അടുക്കുള്ളയിടം

 

ലിവിങ് റൂം, ബെഡ്റൂം എന്നിവയെക്കാള്‍ സുന്ദരമായി അലങ്കരിക്കുന്നതും ഇന്ന് അടുക്കളകളെയാണ്. അതുകൊണ്ടുതന്നെ വീട് നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ വീട്ടമ്മമാര്‍ അടുക്കള മോടികൂട്ടാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള നിരവധി ആശയങ്ങളുമായി രംഗത്തത്തെുകയും ചെയ്യും. പലര്‍ക്കും സ്റ്റാറ്റസ് സിംപലാണ് അടുക്കള. 
ആധുനികത വീട്ടിലേക്ക് കയറിയത് അടുക്കളവഴിയാണോ എന്ന് സംശയിക്കത്തക്ക മാറ്റങ്ങളാണ് സംഭവിക്കുന്നത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്കെന്നത് മാറി അടുക്കളതന്നെ അരങ്ങായി.  
ഗൃഹനിര്‍മാണത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ ഇടമായി കണക്കാക്കിയിരുന്ന അടുക്കള ഒരുക്കല്‍ ഇന്ന്   ലക്ഷങ്ങളില്‍ തട്ടി പറന്നു കളിക്കുകയാണ്. 
ഇടത്തരം വീടിന്‍െറ അടുക്കളക്ക് മാത്രം ചെലവാകുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്. എന്നാല്‍, സൗകര്യത്തിലും ആകാരത്തിലും ഹൈടെക്കാകുന്ന അടുക്കളയില്‍   പണത്തിന്‍െറ പ്രതാപം ചില്ലറയല്ല.  മുക്കാല്‍കോടിക്കു മുകളില്‍ ചെലവിട്ട് അടുക്കള ഒരുക്കിയവര്‍ ഈ കേരളത്തിലുണ്ട്.  
  
തുടങ്ങാം നേരത്തേ
ആധുനിക അടുക്കളയുടെ സൗന്ദര്യവും സൗകര്യവും ഒരുക്കണമെന്നുള്ളവര്‍ വീട് നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തില്‍തന്നെ ഇക്കാര്യം ഉറപ്പിക്കണം. എങ്കില്‍ മോഡുലാര്‍ കിച്ചന്‍ ഉള്‍പ്പെടെയുള്ളവ സൗകര്യപ്രദമായി സ്ഥാപിക്കാനും അമിത ചെലവ് ഒഴിവാക്കാനും കഴിയും.
അടുക്കളക്കാര്യം ആദ്യം ആര്‍കിടെക്ടുമായി ചര്‍ച്ച ചെയ്യണം. ഏറ്റവും കൂടുതല്‍ നേരം അടുക്കളയില്‍ ചെലവഴിക്കുന്നവര്‍ തന്നെയാണ് ഇതേപ്പറ്റി അഭിപ്രായം പറയേണ്ടത്. അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ചാവണം ഡിസൈന്‍. അണുകുടുംബവ്യവസ്ഥ നാടുവാഴുന്നതിനാല്‍ അടുക്കള നിര്‍മാണത്തിലും മിതത്വം പുലര്‍ത്താം. പത്തടി നീളവും വീതിയുമുള്ള അടുക്കള സ്വധര്‍മം വൃത്തിയായി നിര്‍വഹിക്കും. പാന്‍ട്രിയോ വര്‍ക് ഏരിയയോ ഒക്കെ അടുക്കളയുടെ വലുപ്പം നിര്‍ണയിക്കുന്ന ഘടകമാണ്. കഠിന പാചകങ്ങള്‍ വര്‍ക് ഏരിയയിലേക്ക് മാറ്റാനാണ്  വീട്ടമ്മമാര്‍ക്ക് താല്‍പര്യം. വൃത്തിയുള്ള അടുക്കള വൃത്തിയായിത്തന്നെ ഇരിക്കുമല്ളോ. 
ഭിത്തി നിര്‍മാണത്തിന് പിന്നാലെ  അടുക്കള സംവിധാനം തുടങ്ങാം. വീടുപണിയുന്ന ആര്‍കിടെക്റ്റുമായോ   ഇന്‍റീരിയര്‍ ഡിസൈനറുമായോ   ചര്‍ച്ച ചെയ്ത് പ്രവൃത്തി തുടങ്ങണം. അടുക്കള മാത്രമായി ഡിസൈന്‍ ചെയ്യുന്നവരെയും വേണമെങ്കില്‍ ആശ്രയിക്കാം. സ്വന്തം ഇഷ്ടത്തിന് കോണ്‍ക്രീറ്റ് സ്ളാബുകള്‍ തീര്‍ത്തശേഷം ഇന്‍റീരിയര്‍ ഡിസൈനറെ സമീപിച്ചാല്‍ ഇവയെല്ലം പൊളിച്ച് നീക്കേണ്ടി വരാം. ധനനഷ്ടം, മാനഹാനി... പറയേണ്ടല്ളോ പിന്നത്തെ കാര്യം. 
 
