വനങ്ങളും മരങ്ങളും സംരക്ഷിക്കുക, വനം വെച്ച് പിടിപ്പിക്കുക, വന നശീകരണത്തെയും അതിന്റെ ദൂഷ്യഫലങ്ങളെയുംപറ്റി ജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 2012 നവംബർ 28ന് യു.എൻ പൊതുസഭയുടെ കോൺഫറൻസിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസഥാനത്തിലാണ് എല്ലാ വർഷവും മാർച്ച് 21ന് വനസംരക്ഷണ ദിനം ആചരിക്കുന്നത്. വനങ്ങളും പരിസ്ഥിതിയും ഭൂമിയുടെ നിലനിൽപ്പിന് എത്രത്തോളം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞിടത്താണ് ഈ ദിനത്തിന്റെ പ്രസക്തി.
എന്തിനാണ് വനങ്ങൾ?
കാർബൺഡൈ ഓക്സൈഡ് വലിച്ചെടുത്ത് മനുഷ്യന്റെ ജീവൻ നിലനിർത്താനാവശ്യമായ ഓക്സിജൻ പുറത്തുവിടുകയെന്ന പ്രധാന ദൗത്യമാണ് മരങ്ങളിലൂടെ വനം ചെയ്യുന്നത്. ശരാശരി 10 പേർക്ക് ശ്വസിക്കാനാവശ്യമായ ഓക്സിജനാണ് ഒരു മരം ദിനേന പുറത്തുവിടുന്നതെന്നാണ് കണക്ക്. വലിയ വനങ്ങൾക്ക് ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെതന്നെ സ്വാധീനിക്കാൻ കഴിവുണ്ട്. വലിയ സ്പോഞ്ചുകളെപ്പോലെ പ്രവർത്തിക്കുന്ന വനങ്ങൾ ജലത്തിനെ മണ്ണിനടിയിലേക്ക് ഇറക്കിവിട്ട് ഭൂഗർഭ ജലസമ്പത്ത് വർധിപ്പിക്കുകയും ചെയ്യുന്നു.
നിബിഡമായ കാടുകൾ മരങ്ങൾകൊണ്ട് മാത്രമല്ല അപൂർവങ്ങളായ മരുന്നുകളുടെയും ശേഖരംകൊണ്ട് സമ്പുഷ്ടമാണ്. യു.എന്നിന്റെ കണക്കുപ്രകാരം 1.6 ബില്യണിലധികം ആളുകൾ വനങ്ങളുമായി ബന്ധപ്പെട്ട് ജോലിയിൽ ഏർപ്പെടുന്നുണ്ട്.
വനസംരക്ഷണ നിയമം
ഇന്ത്യയിൽ വന സംരക്ഷണത്തിനായി 1878ൽ നിയമം നിലവിൽ വന്നു. വനഭൂമി സംരക്ഷിക്കുന്നതിനും വനവിഭവ ചൂഷണം തടയുന്നതിനുമായായിരുന്നു നിയമം. തുടര്‍ന്ന് 1879ല്‍ വനംവകുപ്പ് നിലവില്‍വന്നതോടുകൂടി വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറി. 1927ലാണ് വിപുലമായ ഇന്ത്യന്‍ വനനിയമം നടപ്പിൽവരുന്നത്. ഈ നിയമപ്രകാരം ഇന്ത്യയിലെ വനങ്ങളെ റിസര്‍വ് വനങ്ങളെന്നും സംരക്ഷിത വനങ്ങളെന്നും ഗ്രാമവനങ്ങളെന്നും മൂന്നായി തിരിക്കുന്നു. റിസര്‍വ് വനങ്ങളില്‍ പൊതുജനങ്ങളുടെ അവകാശങ്ങള്‍ പരിമിതമാണ്. ഇവിടെ മരം മുറിക്കാനോ മറ്റുപ്രവര്‍ത്തനങ്ങള്‍ക്കോ അധികാരമില്ല. ഇന്ത്യയിലെ റിസര്‍വ് വനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് 1980ലെ വനസംരക്ഷണ നിയമം. ഈ നിയമമനുസരിച്ച് റിസര്‍വ് വനങ്ങള്‍ അല്ലാതായി പ്രഖ്യാപിക്കാനോ വനസംബന്ധമായ കാര്യങ്ങള്‍ക്കോ വനം ഉപയോഗിക്കാനോ സര്‍ക്കാറുകള്‍ക്കും അധികൃതര്‍ക്കും അവകാശമില്ലെന്നും പറയുന്നുണ്ട്. നിലവിൽ ഈ നിയമങ്ങളിലെല്ലാം നിരവധി ഭേദഗതികൾ വന്നുകൊണ്ടിരിക്കുന്നുമുണ്ട്.
മാർച്ച് 22ന് മറ്റൊരു അന്താരാഷ്ട്ര ജലദിനം കൂടി വന്നെത്തുന്നു. ഭൂമിയിലെ ജലസ്രോതസ്സുകൾവേണ്ടരീതിയിൽ ഉപയോഗപ്പെടുത്താതെ, അത് മലിനമാക്കപ്പെടുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (യു.എന്‍.ഇ.പി) മുന്നറിയിപ്പുപ്രകാരം ലോകം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിൽ ആദ്യത്തേത് ജലദൗര്‍ലഭ്യവും അടുത്തത് ആഗോള താപനവുമാണ്. ഓരോ ജലദിനവും ജലസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു. ആവാസവ്യവസ്ഥയിൽ മനുഷ്യൻ നടത്തുന്ന അനിയന്ത്രിത കൈകടത്തലാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥതന്നെ തകിടംമറിച്ചത്. ഒരു ഹെക്ടര്‍ വനഭൂമി ഇല്ലാതായാല്‍ അഞ്ചുലക്ഷം ലിറ്റര്‍ ജലത്തിന്റെ സംഭരണം ഇല്ലാതാകുന്നതായാണ് കണക്ക്. ലോകത്താകമാനം ഏകദേശം 180 കോടിയിലധികം ആളുകൾ മാലിന്യം കലർന്ന ജലമാണ് കുടിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.
