അച്ഛൻ- മകൾ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഐ വാണ്ട് ടു ടോക്ക്'. അഭിഷേക് ബച്ചൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടുമ്പോൾ ഭാര്യയും നടിയുമായ ഐശ്വര്യ റായ്ക്ക് നന്ദി പറയുകയാണ് അഭിഷേക് ബച്ചൻ. താരങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള കഥകൾ ചർച്ചയാകുമ്പോഴാണ് ഐശ്വര്യക്ക് നന്ദി അറിയിച്ചിരിക്കുന്നത്. വീട്ടിൽ മകളോടൊപ്പം ഐശ്വര്യയുള്ളതുകൊണ്ടാണ് തനിക്ക് പുറത്തുപോയി സിനിമകൾ ചെയ്യാൻ സാധിക്കുന്നതെന്നാണ് അഭിഷേക് പറഞ്ഞത്. ഐശ്വര്യയുടെ പിന്തുണയെക്കുറിച്ച് പറയുന്നതിനൊപ്പം അമ്മ ജയ ബച്ചൻ തങ്ങൾ മക്കൾക്ക് വേണ്ടി ചെയ്ത ത്യാഗത്തെക്കുറിച്ചും ജൂനിയർ ബച്ചൻ വ്യക്തമാക്കി.
' ഞാൻ ജനിച്ചപ്പോഴാണ്എന്റെ അമ്മ ജയ ബച്ചൻ അഭിനയം നിർത്തിയത്. ഞങ്ങൾ മക്കൾക്കൊപ്പം സമയം ചെലവഴിച്ചു.അച്ഛൻ അടുത്തില്ലാത്തതിന്റെ ശൂന്യത ഞങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ചിട്ടില്ല. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുമെന്ന് ഞങ്ങൾ കരുതിയത്.
അതുപോലെ എന്റെ വീട്ടിൽ ഐശ്വര്യയുള്ളതുകൊണ്ടാണ് എനിക്ക് പുറത്തുപോയി സിനിമ ചെയ്യാൻ കഴിയുന്നത്. അത് എന്റെ ഭാഗ്യമാണ്. മകൾ ആരാധ്യക്കൊപ്പം ഐശ്വര്യ വീട്ടിലുണ്ടെന്ന് എനിക്ക് അറിയാം,അതിന് ഐശ്വര്യയോട് ഞാൻ വളരെയധികം നന്ദി പറയുന്നു. പക്ഷേ കുട്ടികൾ അത് അങ്ങനെ നോക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർ നിങ്ങളെ മൂന്നാം വ്യക്തിയായി കാണുന്നില്ല, അവർ നിങ്ങളെ ആദ്യ വ്യക്തിയായി കാണുന്നു.
അച്ഛന്മാർ വ്യത്യസ്തമായ രീതിയിലാണ് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. ഒരു പിതാവ് എല്ലാം വളരെ നിശബ്ദമായിട്ടാണ് ചെയ്യുന്നത്. കാരണം അത് പ്രകടിപ്പിക്കാൻ അവർക്ക് അറിയില്ല. പുരുഷന്മാരുടെ ഒരു പോരായ്മയാണത്. എന്നാൽ പ്രായം കൂടുന്തോറും മക്കൾക്ക് അച്ഛന്മാരെക്കുറിച്ച് മനസിലാകും. അവർ എത്രമാത്രം ദൃഢമായിരുന്നുവെന്ന് കുട്ടികൾ തിരിച്ചറിയും'- അഭിഷേക് ബച്ചൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.