 
വര്‍ക്കിങ് ട്രയാങ്കിള്‍
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗമുള്ള മൂന്ന് സാധനങ്ങളാണ് അടുപ്പ്, ഫ്രിഡ്ജ്, സിങ്ക് അഥവാ വാഷ്ബേസിന്‍. ഇവ മൂന്നും സൗകര്യപ്രദമായി അടുത്തടുത്തായി ക്രമീകരിച്ചാല്‍ പണികള്‍ എളുപ്പമായി. ഫ്രിഡ്ജിനും അടുപ്പിനും മധ്യത്തിലായി സിങ്ക് സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഫ്രിഡ്ജില്‍ നിന്ന് എടുത്ത് കഴുകിയ ശേഷമായിരിക്കും പലസാധനങ്ങളും പാചകത്തിന് ഉപയോഗിക്കേണ്ടത്. സിങ്കിന് തൊട്ട് മുകളിലായി ഒരു റാക്ക് ഘടിപ്പിച്ചാല്‍ കഴുകിയ പാത്രങ്ങള്‍ വെള്ളം ആറിപ്പോകുന്നത് വരെ ഇവിടെ വെക്കാം. സിങ്കിന് താഴെ തന്നെയാണ് വേസ്റ്റ് ബാസ്ക്കറ്റും വെക്കേണ്ടത്. 
സിങ്കിന് അടുത്തായി ജനലുണ്ടെങ്കില്‍ പാത്രം കഴുകുന്ന സ്ഥലം എന്നും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും. അതുപോലെ പാചകത്തിനിടയില്‍ പലതവണ ഫ്രിഡ്ജില്‍ നിന്ന് സാധനങ്ങള്‍ എടുക്കേണ്ടിവരും. അതിനാല്‍, ഒരു നില്‍പില്‍ അധികം അകലെയല്ലാതെ തന്നെ ഫ്രിഡ്ജിന്‍െറ സ്ഥാനം ക്രമീകരിക്കണം. വാതില്‍ തുറന്ന് ഒരാള്‍ക്ക് നില്‍ക്കാനുള്ള സ്ഥലവും ഫ്രിഡ്ജിനു മുന്നില്‍ ഉണ്ടാകണം. 
പിന്നീടുള്ളത് അടുപ്പാണ്. ഗ്യാസ് സ്റ്റൗ വന്നതോടെ എതു ദിശയിലേക്കും പാചകം ചെയ്യാമെന്നായി. ജനലോ വാതിലോ തുറന്നാല്‍ നേരിട്ട്  ബര്‍ണ്ണറിലേക്ക് കാറ്റടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീ അണയുന്നത് നമ്മളറിയാതെ ആയിരിക്കും.
 
