ന്യൂഡൽഹി: ആഗോള ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഇന്ത്യയിൽ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഓസ്ട്രേലിയയിലെ ഡീക്കിൻ സർവകലാശാല. ഓസ്ട്രേലിയൻ ഹൈകമ്മീഷനുമായി ചേർന്നാണ് ഡീക്കിൻ സെന്റർഫോർ ഹുമാനിറ്റേറിയൻ ലീഡഷിപ്പ് (സി എച്ച് എൽ) ഇന്ത്യയിൽ പ്രോജക്ടുകൾ നടപ്പിലാക്കുന്നത്. ഗുജറാത്ത് ഇന്ഡസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റുമായി ധാരണാ പത്രം ഒപ്പിട്ടു.
ദുരന്ത പ്രതിരോധം, മുൻകരുതൽ തുടങ്ങിയവയിൽ സാങ്കേതിക ഉദ്യമങ്ങളുടെ ആവശ്യം മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യ തങ്ങളുടെ നയങ്ങളുടെ മുൻനിരയിൽ ദുരന്ത നിവാരണത്തിനാണ് മുൻഗണന നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൽ പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള സഹകരണം അവയ്ക്ക് കൂടുതൽ ഊർജം നൽകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
ദുരന്തപ്രതിരോധം എന്നാൽ പ്രതികരണം മാത്രമല്ല മറിച്ച് പ്രാദേശിക നേതൃത്വത്തെ വളർത്തിയെടുക്കൽ കൂടിയാണെന്നും ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ ദുരന്ത പ്രതിരോധത്തിനുള്ള ഗവേഷണം ശക്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സർവകലാശാല അസോസിയേറ്റ് പ്രൊഫസർ എംസി ഗ്ലാസ്സൻ പറഞ്ഞു.
1974 ൽ സ്ഥാപിതമായ ഓസ്ടേലിയൻ സർവകലാശാല ഡീക്കിൻ 1994 മുതൽ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. ഗവേഷണം, അധ്യാപനം, വ്യവസായിക സഹകരണം തുടങ്ങിയ മേഖലകളിലാണ് യൂണിവേഴ്സിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ക്യു എസ് ആഗോള റാങ്കിങിൽ ആദ്യ 200 യൂണിവേഴ്സിറ്റികളിലൊന്നാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.