ്ശീലയിൽ നിന്ന് മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലേക്കും ഒ.ടി.ടി പോലുള്ള പ്ലാറ്റ് ഫോമിലേക്കുമൊക്കെ നമ്മുടെ ആസ്വാദന രീതികൾ മാറി. വമ്പൻ മുടക്കു മുതലിൽ സിനിമ നിർമിക്കുക എന്നത് വലിയ വെല്ലുവിളിയാണിപ്പോൾ. കണ്ണ് ചിമ്മുന്ന വേഗത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. വൻ മുടക്കു മുതൽ ഒഴുകുന്ന വ്യവസായം എന്ന നിലയിൽ വലിയ പ്രതിസന്ധികൾ സിനിമ നേരിടുന്നുണ്ട്. -അദ്ദേഹം പറഞ്ഞു. 

 

ഇതൊക്കെയാണെങ്കിലും നല്ല കഥകൾക്ക് പ്രേക്ഷകരുണ്ടാവും. ഏത് പ്ലാറ്റ്ഫോം എന്നത് അപ്രസക്തമാണ്. ഭാഷയുടെ വരമ്പുകളോ കള്ളികളോ ഇല്ല എന്നതാണ് പുതിയ കാലത്തിന്റെ സവിശേഷത. ഹോളിവുഡിൽ വമ്പൻ സിനിമകളുടെ ഭാഗമാകുമ്പോഴും ആസ്ട്രേലിയയിൽ സമാന്തര സിനിമകളിലാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. അത്തരമൊരു കൊച്ചു സിനിമയുമായാണ് എത്തിയിരിക്കുന്നത്. സിനിമയുടെ സംവിധായകനും നിർമാതാവുമൊക്കെ കൂടെയുണ്ട്. ചെലവ് കുറക്കാൻ ഒന്നിച്ച് ഉണ്ടും ഉറങ്ങിയുമായാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ലേഖകൻ ഹ്യൂഗോ വാലസിനൊപ്പം

  സിനിമയുടെ അതിജീവനത്തിന് നടപ്പു ശീലങ്ങൾ നമ്മൾ ഉപേക്ഷിക്കേണ്ടി വരും. ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡായിരുന്നു അടുത്ത കാലം വരെ. എന്നാൽ കഴിവുള്ളവർ പുതിയ സാങ്കേതിക സങ്കേതങ്ങളുടെ സഹായത്തോടെ വിവിധ പ്രാദേശിക ഭാഷകളിൽ വിസ്മയിപ്പിക്കുന്ന സിനിമകളുമായി വരുന്നു. പാൻ ഇന്ത്യ സിനിമകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാഴ്ചക്കാരെ നേടിക്കൊണ്ടിരിക്കുന്നു. ആസ്ട്രേലിയയിലും ഇന്ത്യൻ സിനിമകൾക്ക് പ്രേക്ഷകർ ഏറിയിട്ടുണ്ട്. അവർക്കു മുന്നിൽ ഭാഷയുടെ വേലിക്കെട്ടുകൾ ഇപ്പോഴില്ല. ത്രസിപ്പിക്കുന്ന സിനിമകളുടെ ഒഴുക്കാണ് എല്ലായിടത്തും ദൃശ്യമാവുന്നത്. അവസരം ഒത്തുവന്നാൽ ഇന്ത്യൻ സിനിമയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - This is the era of boundary pushing films says Hugo Wallace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.