ആലുവ: മധ്യകേരളത്തിന്റെ ജീവനാഡിയായ പെരിയാറിന്റെ കാരുണ്യത്താലാണ് നൂറ്റാണ്ടുകളായി കേരളത്തിന്റെ വലിയൊരു പ്രദേശം ജീവൻ നിലനിർത്തുന്നത്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലായി 70 ലക്ഷത്തോളം പേർക്കാണ് പുഴ കുടിവെള്ളമേകുന്നത്. പെരിയാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചെറുതും വലുതുമായ പമ്പിങ് സ്റ്റേഷനുകളിലൂടെയാണ് ജലം ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും. ഇതിൽ ഏറ്റവും വലിയ പദ്ധതി ആലുവയിലേതാണ്.
പെരിയാർ സമീപകാലത്തായി വളരെയധികം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മലിനീകരണത്തിന് പല കാരണങ്ങളുണ്ടെങ്കിലും ഏലൂർ, എടയാർ മേഖലയിലെ ചില വ്യവസായ സ്ഥാപനങ്ങളാണ് പെരിയാറിനെ മലിനീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്. ഇവർക്ക് മലിനീകരണ നിയന്ത്രണബോർഡിലേത് അടക്കമുള്ള ഉദ്യോഗസ്ഥരുടെയും മറ്റും പിന്തുണയുള്ളതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ട്. പുഴയിൽനിന്ന് ജലമെടുക്കുന്ന എല്ലാ വ്യവസായ ശാലകളും രാസമാലിന്യങ്ങളുൾപ്പെടെ മാലിന്യങ്ങൾ പുഴയിലേക്കുതന്നെ ഒഴുക്കുകയാണ്. കൃഷിയിടങ്ങളിൽനിന്നും തോട്ടങ്ങളിൽനിന്നും കീടനാശിനികളും പെരിയാറിനെ വിഷമയമാക്കുന്നു.
പെരിയാറിനെ വിഷം കുടിപ്പിക്കുന്നതിൽ വലിയൊരു പങ്ക് സമീപ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കുമുണ്ട്. പുഴയുടെ ഇരുകരയിലുമായി 44 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ഇവിടങ്ങളിലൊന്നും മാലിന്യ നിർമാർജന സംവിധാനങ്ങളില്ല.
തീരപ്രദേശത്തുള്ള നഗരങ്ങളിലെയും ചെറു കവലകളിലെയും പൊതുകാനകളിൽ നിന്നുള്ള മലിനജലം മുഴുവൻ പെരിയാറിലേക്കാണ് ഒഴുകിയെത്തുന്നത്. അറവ് മാലിന്യം, ആശുപത്രി മാലിന്യം, ചന്തകളിലെ മാലിന്യങ്ങൾ തുടങ്ങിയവയും എത്തുന്നുണ്ട്. ശുചിമുറി മാലിന്യം വരെ പെരിയാറിലേക്ക് നേരിട്ട് തുറന്നുവിടുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുണ്ട്. ആലുവ ജലശുചീകരണ ശാലയുടെ പെരിയാറിലെ കാച്ച്മെൻറ് ഏരിയയിൽപോലും വിഷാംശങ്ങളടങ്ങിയ മാലിന്യം അടിയുന്നുണ്ട്. കാനകളിലെ മലിനജലം മുഴുവൻ പെരിയാറിലാണ് എത്തുന്നത്. മാർക്കറ്റിന്റെ പിറകുവശത്തും ആശ്രമത്തിന് സമീപവുമാണ് പ്രധാന കാനകൾ പുഴയിൽ ചേരുന്നത്. ആശ്രമം ഭാഗത്തെ കാനയോടനുബന്ധിച്ച് മലിനജല ശുചീകരണ പ്ലാൻറുണ്ട്. ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. നഗരത്തിൽ നിന്നുള്ള അഴുക്കുകാനയിലെ മലിനജലം പ്ലാൻറിലേക്ക് തിരിച്ച് വിടുന്നിടത്തുനിന്ന് നല്ലൊരു ശതമാനം വെള്ളവും പുഴയിലേക്ക് നേരിട്ട് ചോർന്നൊഴുകുന്നുമുണ്ട്. മാർക്കറ്റിെൻറ പിറകിലായി അവസാനിക്കുന്ന കാനയിലൂടെയുള്ള മലിനജലം നേരിട്ടാണ് പുഴയിലേക്ക് ഒഴുക്കുന്നത്. ഈ കാന എത്തിച്ചേരുന്ന പുഴയുടെ ഭാഗവും പമ്പ് ഹൗസിലേക്ക് വെള്ളം ശേഖരിക്കുന്ന പരിധിയിൽ വരും. പമ്പ് ഹൗസിന്റെ കാച്ച്മെൻറ് ഏരിയയിൽ മാർക്കറ്റിന്റെ പിറകുവശത്തെ പുഴ ഉൾപ്പെടുന്നതിനാൽ മാർക്കറ്റിൽ മാലിന്യങ്ങൾ കൂട്ടിയിടാനോ കൈകാര്യം ചെയ്യാനോ പാടില്ലെന്നാണ് വ്യവസ്ഥ. അതും പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.