വരൂ... അടുക്കള ‘അരമന’യാക്കാം

‘അടുക്കള ഇനിയൊരു കൊട്ടാരമാക്കാം’ എന്ന ഒരു പരസ്യ വാചകമുണ്ട്. ഇത് ഒന്നു മനസ്സുവെച്ചാല്‍ എളുപ്പത്തില്‍ യാഥാര്‍ഥ്യമാകുന്ന കാര്യംതന്നെ. ‘അടുക്കി’വെക്കുന്ന ‘കള’മായിരുന്ന അടുക്കളയുടെ രൂപം പലയിടത്തും ഇന്ന് മാറിയിരിക്കുന്നു. വീട്ടിലെ സാധന സാമഗ്രികളെല്ലാം കൂട്ടിയിടുന്ന ഇടമായി മാറിയിട്ടുണ്ട് ഇന്ന് പല അടുക്കളകളും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നിരത്തിവെച്ച ഇത്തരത്തിലുള്ള അടുക്കളകള്‍ വീടിന്‍െറ ഭംഗിയത്തെന്നെ ഇല്ലാതാക്കുന്നു. ആര്‍കിടെക്ടുകള്‍ ഇന്ന് പ്രധാനമായും ശ്രമിക്കുന്നത് എങ്ങനെ അടുക്കള നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാം എന്നതാണ്. പുതിയ വീടുകളും പഴയ വീടുകളും അടുക്കളയിലൂടെ ഭംഗികൂട്ടുന്ന പൊടിക്കൈകളും ഇവരുടെ പക്കലുണ്ട്. അതിനുമുമ്പ് അടുക്കളയെ പിന്നിലാക്കിയ ഒരു കഥ.

 അടുക്കള ‘പിന്നിലായ’ കഥ


അടുക്കളയെ പിന്നിലാക്കിയ ഒരു കഥയുണ്ട്. പണ്ട് ഒരു വീടിന്‍െറ പ്രഥമ സ്ഥാനം വഹിച്ചിരുന്ന അടുക്കളകളുടെ സ്ഥാനം വീടിന്‍െറ മുന്നിലായിരുന്നു. അതാണ് ആണ്‍-പെണ്‍ ഭേദമില്ലാതെ അടുക്കളക്കാര്യങ്ങള്‍ നോക്കിയിരുന്ന കാലം. നാടിന്‍െറയും വീടിന്‍െറയും ചര്‍ച്ചകളെല്ലാം നടന്നിരുന്നത് അടുക്കളകളില്‍തന്നെ. അതിഥികളെ വീട്ടിലേക്ക് വരവേറ്റിരുന്നതും അടുക്കളതന്നെ. എന്നാല്‍, കാലം സ്ത്രീകളെ അടുക്കളയില്‍ പൂട്ടിയിട്ടു. സ്ത്രീയുടെ സ്ഥാനം അടുക്കളയാണെന്ന അലിഖിത മൂഢത്വത്തിന്‍െറ പിടിയില്‍നിന്ന് രക്ഷനേടാനാകാതെ സ്ത്രീ അടുക്കളയിലേക്ക് ഒതുക്കപ്പെട്ടു. പതുക്കെ പുരുഷ മേല്‍ക്കോയ്മ കയറിവന്ന വീടുകളില്‍ അടുക്കളകള്‍ വീടിനു പിന്നിലേക്ക് തഴയപ്പെട്ടു. പലരും അരങ്ങത്തേക്ക് വന്നപ്പോഴും ഇന്നും ചില വീടുകളില്‍ സ്ത്രീ അടുക്കള മാത്രം ലോകമാക്കി ജീവിക്കുന്നു.



 

 

അടുക്കളയെ ‘ഒതുക്കാം’


പാചകം ഒരു കലയാണെങ്കില്‍ അതിന്‍െറ സൗന്ദര്യം നിര്‍ണയിക്കുന്നത് അടുക്കളയാണ്. രുചിയുള്ള ഭക്ഷണം പാകം ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന ഇടവും ഏറെ ശ്രദ്ധിക്കേണ്ടതുതന്നെ. അടുക്കും ചിട്ടയുമുള്ള അടുക്കളകള്‍ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കാറുണ്ട്. ഒന്നാമതായി ശ്രദ്ധിക്കേണ്ടത് അടുക്കളയില്‍ അവിടെ ആവശ്യത്തിനുവേണ്ട സാധനങ്ങള്‍ മാത്രം സൂക്ഷിക്കാനാണ്. പാചകത്തിനുവേണ്ടിയുള്ള സാധനങ്ങള്‍ ക്രമമായി ഒതുക്കി മറ്റുള്ളവക്ക് വേറെ സ്ഥലം കണ്ടത്തെണം. അടുക്കളയെ ഒതുക്കി നിര്‍ത്താന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ് കിച്ചണ്‍ കാബിനുകള്‍.
സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാകണം കിച്ചണ്‍ കാബിനുകളുടെ നിര്‍മാണം. പരമാവധി സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുകയും ഒപ്പം ഭംഗി കൂട്ടാന്‍ ഉതകുന്ന തരത്തിലും കാബിനുകള്‍ ക്രമീകരിക്കാം.
കിച്ചണ്‍ കാബിനുകളെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുവേണ്ടി വിവിധ മേഖലകളില്‍ ക്രമീകരിക്കുന്നതായിരിക്കും നന്നാവുക. വിവിധ കിച്ചണ്‍ കാബിനുകള്‍...