പുകയില്ലാത്ത അടുപ്പ്
അടുക്കളയുടെ നെടുന്തൂണായ അടുപ്പുകള്‍ ഇന്ന് ഏറക്കൂറെ അടുക്കളകളില്‍നിന്ന് അപ്രത്യക്ഷമായെങ്കിലും ഏറ്റവും ലാഭകരവും സുരക്ഷിതവുമായ അടുപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. 
ഒരുകാലത്ത് ഏറെ പ്രചാരത്തിലിരുന്ന പരിഷത്ത് അടുപ്പുകളെ പിന്തള്ളി ഇന്നു പ്രചുര പ്രചാരത്തിലുള്ളത് ആലുവാ അടുപ്പുകളാണ്. കുറഞ്ഞ നിര്‍മാണച്ചെലവും ഇന്ധനക്ഷമതയുമാണ് ആലുവാ അടുപ്പുകളുടെ പ്രധാന ഗുണമേന്മ. മൂന്ന് അടുപ്പുകളുടെ സെറ്റായാണ് തയാറാക്കുക. ഇതില്‍ രണ്ട് അടുപ്പുകളില്‍ തീ കത്തിച്ചാല്‍ മൂന്നിലും പാചകം ചെയ്യാം. അടുക്കളയില്‍ ഒട്ടും തന്നെ പുക നിറയില്ല. പുക നിറഞ്ഞ്  അടുക്കള വൃത്തികേടായി പെട്ടെന്ന് പഴകിപ്പോകുന്നതിനാലാണ് പ്രധാനമായും അടുപ്പുകളെ വീട്ടമ്മമാര്‍ പറത്താക്കിയത്.  
വീടിന്‍െറ ഏറ്റവും മുകള്‍ ഭാഗത്തേക്കായി തുറക്കുന്ന കുഴലിലൂടെയാണ് പുക പുറന്തള്ളുന്നത്. ചെറിയ അളവില്‍ ഇന്ധനം ഉപയോഗിച്ചാല്‍ തന്നെ കൂടുതല്‍ ചൂട് നിലനില്‍ക്കുന്ന തരത്തിലാണ് ഈ അടുപ്പുകളുടെ നിര്‍മാണ രീതി. 
മണ്ണ്, കാസ്റ്റ് അയണ്‍, സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ എന്നിവ ഉപയോഗിച്ചാണ് അടുപ്പുകള്‍ നിര്‍മിക്കുന്നത്. മണ്‍ അടുപ്പുകള്‍ക്ക് ആയിരത്തില്‍ താഴെ രൂപയേ ചെലവൂള്ളു. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെങ്കിലും അശ്രദ്ധമായി കൈകാര്യം ചെയ്താല്‍ മണ്ണടുപ്പുകള്‍ വളരെപ്പെട്ടെന്ന് ഉപയോഗശൂന്യമാവും. 
കാസ്റ്റ് അയണ്‍ അടുപ്പുകള്‍ 25 വര്‍ഷത്തിലധികം വരെ ഉപയോഗയോഗ്യമാണെന്നാണ് ആലുവാ അടുപ്പ് നിര്‍മാണത്തില്‍ 1935 മുതല്‍ പ്രവര്‍ത്തിക്കുന്ന ആലുവാ സെറ്റില്‍മെന്‍റ് ഇന്‍ഡസ്ട്രീസ് നിര്‍മാതാക്കള്‍ പറയുന്നത്. മൂന്ന് അടുപ്പുകളുള്ള കാസ്റ്റ്അയണ്‍ സെറ്റിന് 1750 രൂപ വരും. വര്‍ഷങ്ങളോളം തുടര്‍ച്ചയായി ചൂടേല്‍ക്കുമ്പോള്‍ ഇവ ദ്രവിക്കാന്‍ സാധ്യതയുണ്ട്. 
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അടുപ്പുകളാണ് ഈ അടുപ്പുകളില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നത്. ഇവ 70 വര്‍ഷത്തിലധികം നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 15 വര്‍ഷത്തെ വാറണ്ടിയുണ്ട്. ഉദ്ദേശം 3,500 രൂപയാണ് സെറ്റിന് വില. അടുപ്പ് സെറ്റുകള്‍ കൂടാതെ പൂഴി, സിമന്‍റ്, ഇഷ്ടിക, പുകക്കുഴല്‍ എന്നിവ  അടുപ്പുസ്ഥാപിക്കാന്‍ ആവശ്യമാണ്. പണിക്കുലി ഇനത്തിലും ചെലവുണ്ട്. ആവശ്യക്കാര്‍ക്ക് കമ്പനി നേരിട്ട്തൊഴിലാളികളെ എത്തിച്ച് അടുപ്പ് നിര്‍മിച്ചുനല്‍കും. 
 
