ഒരു വീട്; കര്‍മങ്ങള്‍ പലത്

വീട് അതിലെ താമസക്കാര്‍ക്കൊപ്പം ഒരു നാടിന്‍െറ കൂടി ഭാഗഭാക്കാകുക. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ മാനങ്ങള്‍ അതിന് കൈവരിക. മലപ്പുറം പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാടിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണിത്. സദാ തുറന്നുകിടക്കുന്ന ഗേറ്റുള്ള മറ്റൊരു വീട് ഇതുപോലെ ഉണ്ടാവില്ളെന്ന് തീര്‍ച്ച. 
ഈ പടികടന്ന് വന്നവര്‍ക്കാര്‍ക്കും നിരാശയോടെ മടങ്ങേണ്ടി വന്നിട്ടില്ല. ആരെയും എപ്പോഴും ഉള്‍ക്കൊള്ളാനാകുംവിധം വിശാലമാണീ വീടിന്‍െറയും അതില്‍ വസിക്കുന്നവരുടെയും അകത്തളങ്ങള്‍,    കാലം ചിലര്‍ക്കുമാത്രം കല്‍പ്പിച്ചു നല്‍കുന്ന അനുഗ്രഹങ്ങള്‍.
പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും തുറന്നിട്ട വഴിയില്‍ കാലത്തിനൊപ്പം ഈ വീടും  ചലിച്ചു. രാഷ്ട്രീയവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വേദിയായി. കുടുംബ പ്രശ്നങ്ങളും സ്വത്തുതര്‍ക്കവും പരിഹരിക്കുന്ന കോടതിയായി. ഉറച്ച തിരുമാനങ്ങള്‍ക്ക് സാക്ഷിയായി. ചിലര്‍ക്ക് ആശ്വാസവും മറ്റു ചിലര്‍ക്ക് വിശ്വാസവുമായി. ആ പരമ്പരയുടെ ഇങ്ങേ തലക്കല്‍ ഇന്ന് തറവാട്ടില്‍ മുനവറലി ശിഹാബ് തങ്ങളാണ്. വര്‍ഷത്തിലും മഴയൊന്ന് മാറിയാല്‍ പരക്കുന്ന വെയിലില്‍ വീടും ചുട്ടുപൊള്ളവേ പഴയ തറവാട് ആയിരുന്നു കേമം എന്ന് അദ്ദേഹം ഓര്‍ക്കുന്നു.  നടുമുറ്റവും നീളന്‍ വരാന്തയും നിറയെ തൂണുകളും രണ്ട് ഉമ്മറവുമൊക്കെയായി എടുപ്പുള്ളതായിരുന്നു പഴയ കൊടപ്പനക്കല്‍ തറവാട്. ദൂരങ്ങളില്‍ നിന്ന് വീട്ടില്‍ എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാന്‍ പൂക്കോയ തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. വന്നത്തെുന്നവരുടെ മനസ്സും വയറും നിറച്ചൊരു വീട്...കാലം അതിന്‍െറ ചുമരുകള്‍ അസ്ഥിരപ്പെടുത്തി തുടങ്ങുകയും വീട്ടിലെ അംഗങ്ങള്‍ കൂടുകയും ചെയ്തതോടെയാണ് തറവാട് പൊളിക്കാന്‍ തീരുമാനമായത്. 1986ലായിരുന്നു അത്. 
.........
പൂക്കോയ തങ്ങളും കുടുംബവും പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളുമായിരുന്നു രണ്ട് തലമുറക്ക് മുമ്പ് തറവാട്ടില്‍. മക്കളില്ലാതിരുന്ന അലി പൂക്കോയ തങ്ങള്‍ കൊടപ്പനക്കല്‍ തറവാട് സഹോദര പുത്രന് കൈമാറി. പൂക്കോയ തങ്ങളുടെ മരണശേഷം മൂത്തമകന്‍ മുഹമ്മദലി ശിഹാബ് തങ്ങളായി വീട്ടുകാരണവര്‍. ഇദ്ദേഹത്തിന്‍െറ സഹോദരങ്ങളായ ഉമറലി, ഹൈദരലി, സാദിഖലി, അബ്ബാസലി എന്നീ അനിയന്‍മാരും രണ്ട് അനിയത്തിമാരും അടങ്ങുന്ന കുടുംബം. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ ഷെരീഫാ ഫാത്തിമ ബീവിയെ മുഹമ്മദലി ശിഹാബ് തങ്ങള്‍ വിവാഹം കഴിച്ചതോടെ കുടുംബം പിന്നെയും വലുതായി. ഇവര്‍ക്ക് മുനവറലിയും ബഷീറലിയും ഫൈറൂസയും സമീറയും സുഹ്റയും പിറന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരങ്ങള്‍ക്കും കുടുംബവും കുട്ടികളും ആയതോടെ എണ്ണം പിന്നെയും കൂടി. 
 
ഒടുവില്‍ അവര്‍ ആ തീരുമാനത്തിലത്തെി. കാലം ആവശ്യപ്പെടും പോലെ പുതിയ വീടു പണിയുക. മുഹമ്മദലി ശിഹാബ് തങ്ങളുടെ അനിയന്‍മാരില്‍ പലരും ഇതിനകം വേറെ വീടുവെച്ച് താമസം മാറിയിരുന്നു. അങ്ങനെ 1988ല്‍ പഴയ തറവാടിന്‍െറ സ്ഥാനത്ത് പുതിയൊരണ്ണം ഉയര്‍ന്നു. ആഡംബരത്തേക്കാള്‍ സൗകര്യങ്ങള്‍ക്കായിരുന്ന ആ വീട്ടില്‍ പ്രാമുഖ്യം. രണ്ടു നിലകളിലായുള്ള ഒരു വീട്. വിശാലമായ മുറ്റവും ഉമ്മറവും അതിനോട് ചേര്‍ന്ന പ്രാര്‍ഥനാ മുറിയും. അതിഥി സ്വീകരണവും കുടുംബകാര്യങ്ങളും എല്ലാം ഇതില്‍ തന്നെ. വീടിനല്ല , വീട്ടുകാരുടെ ഉള്ളിനാണ് ഭംഗി വേണ്ടതെന്ന് അന്നും ഇന്നും ഈ വീട്ടിലത്തെുന്നവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിന് സാക്ഷിയെന്നപോലെ പൂക്കോയ തങ്ങളുടെ ഒരു വട്ടമേശ ഇപ്പോഴും വീടിന്‍െറ ഉമ്മറത്തുണ്ട്. ഉന്‍മാദ ചിന്തകള്‍ ശമിച്ചതിന് കുടകിലെ ഒരു മരപ്പണിക്കാരന്‍ സമ്മാനിച്ചതാണത്രെ വിശേഷപണിയുള്ള ഈ മേശ. ഓര്‍മകളുടെയും അനുഭവങ്ങളുടെയും കൂടി ഇടമാ ണീ വീട്. പലര്‍ക്കും പലതരത്തില്‍ എന്തെങ്കിലും നല്‍കുന്ന വീട്.  ഒരേസമയം പലതായി മാറുക അതീ വീടിന്‍െറ മാത്രം പ്രത്യേകത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.