വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾ ലോകമെമ്പാടും അഭയാർഥികളുടെ എണ്ണവും ദുരിതവുമേറ്റുകയാണ്. പ്രകൃതി ദുരന്തങ്ങൾ മൂലം ചില ഭൂപ്രദേശങ്ങൾ വാസയോഗ്യമല്ലാതാവുകയും അത് കൂട്ട കുടിയേറ്റത്തിന് കാരണമാവുകയും ചെയ്യുന്നതാണ് വൻതോതിൽ കാലാവസ്ഥാ അഭയാർഥികളെ സൃഷ്ടിക്കുന്നത്.
രേഖപ്പെടുത്തിയതിലെ ഏറ്റവും ചൂടേറിയ വർഷമായി 2024 മാറിയതോടെ ലോകമൊന്നടങ്കം ഇതിന്റെ ആക്കവും കൂടി. ഇന്ന് ലോകത്തിലെ 70ശതമാനം അഭയാർത്ഥികളും കുടിയിറക്കപ്പെട്ടവരും കാലാവസ്ഥാ ദുർബല പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിയിൽ പെട്ടെന്നുള്ള മാറ്റം കാരണം തെരഞ്ഞെടുപ്പിലൂടെയോ നിർബന്ധത്തിലൂടെയോ ‘ഒരു സംസ്ഥാനത്തിനകത്തേക്കോ അന്താരാഷ്ട്ര അതിർത്തിക്കത്തേക്കോ’ നീങ്ങുന്ന ആളുകളെന്നാണ് ‘ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ’ കാലാവസ്ഥാ കുടിയേറ്റക്കാരെ നിർവചിക്കുന്നത്.
ചില ആളുകൾ സ്വന്തമായി പലായനം ചെയ്യുന്നവരാണെങ്കിൽ ചിലർ പെട്ടെന്നുള്ള കാലാവസ്ഥാ ആഘാതത്താൽ വേരോടെ പിഴുതെറിയപ്പെടുന്നു. മറ്റു ചിലർ സർക്കാർ പദ്ധതി പ്രകാരം സ്ഥലം മാറ്റപ്പെടുന്നു.
കഴിഞ്ഞ വർഷം മാത്രം വരൾച്ചയോ വെള്ളപ്പൊക്കമോ പോലുള്ള ദുരന്തങ്ങളാൽ 26 ദശലക്ഷം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. കാലാവസ്ഥാ പ്രതിസന്ധി അനിയന്ത്രിമായി തുടർന്നാൽ, 2050 ഓടെ ഏകദേശം 216 ദശലക്ഷം ആളുകൾ ആഭ്യന്തര കാലാവസ്ഥാ കുടിയേറ്റക്കാരാകുമെന്നാണ് ലോകബാങ്ക് മുന്നറിയിപ്പ്.
അടുത്ത 25 വർഷത്തിനുള്ളിൽ, 80 ലക്ഷം കുടിയേറ്റക്കാർ ഗ്ലോബൽ സൗത്തിലെ 10 നഗരങ്ങളിലേക്ക് മാറുമെന്ന് കാലാവസ്ഥാ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ ലക്ഷ്യമിടുന്ന പ്രമുഖ നഗരങ്ങളിലെ 100 ഓളം മേയർമാരുടെ ആഗോള ശൃംഖലയായ ‘C40’ യുടെ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ ആളുകളെ കുടിയിറങ്ങാൻ നിർബന്ധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. കാർഷിക തകർച്ച, തൊഴിലിന്റെ അഭാവം, വെള്ളമടക്കമുള്ള അടിസ്ഥാന വിഭവങ്ങളുമായി ബന്ധപ്പെട്ട സംഘർഷം തുടങ്ങിയവയൊക്കെ അതിൽപ്പെടും. ആഫ്രിക്കൻ മേഖലയിൽ വർധിച്ചുവരുന്ന ചൂടും മഴയുടെ അഭാവവും കർഷകരും ഇടയന്മാരും തമ്മിൽ വെള്ളത്തിനായുള്ള മത്സരം ഉയർത്തുന്നത് വൻ കുടിയേറ്റത്തിലേക്കു നയിക്കുന്നു.
