ഗുരുവായൂർ: അസുഖം മൂലമുള്ള വിശ്രമത്തിന്റെ ചെറിയ ഇടവേളക്ക് ശേഷം ഗുരുവായൂരിലെത്തിയ പി. ജയചന്ദ്രൻ വീണ്ടും മനസ് തുറന്ന് പാടി -‘‘ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, അവിടത്തെ ശംഖമാണെന്റെ കണ്ഠം’’. ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് ജയചന്ദ്രൻ ഇത് പാടുമ്പോൾ ’കാളിന്ദി പോലെ’ ഗുരുവായൂരിലേക്ക് ജനപ്രവാഹം തുടരുകയായിരുന്നു.
ഇടവേള കഴിഞ്ഞ് രണ്ട് മാസം മുമ്പ് പാടാനായി വീണ്ടും സ്റ്റുഡിയോയിലെത്തിയപ്പോൾ ജയചന്ദ്രൻ പ്രകടിപ്പിച്ച ആഗ്രഹം ഇതായിരുന്നു -’’വൈകാതെ ഗുരുവായൂരിൽ ദർശനം നടത്തണം. ഭഗവാനെക്കുറിച്ച് പാടണം’’. ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലിയുടെ ഭാഗമായ ‘സംഗീതവും ലയവും’ ദേശീയ സെമിനാറിന്റെ ഉദ്ഘാടകനായാണ് ഭാവഗായകൻ വീണ്ടും ഗുരുവായൂരപ്പ സന്നിധിയിലെത്തിയത്.
കുട്ടിക്കാലത്ത് അമ്മ സുഭദ്രക്കുഞ്ഞമ്മ മകന്റെ ശബ്ദമെന്നും നിലനിൽക്കാൻ ഗുരുവായൂരപ്പന് വെള്ളി ഓടക്കുഴൽ വഴിപാടായി സമർപ്പിച്ചിരുന്നു. രോഗമുക്തിക്കായി മേൽപുത്തൂർ ഭട്ടതിരിപ്പാട് എഴുതിയെന്ന് വിശ്വസിക്കുന്ന നാരായണീയം ഭക്തകാവ്യത്തിെൻറ സ്മരണക്കായുള്ള നാരായണീയം ഹാളായിരുന്നു രോഗമുക്തനായെത്തിയ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന സെമിനാർ വേദി. യേശുദാസിന് കർണാടക സംഗീതത്തിലേക്ക് വാതിൽ തുറന്ന് നൽകിയത് ചെമ്പൈ ആയിരുന്നെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് ജയചന്ദ്രൻ അനുസ്മരിച്ചു. ഹ്രസ്വപ്രസംഗം അവസാനിച്ചതോടെ ആ സംഗീതമാധുരി കേൾക്കണമെന്നായി വേദിയിലും സദസിലുമുള്ളവർ. അപ്പോഴാണ് 1981 ൽ താൻ തന്നെ പാടിയ ‘‘ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം’’ എന്ന് തുടങ്ങുന്ന ഭക്തിഗാനം ജയചന്ദ്രൻ ആലപിച്ചത്.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ സി. മനോജ്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംസാരിച്ചു. ഡോ. അച്യുത് ശങ്കർ എസ്. നായർ, പ്രഫ. പാറശാല രവി എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. ഗുരുവായൂർ കെ. മണികണ്ഠൻ, അമ്പലപ്പുഴ പ്രദീപ് എന്നിവർ മോഡറേറ്റർമാരായി. ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗം ആനയടി പ്രസാദ് സ്വാഗതവും പബ്ലിക്കേഷൻ അസി. മാനേജർ കെ.ജി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ചെമ്പൈ സംഗീതോത്സവം ചൊവ്വാഴ്ച വൈകീട്ട് ആറിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഏകാദശിക്ക് മുന്നോടിയായി ചെമ്പൈ സംഗീതോത്സവം ആരംഭിച്ചതിന്റെ അമ്പതാം വർഷമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.