ലഡാക്ക്: ഹിമാലയത്തിലെ ഉറഞ്ഞു കിടക്കുന്ന മഞ്ഞു തടാകങ്ങളിൽ വിനാശകരമായ പ്രളയത്തിനു കാരണമാകുന്ന പൊട്ടിത്തെറി മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ഇത്തരത്തിൽ 50തോളം തടാകങ്ങൾ ഇവർ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ‘വളരെ അപകടകാരികൾ‘ എന്ന് ശാസ്ത്രജ്ഞർ ഇവയെ തരംതിരിച്ചിട്ടുണ്ട്. സ്വാഭാവിക ഹിമത്തിന്റെയും അടിത്തട്ടിലുള്ള പാറക്കെട്ടുകളുടെയും തകർച്ച കാരണം തടാകം പൊട്ടിത്തെറിയെ നേരിടുമെന്നും അത് വെള്ളപ്പൊക്കത്തിന് വഴിവെച്ചേക്കുമെന്നുമാണ് ഇവരുടെ പഠന റിപ്പോർട്ട്.
ഒരു മഞ്ഞു തടാകത്തിന്റെ അടിത്തട്ടിൽനിന്ന് അതിന്റെ സ്വാഭാവിക പ്രകൃതിയുടെ തകരാർ മൂലം പെട്ടെന്നുള്ളതും ശക്തിയിലും ജലം പുറന്തള്ളുന്നതുമൂലമാണ് ഇതു സംഭവിക്കുക. ഈ തകർച്ചക്ക് കാരണം അതിശക്തമായ മഴയോ തടാകത്തിലുള്ള പാറയോ മഞ്ഞോ ഹിമപാതമോ ഭൂകമ്പമോ ആയേക്കാം.
സിക്കിമിലെ വെസ്റ്റ് അപ്പർ ഗുരുഡോങ്‌മാർ തടാകം, അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ രണ്ട് തടാകങ്ങൾ, ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതിയിലെ സമുദ്ര തപു തടാകം, രംഗ്‌ദം ഗ്രാമത്തിന് സമീപമുള്ള രണ്ട് തടാകങ്ങൾ, ദിയോസായി ദേശീയോദ്യാനത്തിന് സമീപമുള്ള രണ്ട് തടാകങ്ങൾ എന്നിവയാണ് ഈ നിരയിൽ പ്രധാനമായി തിരിച്ചറിഞ്ഞവ.
റോപ്പാറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ അരുണാചൽ പ്രദേശ് മുതൽ ലഡാക്ക് വരെയുള്ള ഹിമാലയത്തിലെ 851 ഗ്ലേഷ്യൽ തടാകങ്ങളുടെ അപകടസാധ്യത വിശകലനം ചെയ്യുകയും 324 എണ്ണം അപകടകരവും 50 എണ്ണം വളരെ അപകടകരവുമാണെന്ന് തരംതിരിക്കുകയും ചെയ്തു.
ഹിമാലത്തിന്റെ താഴെയുള്ള പ്രദേശങ്ങളുടെ സുരക്ഷക്കായി മഞ്ഞു തടാകങ്ങളുടെ അപകടസാധ്യത വിലയിരുത്തുന്നത് വളരെ പ്രധാനമാണെന്ന് പഠനത്തിന് മേൽനോട്ടം വഹിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജിയോളജിസ്റ്റും അസോസിയേറ്റ് പ്രഫസറുമായ റീത് കമൽ തിവാരി പറഞ്ഞു.
സൊസൈറ്റി ആൻഡ് എൻവയോൺമെന്റ് ജേണലിൽ ഈ മാസം പ്രസിദ്ധീകരിച്ച ഇവരുടെ വിശകലനം സൂചിപ്പിക്കുന്നത് കിഴക്കൻ ഹിമാലയത്തിലാണ് ഏറ്റവും കൂടുതൽ അപകടകരമായ തടാകങ്ങളുള്ളതെന്നാണ് (150ലധികം). തൊട്ടുപിന്നാലെ മധ്യ ഹിമാലയത്തിലും (140ലേറെ), പടിഞ്ഞാറൻ ഹിമാലയത്തിനു ചുറ്റുമാണ് (70).
തീവ്രമായ മഴ അല്ലെങ്കിൽ മഞ്ഞ്, ഉയർന്ന താപനില, ഹിമപാളികൾ, ജലത്തിന്റെ അളവ്, ഭൂപ്രദേശത്തിന്റെ ചരിവിന്റെ കുത്തനെയുള്ള സ്വഭാവം, പ്രകൃതിദത്ത പാറക്കെട്ടുകളുടെ സ്ഥിരത തുടങ്ങിയവയും ഹിമപാളികളുടെ സവിശേഷതകളും കണക്കിലെടുത്താണ് ഇവരുടെ പഠനം. വലിയ ഉപരിതല വിസ്തീർണമുള്ള തടാകങ്ങൾ, പ്രത്യേകിച്ച് വലിയ ഹിമാനികളുമായി ബന്ധപ്പെട്ടിരിക്കുന്നവയിൽ അപകടസാധ്യതകൾ ഫലപ്രദമായി ലഘൂകരിക്കുന്നതിന് കർശനവും നിരന്തരവുമായ നിരീക്ഷണം ആവശ്യമാണ് സംഘം പറഞ്ഞു.
ഹിമാനി തടാകങ്ങൾ പൊട്ടിത്തെറിക്കുന്നതുമൂലമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ശ്രമത്തിന്റെ ഭാഗമായി സിക്കിം അതിന്റെ 320 തടാകങ്ങളുടെ സർവേ പൂർത്തിയാക്കിയതായി സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബറിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.