ജാഗ്രത വേണം
ജീവജലം നിലനിർത്താനും ജലസ്രോതസ്സുകൾ സംരക്ഷിക്കാനും ആഗോളതലത്തിൽ വിവിധ കാമ്പയിനുകളും പദ്ധതികളും ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഇവയൊന്നും വേണ്ടരീതിയിൽ നടപ്പാകുന്നില്ല. 2050ല്‍ ലോകജനസംഖ്യയില്‍ പകുതിയോളം ആളുകള്‍ കുടിവെള്ള ക്ഷാമത്തിനിരയാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനം ചെലവഴിക്കുന്നത് കുടിവെള്ളത്തിനു വേണ്ടിയാണ്. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് വികസനം യാഥാർഥ്യമാക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030’. ഇതിൽ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ജലസംരക്ഷണമാണ്.
1873ൽ വിയന്നയിൽ നടന്ന അന്താരാഷ്ട്ര മീറ്റിയറോളജി സമ്മേളനത്തിലാണ് ഇന്റർനാഷനൽ മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ (IMO) രൂപവത്കരിക്കുന്നത്. 1950 മാർച്ച് 23ന് ഇത് വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ (WMO) ആയി മാറി. പിന്നീട് ഈ സംഘടന യു.എന്നിന്റെ കാലാവസ്ഥ ഏജൻസിയായി മാറുകയും 1961 മുതൽ എല്ലാ വർഷവും മാർച്ച് 23ന് ലോക കാലാവസ്ഥ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ജനീവയാണ് സംഘടനയുടെ ആസ്ഥാനം. അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥ^ഭൂമി സംബന്ധമായ പ്രശ്ന പരിഹാരങ്ങൾക്ക് രാജ്യങ്ങൾ തമ്മിലുള്ള പിന്തുണയും സഹകരണവും ഉറപ്പുവരുത്തുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. കാലാവസ്ഥ ദിനവുമായി ബന്ധപ്പെട്ട് വിവിധ സമ്മേളനങ്ങൾ, സിംപോസിയങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ഉച്ചകോടികൾ
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനങ്ങൾ നടക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായെങ്കിലും ഇവയിൽ ഉറച്ച തീരുമാനങ്ങളെടുക്കുകയോ പ്രായോഗികമായ കർമപരിപാടികൾ ആവിഷ്കരിക്കുകയോ ചെയ്യാറില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും വ്യതിയാനം തടയുന്നതിനും വേണ്ടി ആത്മനിയന്ത്രണം പാലിക്കാനും വൻകിട രാഷ്ട്രങ്ങൾ തയാറല്ല എന്നതാണ് കാരണം. മലിനീകരണവും അന്തരീക്ഷ സാന്ദ്രതയും കുറഞ്ഞ പ്രദേശങ്ങളിലേക്ക് ഈ വിഷവാതകങ്ങൾ കടന്നുചെല്ലുന്നുവെന്നും അത് ഇത്തരം രാജ്യങ്ങളിൽ വൻ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആഗോള താപനം കുറക്കുന്നതിനുള്ള ദൗത്യം ലോകമാകെ ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ഒന്നാണ്. വികസിത രാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഒരുപോലെ കൈകോർത്താലേ ആഗോള താപനമെന്ന മഹാവിപത്തിനെ ചെറുക്കാനാവൂ.
മാറിവരുന്ന കാലങ്ങൾ
വേനല്‍ക്കാലത്ത് ചൂടും ശീതകാലത്ത് തണുപ്പും അനുഭവപ്പെടുന്നതാണ് പതിവ്. എന്നാൽ, ഇന്ന് എപ്പോൾ വേണമെങ്കിലും കാലാവസ്ഥ മാറാം എന്നാണ് സ്ഥിതി. ഒരു നിശ്ചിത കാലയളവില്‍ അനുഭവപ്പെടുന്ന ദൈനംദിന ശീതോഷ്ണത്തിന്റെ ശരാശരിയാണ് ആ പ്രദേശത്തിന്റെ കാലാവസ്ഥ. വൃഷ്ടി, സൂര്യപ്രകാശം, കാറ്റ്, നീരാവി, ഊഷ്മാവ് എന്നീ ഘടകങ്ങളാണ് ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ നിർണയിക്കുന്നത്. ഒരു ദിവസത്തിന്റെ ശീതോഷ്ണസ്ഥിതിയില്‍ പെട്ടെന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ദൃശ്യമാകാം. എന്നാല്‍, ഒരു പ്രദേശത്തിന്റെ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്നത് ക്രമേണയായിരിക്കും, വളരെ പ്രകടമായിരിക്കുകയുമില്ല. കഴിഞ്ഞ 150-200 വര്‍ഷങ്ങളില്‍ അസാധാരണ വേഗത്തിലാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. പ്രകടമായദ്രുതഗതിയിലുള്ള കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണം മനുഷ്യന്റെ പ്രകൃതിയിലുള്ള അനിയന്ത്രിതമായ ഇടപെടലുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.