കുടിയൊഴിപ്പിക്കപ്പെട്ട ഭൂരിഭാഗം ആളുകളും അവരുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും, പ്രത്യേകിച്ച് നഗരങ്ങളിലേക്ക് മാറുന്നു. എന്നാൽ, മിക്ക നഗരങ്ങളും വലിയ തോതിലുള്ള അഭയാർത്ഥി പ്രവാഹത്തെ ഉൾക്കൊള്ളാൻ തയ്യാറാകാതെ വീർപ്പു മുട്ടുകയാണ്. അഭയാർഥികൾക്കായുള്ള ഫണ്ടിന്റെ അപര്യാപ്തതയും നഗരങ്ങളെ വലയ്ക്കുന്നു.
കാലാവസ്ഥാ കുടിയേറ്റക്കാരെ സഹായിക്കാൻ പരിമിതമായെങ്കിലും ചില രാജ്യങ്ങൾ വ്യത്യസ്ത സമീപനങ്ങൾ പരീക്ഷിക്കുന്നുണ്ട്. പസഫിക്കിലെ തുവാലു ദ്വീപുകാർക്ക് ആസ്‌ട്രേലിയയിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ ആസ്‌ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്യുകയുണ്ടായി.
പനാമയിൽ, നൂറുകണക്കിന് തദ്ദേശീയരായ ജനങ്ങൾ തങ്ങളുടെ ചെറിയ ദ്വീപ് ഭവനങ്ങൾ ഉപേക്ഷിച്ച് സർക്കാർ പദ്ധതി പ്രകാരം മറ്റൊരു ഭൂപ്രദേശത്തേക്ക് മാറാൻ ഒരുങ്ങുകയാണ്. ഫിജി, വാനുവാട്ടു തുടങ്ങിയ ചില രാജ്യങ്ങൾ സുരക്ഷിതവും ചിട്ടയുള്ളതും മാന്യവുമായ കാലാവസ്ഥാ കുടിയേറ്റത്തിന് നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
പല ദുർബല കാലാവസ്ഥാ ബാധിതരും തങ്ങളുടെ വീടുകൾ ഉപേക്ഷിക്കുന്നത് അവസാനത്തെ ആശ്രയമായി കാണുന്നു. കാരണം കുടിയേറ്റം അവരുടെ ജീവിതശൈലിയും പാരമ്പര്യവും ഇല്ലാതാക്കും. മെച്ചപ്പെട്ട ജീവിതം ഉറപ്പുനൽകുന്നുമില്ല.
പുതിയ ദേശവുമായുള്ള പൊരുത്തപ്പെടലിലും സാമ്പത്തികമായുള്ള വൻ വിടവും കാലാവസ്ഥാ കുടിയേറ്റക്കാർക്ക് ലോകമെമ്പാടുമുള്ള പിന്തുണ പരിമിതപ്പെടുത്തുന്നു. ഏറ്റവും ദുർബലരായവർ ഒന്നുകിൽ കുടിയേറാനോ അല്ലെങ്കിൽ മാറിനിൽക്കാനോ നേരിടാനോ കഴിയാതെ അനിശ്ചിതത്വത്തിൽ കുടുങ്ങിപ്പോകും.
ആളുകൾക്ക് അന്തസ്സോടെയുള്ള കുടിയേറ്റത്തിനും സ്വമേധയാ കുടിയേറ്റം തെരഞ്ഞെടുക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
കുടിയിറക്കപ്പെട്ട ആളുകളെ തദ്ദേശീയ ജനതയുമായി സംയോജിപ്പിക്കുന്നതിന് പിന്തുണ ആവശ്യമായി വന്നേക്കാം. കൂടുതൽ സ്ഥാനചലനം തടയുന്നതിനുള്ള നടപടികളിൽ ദുരന്തസാധ്യതകൾ കുറക്കുന്നതിനുള്ള നിക്ഷേപങ്ങളും വേണ്ടിവന്നേക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുൻകൂർ ആസൂത്രണവും ഏകോപനവും കൂടാതെയുള്ള അഭയാർഥി പ്രവാഹം ആ ദേശങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.