ജാഫ്ന: ആഗോളതലത്തിൽ ഏറ്റവും വലിയ നാലാമത്തെ നാളികേര ഉൽപന്ന കയറ്റുമതി രാജ്യമാണ് ശ്രീലങ്ക. കയറ്റുമതി വികസന ബോർഡിന്റെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 300കോടി കശുവണ്ടിയും മറ്റ് പരിപ്പുകളും ഇവിടെ ഉത്പാദിപ്പിക്കുന്നു.
എന്നാൽ കുരങ്ങുകൾ, മയിലുകൾ, ഭീമൻ അണ്ണാൻ എന്നിവക്കൊണ്ട് പൊറുതിമുട്ടിയിരിക്കുയാണ് രാജ്യം. വലിയ വിളനാശം സംഭവിച്ചതിനാൽ പച്ചക്കറി, പഴം കൃഷിയോടൊപ്പം തേങ്ങ ഉൽപ്പാദനവും കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
‘പ്രശ്നം വളരെ മോശമായിരിക്കുന്നു. ആളുകൾ കൃഷി ഉപേക്ഷിക്കുന്നു. മൊത്തം കാർഷിക ഉൽപാദനത്തിന്റെ 20ശതമാനവും നഷ്ടപ്പെടുന്നു. എല്ലാ വർഷവും 90 ദശലക്ഷം തേങ്ങകൾ നഷ്ടപ്പെടുന്നതായാണ് കണക്ക്’- കൃഷി, കന്നുകാലി ഉപമന്ത്രി നമൽ കരുണരത്നെ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കാർഷിക മേഖലകളിലെ ശല്യക്കാരായ മൃഗങ്ങളുടെ സാന്ദ്രത മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയെന്ന നിലയിൽ വന്യമൃഗ സെൻസസിന് തുടക്കം കുറിച്ചിരിക്കുയാണ് രാജ്യം. ഈ നീക്കത്തിലൂടെ ഇവയെ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ നയങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ കുരങ്ങുകൾ രാജ്യവ്യാപകമായി വൈദ്യുതി തടസ്സമുണ്ടാക്കുകയും മൂന്ന് ദിവസം നീണ്ടുനിൽക്കുകയും ചെയ്ത സംഭവത്തിന് ശേഷമാണ് സെൻസസ് വരുന്നത്. സെൻസസിനായി അനുവദിച്ച അഞ്ച് മിനിറ്റിനുള്ളിൽ 45 കുരങ്ങുകളെയും ആറ് ഭീമൻ അണ്ണാൻമാരെയും ഒമ്പത് മയിലുകളെയും 72 വയസ്സുള്ള കർഷകനായ എദിരിസിംഗെ അരച്ചിലഗെ ജ്ഞാനസേന എണ്ണിത്തിട്ടപ്പെടുത്തി. മധ്യ ശ്രീലങ്കയിലെ ഒരു നഗരമായ ദംബുള്ളയിലുള്ള അദ്ദേഹത്തിന്റെ എട്ട് ഏക്കർ കൃഷിഭൂമി വർഷങ്ങളായി വിളനാശം നേരിടുകയാണ്.
തോളിൽ എയർ ഗണ്ണും പ്ലാസ്റ്റിക് ബാഗിൽ ഈയത്തിന്റെ ഉണ്ടകളുമായി ജ്ഞാനസേന എന്ന കർഷകൻ താൻ ശ്രദ്ധാപൂർവ്വം നട്ടു വളർത്തിയ തെങ്ങ്, മാവ്, വാഴ എന്നിവയുടെ നിരകളിൽ മണിക്കൂറുകളോളം പട്രോളിങ് നടത്തിയാണ് വിളകൾ കാക്കുന്നത്. എന്നിട്ടും കുരങ്ങുകൾ കൂട്ടത്തോടെ വന്ന് നൂറുകണക്കിന് തേങ്ങകളും മാമ്പഴവും പറിക്കുന്നു. അതേസമയം, മയിലുകൾ നീളമുള്ള പയർ മുഴുവനായും വിഴുങ്ങുന്നുവെന്നും ജ്ഞാനസേന പറഞ്ഞു. ‘കുരങ്ങുകൾക്ക് എയർ ഗൺ ശീലമാണ്, അതിനാൽ അവയെ ഭയപ്പെടുത്താൻ ഞാൻ പടക്കം പൊട്ടിക്കുന്നു. പക്ഷേ അവ എപ്പോഴും തിരിച്ചുവരും’ - അദ്ദേഹം പറയുന്നു.
ഈ പ്രദേശത്ത് കുരങ്ങുകൾ, മയിലുകൾ, മുള്ളൻപന്നികൾ, കാട്ടുപന്നികൾ എന്നിവയുടെ എണ്ണം വർധിക്കുന്നത് ആവാസവ്യവസ്ഥയുടെ നഷ്ടമാണെന്നും കർഷകർ പറയുന്നു. ‘ഈ സെൻസസ് ദീർഘകാല പരിഹാരങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.