കിച്ചണ്‍ ടോപ് കാബിനുകള്‍  ക്രമീകരിക്കാം


അടുക്കളയുടെ മുകള്‍വശത്ത് കൈയത്തെും ദൂരത്ത് നിര്‍മിക്കുന്നവയാണ് ടോപ് കാബിനുകള്‍.  
സാധനങ്ങള്‍ നിരത്തിയിടുന്നതിനുപകരം ഭാരം കുറഞ്ഞ അടുക്കള സാധനങ്ങളെല്ലാം ടോപ് കാബിനുകളില്‍ ഒതുക്കിവെക്കാം. ഭാരമേറിയ വസ്തുക്കള്‍ ടോപ് കാബിനുകളുടെ ഉറപ്പിനെ ബാധിച്ചേക്കും. ടോപ് കാബിനുകള്‍ക്ക് ഭംഗികൂട്ടാന്‍ അടുക്കള വാതിലില്‍ ഉപയോഗിച്ചിരിക്കുന്ന ഡിസൈനുകള്‍ കാബിന്‍ ഡോറുകള്‍ക്കും നല്‍കാം.
 പൊതുവേ ഭാരം കുറഞ്ഞ മെറ്റീരിയലുകള്‍ കൊണ്ടാണ് ടോപ് കാബിനുകള്‍ നിര്‍മിക്കാറ്. എന്നാല്‍, കൂടുതല്‍ ഈടും സുരക്ഷയും ഉറപ്പുവരുത്തുകയും വേണം. ചിത്രങ്ങളോടു കൂടിയ ഗ്ളാസ് കാബിനുകളും വുഡ് കളര്‍ കാബിനുകളുമാണ് ടോപ് കാബിനുകളുടെ ഗണത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ബോട്ടം കാബിനുകള്‍


ടോപ് കാബിനുകളില്‍ ഭാരം കുറഞ്ഞ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ബോട്ടം കാബിനുകളില്‍ ഭാരമുള്ളവ അടുക്കിവെക്കാം.  സാധാരണ അരിയും മറ്റു സാധനങ്ങളും ചാക്കിലും സഞ്ചിയിലുമെല്ലാമായി അടുക്കളയില്‍ അങ്ങിങ്ങായി വെക്കുന്നത് കാണാം. ഇവയെ ബോട്ടം കാബിനുകളില്‍ ഒതുക്കാം. ബോട്ടം കാബിനുകള്‍ നിര്‍മിക്കുമ്പോള്‍ പരമാവധി സ്ഥലം പ്രയോജനപ്പെടുത്താനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വാഷ്ബേസ് പോലുള്ളവയുടെ താഴ്ഭാഗം വരെ ബോട്ടം കാബിനുകളാക്കി മാറ്റാവുന്നതാണ്. ഗ്യാസ് സിലിണ്ടറിനായി പ്രത്യേകം കാബിന്‍തന്നെ നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. ഭംഗികൂട്ടാനായി ഒരിക്കലും സിലിണ്ടര്‍ മൂടിവെക്കരുത്. വായു സഞ്ചാരം വേണ്ടുവോളമുള്ള കാബിനാണ് സിലിണ്ടറിനുവേണ്ടി ഉണ്ടാക്കേണ്ടത്. വീടിന്‍െറ ഫ്ളോര്‍ ഡിസൈനിന് അനുയോജ്യമായ ഡിസൈനുകളില്‍ ബോട്ടം കാബിനുകള്‍ നിര്‍മിച്ച് അടുക്കളയുടെ ഭംഗി കൂട്ടാം.

