'പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് തലചായ്ക്കാന്‍
മണ്ണിലിടമില്ല.....'
ഈ വരികള്‍ കേള്‍ക്കാത്തവരായി ആരും തന്നെയില്ല, എന്നാല്‍ ഗൗരവമായി ചിന്തിക്കുന്നവര്‍ എത്രപേരുണ്ടാകും. വീടൂകളുള്ളവര്‍ക്കുപോലും നാളെ അവിടുന്ന് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിയാണ്. വികസനമെന്നും പട്ടയമെന്നുമെല്ലാം വിവിധ പേരുകളില്‍ പല കുടുംബങ്ങളും വഴിയിറക്കപ്പെടുമ്പോള്‍ ഇനി എവിടേക്കെന്ന ചോദ്യം മാത്രമേ അവരുടെ കണ്ണുകളില്‍ കാണാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇനി മുതല്‍ അത്തരം കുടിയിറക്കലുകള്‍ ഉണ്ടാകുകയിലെന്ന് പ്രത്യാശിക്കാം. എന്തെന്നാല്‍ തലസ്ഥാനത്ത്് നടപ്പാകുന്ന ചേരി പരിക്ഷകരണ പദ്ധതി യാഥ്യാര്‍ത്യമാക്കുകയാണ്.
അവഗണിക്കപ്പെട്ടവരും അനാഥരും രോഗികളും വൃദ്ധരും ഉള്‍പ്പെടുന്ന മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് തലചായ്ക്കാനും ജീവിത സാഹചര്യമൊരുക്കാനും ഈ ബൃഹദ് പദ്ധതിയിലൂടെ ലക്ഷ്യമിടുകയാണ്. തിരുവനന്തപുരത്തെ അമ്പലത്തറ വാര്‍ഡിലെ കല്ലടിമുഖത്താണ് 3.6 ഏക്കറില്‍ രാജ്യത്തിന് മാതൃകയാകുന്ന ചേരി പരിക്ഷകരണം പുരോഗമിക്കുന്നത്. 25 കോടിയിലധികം ചിലവഴിച്ചുള്ള നിര്‍മിതിയില്‍ ജനറല്‍, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായി 32 ഫ്‌ളാറ്റുകളിലായി 318 വീടുകളാണ് ഉയരുന്നു. ലാറി ബേക്കര്‍ നിര്‍മാണ ശൈലിയില്‍ വ്യത്യസ്ത ആകൃതിയിലും മനോഹാരിതയിലുമാണ് ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത്. 22 ഫ്‌ളാറ്റുകളിലായി 213 വീടുകള്‍ ജനറല്‍ വിഭാഗത്തിലും 10 ഫ്‌ളാറ്റുകളിലായി 105 വീടുകളുാണ് ഉയരുന്നത്. 'ഐ' ആകൃതിയില്‍ ഒമ്പത് വീടുകള്‍ വീതം 10 ഫ്‌ളാറ്റും 'എല്‍' ആകൃതിയില്‍ ഏഴ് ഫ്‌ളാറ്റും 'ടി' ആകൃതിയില്‍ 12 വീടുകളോടെ അഞ്ച് ഫ്‌ളാറ്റുകളുമാണ് ജനറല്‍ വിഭാഗത്തിന്. 14.93 കോടിയാണ് ചെലവ്. ഇതേരീതി തന്നെയാണ് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും; ചെലവ് 7.48 കോടി.
36 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഉയര്‍ന്നുകഴിഞ്ഞ വീടുകള്‍ക്ക് ഓരോ ബെഡ്‌റൂം, ഡൈനിങ്, അടുക്കള, സിറ്റ്ഔട്ട്, ബാത്ത്‌റൂം, ടോയ്‌ലെറ്റ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. യാചക പുനരധിവാസ കേന്ദ്രം, വൃദ്ധസദനം, അങ്കണവാടി, കമ്യൂണിറ്റി ഹാള്‍, സ്റ്റഡിസെന്റര്‍, ലൈബ്രറി, ഹെല്‍ത്ത് സെന്റര്‍, തൊഴില്‍ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ബയോഗ്യാസ് പ്‌ളാന്റ്, ഫുട്ബാള്‍ സ്‌റ്റേഡിയം, പെണ്‍കുട്ടികള്‍ക്കായി ഷട്ടില്‍കോര്‍ട്ട്, തണല്‍ വൃക്ഷങ്ങള്‍ വെച്ചുപിടിക്കല്‍ തുടങ്ങിയ നൂതനവും വ്യത്യസ്തമായ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
1.065 കോടി ചെലവിലാണ് വൃദ്ധസദനം പൂര്‍ത്തിയായത്. 697 ചതുരശ്ര മീറ്ററില്‍ വിശാലമായ വൃദ്ധസദനത്തിനുള്ളില്‍ കൂട്ടായ്മ ഒരുക്കാന്‍ പ്രത്യേക മുറ്റവും സമ്മേളന സ്ഥലവുമുണ്ട്.
1.8 കോടി ചെലവിലാണ് യാചക പുനരധിവാസ കേന്ദ്രം. 1157 ചതുരശ്ര മീറ്ററില്‍ നിര്‍മാണം പുരോഗമിക്കുന്ന ഇവിടെ 64 പേര്‍ക്ക് സുഖമായി വസിക്കാം. 'സാക്ഷാത്കാരം' എന്ന പേരില്‍ നിലവില്‍ കൊത്തളത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഇങ്ങോട്ട് മാറ്റാനാണ് പദ്ധതി. അങ്കണവാടികളുമായി ബന്ധപ്പെടുത്തി കുട്ടികളുമായി ഇടപഴകാനും കൃഷി, കൈത്തൊഴില്‍ എന്നിവക്കും ഇവിടെ സംവിധാനമൊരുക്കും. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് അങ്കണവാടികളെയും സ്റ്റഡി സെന്ററുകളെയും ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു.
വിവിധ പ്രോഗ്രാമുകളിലൂടെ പെണ്‍കുട്ടികളെ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാനും പദ്ധതിയുണ്ട്. സ്ത്രീകള്‍ക്കായി വിവിധ തൊഴില്‍ പരിശീലന പദ്ധതികളും ഉണ്ടാകും. 2012 ഫെബ്രുവരിയില്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2014 ഏപ്രിലോടെ പൂര്‍ത്തിയാകും. എസ്.സി, എസ്.ടി വിഭാഗത്തിനായുള്ള നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. 70 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അനുബന്ധ റോഡുകള്‍, പാലം എന്നിവയും 500 ഓളം വൃക്ഷങ്ങളുമാണ് വെച്ചുപിടിപ്പിക്കുന്നത്.
ബി.എസ്.യു.പി ഫണ്ട് പ്രയോജനപ്പെടുത്തി നഗരസഭ നേതൃത്വം നല്‍കുന്ന ബൃഹദ്പദ്ധതി യാഥാര്‍ത്യമാക്കുന്നത് കോസ്റ്റ് ഫോര്‍ഡാണ്.
ചെലവ് കുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതും ലളിതവും പുതുമയും നിറഞ്ഞ ഈ ഹരിതഗൃഹങ്ങള്‍ പുനരധിവാസത്തിലൂടെ വലിയ കൂട്ടായ്മക്കാണ് വഴിയൊരുക്കുന്നത്.
ചിത്രങ്ങള്‍: പി. അഭിജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.