യാംബു: സൗദി അറേബ്യയിലെ അതിപ്രാചീന നഗരവും ലോകപൈതൃക കേന്ദ്രങ്ങളിലൊന്നുമായ അൽഉല അതുല്യമായ പാരിസ്ഥിതിക വൈവിധ്യങ്ങളാലും ശ്രദ്ധേയം. മദീന പ്രവിശ്യയിലെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഇവിടം സമൃദ്ധമായ ജലവും വളക്കൂറുള്ള കൃഷി ഭൂമിയും പ്രകൃതിസുന്ദരമായ പർവതപ്രദേശങ്ങളും ഫലഭൂയിഷ്ഠമായ മരുപ്പച്ചകളും ധാരാളമുള്ള ഇടമാണ്.
മദീനയിൽനിന്നും ഇവിടേക്ക് 400 കിലോ മീറ്റർ ദൂരമാണുള്ളത്. വന്യജീവികളെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് പാരിസ്ഥിതിക അവബോധം വർധിപ്പിക്കുന്നതിനും പ്രകൃതിദത്ത പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും വിവിധ പദ്ധതികൾ അടുത്തിടെ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.
വിവിധ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പ്രാദേശിക സഹകരണം വർധിപ്പിക്കാനും തനതായ പാരിസ്ഥിതിക വൈവിധ്യവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പരിപാടികളാണ് അൽഉല ഗവർണറേറ്റിെൻറ മേൽനോട്ടത്തിൽ സംഘടിപ്പിച്ചത്. വന്യജീവി, സസ്യലതാദി വൈവിധ്യങ്ങളെയും പ്രകൃതിയുടെ തനതായ അവസ്ഥയെയും സംരക്ഷിച്ച് നിലനിറുത്തുന്നതിന് അൽഉല റോയൽ കമീഷനും റെഡ് സീ ഗ്ലോബൽ കമ്പനിയും ചേർന്ന് നിരവധി പദ്ധതികൾ പൂർത്തിയാക്കി.
ദേശാടന പക്ഷികൾക്കും സസ്യജാലങ്ങൾക്കും പുറമേ മാൻ, ഐബെക്സ് തുടങ്ങിയ ജീവിവർഗങ്ങളുടെയും സ്വാഭാവിക ആവാസകേന്ദ്രമാക്കി മാറ്റാനും ഒരുക്കിയ സംവിധാനങ്ങളും ഫലം കണ്ടു. പ്രകൃതി സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളെ പുനരധിവസിപ്പിക്കൽ, പ്രാദേശിക സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക സമൂഹത്തിൻ്റെ പങ്ക് വർധിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ എന്നിവ അൽഉല റോയൽ കമീഷൻ നടപ്പാക്കി.
മദാഇൻ സ്വാലിഹ് ഉൾപ്പെടുന്ന അൽഉല ഗവർണറേറ്റിലെ പുരാവസ്തു മേഖല അറേബ്യൻ ഉപദീപിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര പൈതൃക കേന്ദ്രമാണ്. 2008ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ആദ്യം ഇടം പിടിച്ച കേന്ദ്രമാണിത്. ചരിത്രത്തിൽ ഒരു കാലത്ത് വൻ പ്രതാപത്തോടെ അറിയപ്പെടുകയും പിന്നീട് നാമാവശേഷമാകുകയും ചെയ്ത മദാഇൻ സ്വാലിഹ് അൽഉല ഗവർണറേറ്റിന് കീഴിലാണ്. 13.5 കിലോമീറ്ററോളം ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശം വിനോദ സഞ്ചാരികളുടെയും ചരിത്രകുതുകികളുടെയും ഇഷ്ട കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.