കൊട്ടിയൂരിൽ ശുചീകരണം നടത്തുന്ന ഹരിതകർമസേനാംഗങ്ങൾ

നിത്യം ഹരിതം ഈ കർമസേന

കണ്ണൂർ: മാലിന്യ നിർമാർജനത്തിന്റെയും സംസ്കരണത്തിന്റെയും നവഗാഥ രചിച്ച ഹരിതകർമസേനാംഗങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം ശേഖരിച്ചത് 39.14 ലക്ഷം കിലോ മാലിന്യം. ചളിയും മണ്ണും നിറഞ്ഞ പഴകിയ മാലിന്യമാണ് ഇതിൽ 18.36 ലക്ഷവും. 2021 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കാണിത്. സംസ്ഥാനതലത്തിൽതന്നെ മാലിന്യശേഖരണത്തിലും നിർമാർജനത്തിലും കണ്ണൂർ മുന്നിലാണ്. മാലിന്യ സംസ്കരണത്തിലൂടെ മണ്ണും ജലവും വായുവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനം ജില്ലയിൽ മാതൃകപരമാണ്.

വീടുകളിലും കടകളിലും മാലിന്യം ശേഖരിക്കാൻ ഇവരെത്തുന്നതിനാൽ മാലിന്യം വലിച്ചെറിയലും പ്ലാസ്റ്റിക് കത്തിക്കലുമെല്ലാം ഒരുപരിധിവരെ കുറഞ്ഞു. 2017 മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും കോവിഡും കഴിഞ്ഞ് കഴിഞ്ഞ വർഷത്തോടെയാണ് പ്രവർത്തനങ്ങൾ കാര്യക്ഷമമായത്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടപ്പാക്കാനായി ജില്ലയിൽ 2,041 പേരാണ് നിലവിൽ ഹരിതകർമസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ഇതിൽ 1,551പേർ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും 490 പേർ നഗരസഭകളിലും പ്രവർത്തിക്കുന്നു. പയ്യന്നൂർ (202) ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വരുമാനം കണ്ടെത്താനായി 27 ഹരിതകർമസേന മൈക്രോ സംരംഭഗ്രൂപ്പുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഹരിതമാംഗല്യം ഗ്രൂപ്പുകൾ (പാത്രങ്ങൾ വാടകക്ക് നൽകൽ/കാറ്ററിങ്), ഹാൻഡ് വാഷ്, സോപ്പ് നിർമാണം, നഴ്സറികൾ, പഴകിയ വസ്ത്രങ്ങൾ ശേഖരിച്ച് ചെടിച്ചട്ടി നിർമാണം, വിൽപന തുടങ്ങിയവയാണ് മൈക്രോ സംരംഭങ്ങളായി പ്രവർത്തിക്കുന്നത്.

നിശ്ചിത തുക യൂസർഫീ ഈടാക്കിയാണ് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യം ശേഖരിക്കുന്നത്. ഹരിതകർമസേനാംഗങ്ങൾക്ക് വേതനം നൽകാനും മാലിന്യനീക്കത്തിനുമൊക്കെയാണ് ഈ തുക ഉപയോഗിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻകേരള കമ്പനിക്ക് കൈമാറിയാൽ കുറഞ്ഞനിരക്കിൽ വരുമാനവും ലഭിക്കും.

പഴകിയ മാലിന്യം കൈമാറുന്നതിന് കിലോക്ക് 12.90 രൂപ വീതം തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരളക്ക് നൽകണം. ചില വീട്ടുകാരും സ്ഥാപന ഉടമകളും യൂസർഫീ നൽകാത്ത സാഹചര്യമുണ്ട്. ഇത്തരം തദ്ദേശസ്ഥാപനങ്ങളിൽ ഹരിതകർമസേനാംഗങ്ങൾക്ക് തുച്ഛമായ വേതനമാണ് ലഭിക്കുക.

ഉത്സവങ്ങൾ ഹരിതമാകുന്നു

ആളുകൾ ഒത്തുചേരുന്ന ഉത്സവപറമ്പുകളിലും പെരുന്നാളിനുമെല്ലാം മാലിന്യനിർമാർജനത്തിനും ഹരിതചട്ടം പാലിക്കാനും ഹരിതകർമസേന രംഗത്തുണ്ട്. പതിനായിരക്കണക്കിന് ഭക്തരെത്തുന്ന കൊട്ടിയൂർ ഉത്സവത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ഓരോദിവസവും മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടം കമ്പോസ്റ്റിൽ സംസ്കരിക്കും.

ചെറുകുന്ന് അമ്പലം, അണ്ടലൂർക്കാവ് തുടങ്ങിയ ഉത്സവങ്ങളിലും ഹരിതകർമസേനയുടെ സേവനമുണ്ടായിരുന്നു. ഉത്സവത്തിന് എത്തുന്നവരും ദേവസ്വം ബോർഡും ഉൾപ്പെടെയുള്ളവർ അംഗീകരിച്ച പ്രവർത്തനമാണ് സേനയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ പറഞ്ഞു.

2021 ഏപ്രിൽ -2022 മാർച്ച് വരെ ശേഖരിച്ച മാലിന്യം

  • ⊿ പഴകിയ മാലിന്യം -18.36 ലക്ഷം കിലോ
  • ⊿ വേർതിരിച്ചത് -16.49 ലക്ഷം
  • ⊿ ഗ്ലാസ് കുപ്പികൾ -3.39 ലക്ഷം
  • ⊿ തുണി -79,000
  • ⊿ ഇ -മാലിന്യം -10,550
  • ആകെ -39.14 ലക്ഷം കിലോ
Tags:    
News Summary - Harithakarmasena; This task force is evergreen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.