ആലത്തൂർ: സാധാരണയായി നല്ല ഡിമാൻഡുള്ളതാണ് ആലത്തൂർ ചിപ്സ്. ഓണക്കാലംകൂടി അടുത്തതോടെ കച്ചവടം പൊടിപാറുകയാണ്. അത്തം മുതൽ ഉത്രാടം വരെ ചിപ്സിന് ആവശ്യക്കാർ ഏറെയാണ്. വിശേഷ ദിവസങ്ങളിലും വിവാഹസദ്യകളിലും ഇലതലക്കൽ രണ്ടിനം വറുവൽ കാണും. അത് രണ്ടും നേന്ത്രക്കായ കൊണ്ട് ഉണ്ടാക്കുന്നതാണ്. ഒന്ന് കായ വറുവൽ, മറ്റൊന്ന് ശർക്കര ഉപ്പേരി. ഇവയില്ലാതെ സദ്യയില്ല.
ഇതര ദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ നാട്ടിൽ വന്നുപോകുമ്പോൾ ലഗേജുകളിലെ ഒരിനം നേന്ത്രക്കായ വറുവലായിരിക്കും. കോവിഡിന് ശേഷം വരുന്ന രണ്ടാമത്തെ ഓണമാണിത്. കഴിഞ്ഞ ഓണം കോവിഡ് വിട്ട ഉടനെയായിരുന്നതിനാൽ ചില നിയന്ത്രങ്ങളൊക്കെ ഉണ്ടായിരുന്നു. ഈ വർഷം അതൊന്നുമില്ല. അതുകൊണ്ടുതന്നെ കച്ചവടം കേമമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കായകൾക്ക് പുറമെ തമിഴ്നാട്ടിൽനിന്നും നേന്ത്രക്കായ വരുന്നുണ്ട്. ആലത്തൂരിൽ ചിപ്സിന് 260 മുതൽ 400 രൂപ വരെയാണ് വില. നിർമാണ രീതിയിലെ മികവാണ് വിലയിൽ മാറ്റം വരുത്തുന്നത്. നാട്ടിലുള്ള മുന്തിയ ഇനം കായയും വെളിച്ചെണ്ണയും ഉപയോഗിച്ച് വറുക്കുമ്പോൾ രുചിയും വിലയും കൂടും.
ഏതാനും വർഷം മുമ്പുവരെ വാഴകൃഷി മേഖലയോടനുബന്ധിച്ച ചെറിയ പട്ടണങ്ങളിലെ പ്രധാന തൊഴിലും വിപണനവുമായിരുന്നു നേന്ത്രക്കായ വറുവലെങ്കിൽ ഇന്നിപ്പോൾ കാര്യങ്ങൾ ആകെ മാറി. ബ്രാൻഡ് തലത്തിൽ വരാൻ തുടങ്ങിയതോടെ കേരളത്തിലും പുറത്തും കാര്യമായ വിപണിയുള്ള ഇനമായി ഇത് മാറി.
കേരളത്തിന്റെ അതിർത്തി പ്രദേശത്തെ തമിഴ്നാട് ഭാഗങ്ങളിലെ പട്ടങ്ങളിൽ മാത്രം കണ്ടിരുന്ന ചിപ്സ് ഇപ്പോൾ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും സുലഭമാണ്. മലയാളിയും ഓണവും ഉള്ള കാലത്തോളം മറ്റെന്തൊക്കെ മാറ്റം വന്നാലും നേന്ത്രക്കായ ചിപ്സിന്റെ ആവശ്യത്തിന് മാറ്റംവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.