നിങ്ങൾ കുരുവികളെ കണ്ടിട്ട് എത്ര നാളായി? കാലങ്ങളായി മനുഷ്യരോടൊപ്പം ജീവിക്കുന്നവയാണ് സന്തോഷം പകരുന്ന വീട്ടു കുരുവികൾ. ചെറുതും എന്നാൽ പ്രാധാന്യമുള്ളതുമായ ഈ പക്ഷികൾ നഗര മുറ്റങ്ങളിലും പച്ചപ്പു നിറഞ്ഞ ഇടങ്ങളിലും വസിച്ചുപോന്നു. അവ പരാഗണത്തിന്റെ ഏജന്റുമാരായി. അവ ഭക്ഷിക്കുമ്പോൾ പ്രാണികളുടെയും കീടങ്ങളുടെയും എണ്ണം നിയന്ത്രിക്കപ്പെട്ടു.
ഭക്ഷ്യശൃംഖല നിലനിർത്താൻ സഹായിക്കുന്ന മറ്റ് നിരവധി പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു ഭക്ഷണ സ്രോതസ്സായി ഇവ വർത്തിച്ചു. ഏറ്റവും പ്രധാനമായി, കൊതുകിന്റെ ലാർവകളെ ഭക്ഷിച്ചുകൊണ്ട് രോഗങ്ങളെ നിയന്ത്രിച്ചു. എന്നാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവയുടെ എണ്ണം ഭയാനകമായി കുറഞ്ഞുവരുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്തവണത്തെ ലോക കുരുവി ദിനം.
‘പ്രകൃതിയുടെ ചെറു സന്ദേശവാഹകർക്കുള്ള ആദരം’ എന്നതാണ് 2025 ലെ പ്രമേയം. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും സംരക്ഷണ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും കുരുവികൾ വഹിക്കുന്ന നിർണായക പങ്ക് എടുത്തുകാണിക്കുന്നു.
കുരുവികളുടെ എണ്ണം കുറയുന്നതിന് പല ഘടകങ്ങളുണ്ട്. പെട്രോളിന്റെ അനിയന്ത്രിത ഉപയോഗം കുരുവികൾ ഭക്ഷണത്തിനായി ആശ്രയിക്കുന്ന പ്രാണികളെ ദോഷകരമായി ബാധിക്കുന്ന വിഷ സംയുക്തങ്ങൾക്ക് കാരണമായി. നഗരവൽക്കരണം അവയുടെ സ്വാഭാവിക കൂടുകെട്ടൽ സ്ഥലങ്ങളും ഇല്ലാതാക്കി. ആധുനിക കെട്ടിടങ്ങളിൽ കുരുവികൾക്ക് കൂടുകെട്ടാൻ ആവശ്യമായ ഇടങ്ങളില്ല. ഇത് കുഞ്ഞുങ്ങളെ വളർത്താനുള്ള സ്ഥലങ്ങൾ കുറക്കുന്നു.
കൂടാതെ, കൃഷിയിൽ കീടനാശിനി പ്രയോഗം പ്രാണികളുടെ എണ്ണം കുറക്കുകയും പക്ഷികളുടെ ഭക്ഷണ വിതരണത്തെ ബാധിക്കുകയും ചെയ്തു. പൂച്ചകളുടെ വർധിച്ചുവരുന്ന സാന്നിധ്യവും പച്ചപ്പ് കുറഞ്ഞതും പ്രശ്നം കൂടുതൽ വഷളാക്കി.ഈ ഘടകങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും കുരുവികൾക്ക് വളരാൻ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നു.
ഇത്തരമൊരു സന്ദർഭത്തിൽ, കച്ചവട മിടുക്കിനും ജീവകാരുണ്യത്തിനും പേരുകേട്ട ഒരു സമൂഹം ഈ പക്ഷികളെ സംരക്ഷിക്കാൻ മുന്നോട്ട് വന്നിരിക്കുന്നുവെന്ന വാർത്തയാണ് ഈ കുരുവി ദിനത്തിൽ കൊൽക്കത്തയിൽ നിന്നുമുള്ളത്. ദാവൂദി ബൊഹ്റ സമൂഹം രാജ്യവ്യാപകമായി ‘സേവ് ഔർ സ്പാരോസ്’ (എസ്.ഒ.എസ്) എന്ന കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുകയാണ്. 2011ൽ ആദ്യമായി ആരംഭിച്ചതിനാൽ സാങ്കേതികാർഥത്തിൽ ഇപ്പോഴത്തേത് ഒരു പുനരുജ്ജീവനമാണെന്നു പറയാം. ഇതിന് മുൻകയ്യെടുക്കുന്നതാവട്ടെ കുട്ടികളും. പക്ഷിത്തീറ്റ വിതരണം ഈ മാസം 6ന് ആരംഭിച്ചു.
ദാവൂദി ബോഹ്‌റ സമൂഹത്തിന്റെ പരിസ്ഥിതി വിഭാഗമായ ബുർഹാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, രാജ്യത്തുടനീളമുള്ള വീടുകൾ, സ്കൂളുകൾ, പാർക്കുകൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലേക്ക് സന്നദ്ധപ്രവർത്തകർ ഏകദേശം 53,000 പക്ഷി തീറ്റകൾ വിതരണം ചെയ്തു. സമൂഹത്തിന്റെ ആഗോള ജീവകാരുണ്യ വിഭാഗമായ ‘പ്രോജക്ട് റൈസു’മായി സഹകരിച്ച്, നഗരപ്രദേശങ്ങളിലെ കുരുവികളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നതിനെ ഉയർത്തിക്കാട്ടുന്ന ഈ പ്രചാരണ പരിപാടി അവയുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നുവെന്ന് സംഘാടകർ പറഞ്ഞു.
‘കുരുവികൾ നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ സൂചകങ്ങളാണ്. ജൈവവൈവിധ്യം സംരക്ഷിക്കാൻ നാം വേഗത്തിൽ പ്രവർത്തിക്കണമെന്നതിന്റെ മുന്നറിയിപ്പ് സൂചനയാണ് അവയുടെ കുറവ്’ -ദാവൂദി ബോഹ്‌റ വളണ്ടിയറും കൊൽക്കത്തയിലെ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നവനുമായ ഷാക്കിർ ഖംബതി പറഞ്ഞു.
കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 5,300 പക്ഷി തീറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ബൊട്ടാണിക്കൽ ഗാർഡൻസ്, സാൾട്ട് ലേക്ക് സെൻട്രൽ പാർക്ക്, ഈഡൻ ഗാർഡൻസ്; ദി ഹെറിറ്റേജ്, ഡോൺ ബോസ്കോ പാർക്ക് സർക്കസ്, കൽക്കട്ട ഇന്റർനാഷനൽ, സ്കൂളുകൾ, മസ്ജിദ്, നിരവധി റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുരുവികൾക്ക് കഴിക്കാൻ തീറ്റ കേന്ദ്രങ്ങളിൽ ജോവർ, ബജ്ര വിത്തുകൾ എന്നിവയാണ് പ്രധാനമായും നിറച്ചുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.