ഒഡീഷയിലെ സിമിലിപാൽ ദേശീയ ഉദ്യാനത്തിൽ നിന്ന് രണ്ടാഴ്ച മുമ്പ് വഴിതെറ്റിപ്പോയ മൂന്ന് വയസുള്ള പെൺകടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. അതിനിടെ കടുവ ഇരയായി വെച്ച ആടിനെ കൊന്നു തിന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇരയുടെ ശരീരം ഭാഗം ഉപയോഗിച്ച് കടുവയെ പിടികൂടാനാണ് പദ്ധതിയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദെബൽ റോയ് പറഞ്ഞു.
സീനത്ത് എന്ന് പേരിട്ടിരിക്കുന്ന കടുവ കുറച്ച് ദിവസമായി പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബന്ദ്വാൻ വനമേഖലയിലാണ്. പിടികൂടാനുള്ള വനംവകുപ്പ് അധികൃതരുടെ ശ്രമങ്ങളെ നിഷ്പ്രഭമാക്കിയാണ് പെൺകടുവയുടെ തേരോട്ടം. കെണിയിലേക്ക് കടുവ എത്താത്തതിനെ തുടർന്ന് കടുവ ഇപ്പോഴുള്ള പ്രദേശത്തിന് ചുറ്റും ആറ് സ്മാർട്ട് കാമറകൾകൂടി സ്ഥാപിച്ച് നിരീക്ഷിക്കുകയാണ്. രാത്രിയിലും ഈ കാമറകളിൽ നിന്ന് തത്സമയ ചിത്രങ്ങൾ ലഭിക്കും. കടുവയെ പിടികൂടാൻ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. -റോയ് പറഞ്ഞു.
കഴിഞ്ഞ നവംബർ 14ന് മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി ടൈഗർ റിസർവിൽ നിന്നാണ് സീനത്തിനെ ഒഡിഷയിലെ സിംലിപാൽ ടൈഗർ റിസർവിലേക്ക് കൊണ്ടുവന്നത്. ഡിസംബർ 10നാണ് കടുവ അവിടെ നിന്ന് രക്ഷപ്പെട്ട് ഝാർഖണ്ഡിലേക്ക് കടന്നത്. ഝാർഖണ്ഡിലെ ചകുലിയ മേഖലയിൽ ഒരാഴ്ചയിലേറെ തങ്ങിയ കടുവ 15 കിലോമീറ്റർ കൂടി നടന്ന് ഝാർഗ്രാമിലെത്തി. പിന്നീട് പുരുലിയയിലെ ബന്ദ്വാനിയിലേക്കും കടന്നു. ഏതാണ്ട് 200 കിലോമീറ്റർ ദൂരമാണ് കടുവ ഇതുവരെ താണ്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.