സ്നേഹത്തിന്റെ ഇഫ്താർ പൊതികളുമായി ഇത്തവണയും ഒമാൻ മബേലയിലെയും പരിസരവാസികളിലെയും സാധാരണക്കാരായ പ്രവാസികളെ തേടി ആ മലയാളി കരങ്ങളെത്തും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ലബീഷാണ് തുടർച്ചയായി 13ാമത്തെ വർഷവും നോമ്പ് തുറക്കുന്ന സഹജീവികൾക്ക് സ്നേഹ വിരുന്നൂട്ടി മാതൃക തീർക്കുന്നത്. ആദ്യ ഘട്ടത്തിൽ പത്തിൽ താഴെ കിറ്റുകൾ മാത്രമാണ് നൽകിയിരുന്നതെങ്കിൽ ഇന്നത് ദിനേനെ 500 കിറ്റുകൾ നൽകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ചകളിൽ ഇത് 600 ആയും വർധിക്കും. വെന്തുരുകുന്ന മരുഭൂമിയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണിത്. ഇതിൽ ഇന്ത്യക്കാർക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളും ഉൾപ്പെടും. സനാഇയയിൽ ബിസിനസ് നടത്തുന്ന ലബീഷ് സ്വന്തം കൈയിൽനിന്ന് കാശെടുത്താണ് ഇത്രയും കിറ്റുകൾ നൽകുന്നത്.
പല സമയങ്ങളിലും പലരും സംഭാവന നൽകിയെങ്കിലും സ്നേഹത്തോടെ നിരസിക്കുകയായിരുന്നു. വിതരണം തുടങ്ങിയത് മുതൽ ഈ വർഷംവരെയും ഇഫ്താർ കിറ്റൊരുക്കാൻ ഒരു സാമ്പത്തിക ബുദ്ധിമുട്ടും തനിക്ക് ഉണ്ടായിട്ടില്ല. ഓരോ വർഷവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്യാൻ ദൈവം സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വിശപ്പിന്റെ വിലയറിഞ്ഞതാണ് തന്നെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് ലബീഷ് സാക്ഷ്യപ്പെടുത്തുന്നു. പ്രവാസം ആരംഭിച്ച ആദ്യവർഷം മുതൽക്കുതന്നെ നോമ്പെടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ, പലപ്പോഴും അത് നടക്കാതെ പോകുകയായിരുന്നു. നോമ്പിന് മാനസിക മുന്നൊരുക്കം ആവശ്യമാണ്. ആ ഒരുക്കത്തിലേക്ക് എത്താൻ പ്രവാസം തുടങ്ങി പത്തുവർഷമെടുത്തു എന്നാണ് മറ്റൊരു സത്യം.
ആദ്യനോമ്പ് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായിരുന്നു. ഉച്ചയായപ്പോഴേക്കും കണ്ണിൽ ഇരുട്ട് പരക്കാൻ തുടങ്ങി. വളരെ പ്രയാസപ്പെട്ട് കന്നി നോമ്പ് പൂർത്തിയാക്കിയപ്പോൾ വിശപ്പിന്റെ വില എന്താണെന്ന് മനസ്സിലാക്കിയിരുന്നു. ഈ ഒരു നോമ്പിലൂടെ ഞാനറിഞ്ഞ വിശപ്പിന്റെ വിളിയാണ് നോമ്പെടുക്കുന്ന സഹജീവികൾക്ക് ഭക്ഷണം കൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. അന്ന് തുടങ്ങിയ നോമ്പെടുക്കൽ മുടങ്ങാതെ ഈ വർഷവും തുടരുന്നുണ്ട്.
കൂടെയുണ്ട് കുടുംബം
തന്റെ ഏതൊരു വിജയത്തിന് പിന്നിലും കുടുംബമാണ്. ഈ സംരംഭം ഇത്രയും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് ഭാര്യയുടെയും കുട്ടികളുടെയും അകമഴിഞ്ഞ പിന്തുണകൊണ്ടാണ്. ഈ നോമ്പ് അവസാനിക്കുന്നതോടെ അടുത്ത റമദാനിലേക്ക് ഭക്ഷണം നൽകുന്നതിനുള്ള മുന്നൊരുക്കം നടത്തും. ഓരോ മാസവും നിശ്ചിത തുക ഇതിനായി മാറ്റിവെക്കും. ഇങ്ങനെ സ്വരൂപിക്കുന്ന കാശ് ഉപയോഗിച്ചാണ് ഭക്ഷണ കിറ്റുകൾ നൽകിവരുന്നത്.
ഭക്ഷണം വിതരണത്തിനുശേഷം വല്ല തുകയും മിച്ചംവരുന്നുണ്ടെങ്കിൽ അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളതെന്നും ലബീഷ് പറയുന്നു. നാല് വ്യത്യസ്ത വിഭവങ്ങൾ ഇടകലർത്തിയാണ് ഒരുമാസത്തിൽ ഭക്ഷണം നൽകിവരുന്നത്. ഭക്ഷണം തയാറാക്കുന്നതിനായി ചെറിയ ഹോട്ടലുകളെയാണ് ഏൽപിക്കാറുള്ളത്. തന്റെ ഈ സംരംഭത്തിലൂടെ സാധാരണക്കാരനായ മറ്റൊരാൾക്കുകൂടി ഗുണമുണ്ടാകമെന്നാണ് കരുതുന്നത്.
എന്നുവെച്ച് ഭക്ഷണത്തിന്റെ ഗുണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. ഭക്ഷണത്തെക്കുറിച്ച് ആളുകൾ എന്തെങ്കിലും പരാതി പറഞ്ഞാൽ അന്നേരം ആ ഹോട്ടലുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്നാണ് അവരെ അറിയിച്ചിരിക്കുന്നത്. താൻ ഭക്ഷണം വിതരണം ചെയ്യുന്നത് കണ്ടിട്ട് പലരും അത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണത്.
പല സമയങ്ങളിലായി ഒമാനി പൗരന്മാർ അഭിനന്ദനവുമായി എത്തിയിരുന്നു. ഇതിനെക്കാളെല്ലാം ഉപരിയായി സഹജീവികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും അവരുടെ പ്രാർഥനയുമാണ് ഏറ്റവും വലിയ സമ്മാനമെന്നും ലബീഷ് പറഞ്ഞു. ഭാര്യ: സീമു. മക്കൾ: ലക്ഷ്മി, പാർവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.