ദോഹ: ദേശീയദിനം ആഘോഷിക്കുന്ന ഖത്തറിലേക്ക് തെക്കൻ അമേരിക്കൻ രാജ്യമായ ഗയാനയിൽനിന്നൊരു വിശേഷപ്പെട്ട സമ്മാനം. മർജാര കുടുംബത്തിൽനിന്ന് വീരശൂര പരാക്രമികളായ രണ്ട് ജാഗ്വറുകളാണ് സമുദ്രവും ഭൂഖണ്ഡങ്ങളും താണ്ടി ഖത്തറിന്റെ മണ്ണിൽ പുതിയ വിരുന്നുകാരായെത്തിയത്. സൗഹൃദ രാജ്യമായ ഗയാന സമ്മാനിച്ച രണ്ട് പുതുമുഖക്കാരെക്കുറിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് സമൂഹമാധ്യമപേജ് വഴി അറിയിച്ചത്.
അൽ ഖോർ പാർക്കിനോടനുബന്ധിച്ചുള്ള മൃഗശാലയിലെത്തിച്ച ഇരുവരെയും കാണാൻ സ്വദേശികളെയും പ്രവാസികളെയും ക്ഷണിക്കുന്നതായും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. ഒരു ആൺ ജാഗ്വറും ഒരു പെൺ ജാഗ്വറുമാണ് ഗയാന ഖത്തറിന് സമ്മാനമായി നൽകിയത്. പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കുകയെന്ന അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഈ കൈമാറ്റം. വംശനാശ ഭീഷണി നേരിടുന്ന വന്യജീവി വർഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് പകരുകയും ഇതുവഴി ലക്ഷ്യമിടുന്നതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ആമസോൺ മഴക്കാടുകളാൽ സജീവമായ തെക്കനമേരിക്കൻ ഭൂപ്രദേശമായ ഗയാന ജാഗ്വറുകൾ ഉൾപ്പെടെ വന്യജീവികളുടെ സാന്നിധ്യത്താലും ശ്രദ്ധേയമാണ്. കാഴ്ചയിൽ പുള്ളിപ്പുലിയെക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതയുമുള്ള ജീവിയാണ് ജാഗ്വർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.