സിങ്ക്
പണ്ട് പാത്രം കഴുകല്‍ വീടിന് പുറത്തായിരുന്നു. അവശിഷ്ടങ്ങളും വൃത്തികേടുകളും വീടിനകത്തു അടച്ച്സൂക്ഷിക്കുന്ന ശീലവും പഴമക്കാര്‍ക്കുണ്ടായിരുന്നില്ല. പക്ഷേ, തിരക്കുപിടച്ച ആധുനിക ജീവിതത്തില്‍ പാത്രം കഴുകാന്‍ പോയിട്ട് ഒന്നു മുറ്റം കാണാന്‍ തന്നെ ആരും പുറത്തിറങ്ങുന്നില്ല. 
ആദ്യകാലങ്ങളില്‍ കോണ്‍ക്രീറ്റ് വാര്‍പ്പുകളില്‍ ടൈല്‍സ് ഒട്ടിച്ചും മറ്റുമാണ് വാഷ് സ്പെയിസ് നിര്‍മിച്ചിരുന്നത്. എന്നാല്‍, സ്ഥിരം  ഉപയോഗത്തില്‍ എളുപ്പം വൃത്തികേടാകാന്‍ തുടങ്ങിയതോടെ സിങ്ക് കടന്നുവന്നു. ചെലവ് കൂടുതലാണെങ്കിലും വൃത്തിയായി നിലനില്‍ക്കും എന്നതാണ് ഇതിന്‍െറ പ്രത്യേകത. കഴുകി വൃത്തിയാക്കി പാത്രം പോലെ സൂക്ഷിക്കാനും സിങ്കാണ് നല്ലത്. ഗുണമേന്മക്കും കമ്പനിക്കും സൗന്ദര്യത്തിനും സൗകര്യത്തിനും അനുസരിച്ച് 2,000 രൂപ മുതല്‍ ഒരുലക്ഷം രൂപയിലധികം വിലവരുന്ന സിങ്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 
മാര്‍ബിള്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വാഷ് ബേസിനുകളും അടുക്കളയിലിപ്പോള്‍ ഉപയോഗിക്കാറുണ്ട്. സിങ്കുകളില്‍ രണ്ടും അതില്‍ കൂടുതലും ബൗള്‍ ഉള്ളത്, ആന്‍റി സ്ക്രാച്ച് എന്നിങ്ങനെ നവാഗതര്‍ എത്തിക്കൊണ്ടിരിക്കുന്നു. വില വളരെ കൂടും. വലിയ ബൗള്‍ പത്രം കഴുകാനും ചെറുത് പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വൃത്തിയാക്കാനുമാണ് ഉപയോഗിക്കുന്നത്. 
 
നിലം
വീട്ടമ്മമാര്‍ സമയമേറെ ചെലവഴിക്കുന്ന അടുക്കളയുടെ തറയില്‍ ഉപയോഗിക്കുന്ന വസ്തുവിന് ഏറെപ്രാധാന്യമുണ്ട്. വീടുകളില്‍ ആധുനികത കടന്നുവന്ന ആദ്യകാലത്ത് മാര്‍ബിളും ഗ്രാനൈറ്റുമായിരുന്നു പ്രധാനമായും നിലത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍, പതിവായി ഉപയോഗിക്കുമ്പോള്‍ നടുവേദന, കാലുവേദന പോലുള്ള അസുഖങ്ങള്‍ വരുന്നതിനാല്‍ ആധുനിക ടൈല്‍സുകള്‍ രംഗത്തത്തെി. 
അടുക്കളയില്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കിയ വിട്രിഫൈഡ് ടൈലുകള്‍ ലഭ്യമാണ്. ഗുണമേന്മ അനുസരിച്ച് ചതുരശ്ര അടിക്ക് 40മുതല്‍ 200 രൂപ വരെ വിലയുണ്ട്. ഇവ തണുപ്പ് കുറഞ്ഞതും ചെറിയതോതില്‍ ജലാംശത്തെ സ്വാംശീകരിച്ച് തറ എന്നും ഉണക്കി സംരക്ഷിക്കാന്‍ കഴിവുള്ളവയുമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.