മോടികൂട്ടാന്‍ ഷോകേസ് കാബിനുകള്‍


ഷോകേസ് മാതൃകയിലും അടുക്കളയില്‍ കാബിനുകള്‍ നിര്‍മിക്കാം. ഭംഗിയുള്ള ഗ്ളാസുകളും പ്ളേറ്റുകളും  അടുക്കിവെച്ച് ഇത്തരം കാബിനുകള്‍ക്കും അതുവഴി അടുക്കളക്കും ഭംഗി കൂട്ടാം. നിരക്കിനീക്കാവുന്ന ഗ്ളാസ് ഡോറുകളാണ് ഇത്തരത്തിലുള്ള കാബിനുകള്‍ക്ക് ആകര്‍ഷണീയം.


തടി, പൈ്ളവുഡ്, അലുമിനിയം, പി.വി.സി, പ്ളാസ്റ്റിക്, ഫൈബര്‍ തുടങ്ങിയവയാണ് കാബിന്‍ നിര്‍മാണത്തിന് കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഇതില്‍ മരംകൊണ്ടുള്ള കാബിനുകള്‍ക്ക് ഉറപ്പും പ്രൗഢിയും കൂടും.  എന്നാല്‍, മരത്തിന്‍െറ ചെലവ് പലപ്പോഴും നമ്മെ മാറ്റി ചിന്തിപ്പിക്കും. പൈ്ളവുഡ് ഉപയോഗിച്ച് നിര്‍മിക്കുന്ന കാബിനുകള്‍ക്ക്  ഉറപ്പ് കുറവായിരിക്കും.
അടുക്കളയായതുകൊണ്ടുതന്നെ നനവ് പറ്റി ദ്രവിക്കാനുള്ള സാധ്യതയും ഇവക്ക് കൂടുതലാണ്. അലുമിനിയം ഫ്രെയിം ആണ് കാബിനുകളുടെ നിര്‍മാണത്തിന് കൂടുതലായും തെരഞ്ഞെടുക്കപ്പെടുന്നതെന്ന് ആര്‍ക്കിടെക്ടുകള്‍ പറയുന്നു. ഈടും ഭംഗിയും തന്നെയാണ് ഇതിന് പ്രധാന കാരണം. ഭംഗിയുള്ള നിറങ്ങളും ആകര്‍ഷകങ്ങളായ ഗ്രിപ്പുകളും കാബിനുകളുടെയും അടുക്കളയുടെയും മോടി കൂട്ടുന്നു.
അടുക്കള ക്രമീകരിക്കുമ്പോള്‍ ഫ്രിഡ്ജ്, സ്റ്റൗ, വാഷ്ബേസ് എന്നിവ  കൈയത്തെും ദൂരത്ത്  സ്ഥാപിക്കണം.  പൊതുവെ അടുക്കളയില്‍ കാണാറുള്ള ‘എല്‍’ ഷേപ് കിച്ചണ്‍ സ്ളാബില്‍ സ്റ്റൗവും വാഷ്ബേസും ഒരേ വശത്ത് സ്ഥാപിക്കുന്നതായിരിക്കും ഉചിതം. മറുവശം പച്ചക്കറിയരിയാനും മറ്റും ഉപയോഗപ്പെടുത്താം.

കടല്‍ കടന്ന് ഓപണ്‍  കിച്ചണിലേക്ക്


അടുക്കളയുടെ സ്റ്റൈല്‍ ഇന്ന് ഒട്ടാകെ മാറിയിരിക്കുന്നു. പല വീടുകളിലും പാശ്ചാത്യരാജ്യങ്ങളിലുള്ള ഓപണ്‍ കിച്ചണുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ന് ആര്‍കിടെക്ടുകള്‍ കൂടുതലായി നിര്‍ദേശിക്കുന്നതും ഓപണ്‍ കിച്ചണ്‍ എന്ന മോഡല്‍തന്നെ. കുറഞ്ഞ സ്ഥലത്ത് അടുക്കളയും ഡൈനിങ് ഹാളും ഒന്നിച്ചൊരുക്കാമെന്നതാണ് ഇതിന്‍െറ പ്രത്യേകത. ചെറിയ വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കുമാണ് ഓപണ്‍ കിച്ചണുകള്‍ കൂടുതലും ഇണങ്ങുക. സമയം, സ്ഥലം, ചെലവ് എന്നീ കാര്യങ്ങള്‍ ഓപണ്‍ കിച്ചണുകളിലൂടെ ഒരു പരിധിവരെ ലാഭിക്കാനാകും. അടുക്കളയെ അടുക്കും ചിട്ടയുമുള്ളതാക്കാനും ഇവ സഹായിക്കും. ഡൈനിങ് ഹാളിനോട് ചേര്‍ന്ന ഭാഗങ്ങളും കിച്ചണ്‍ കാബിനുകള്‍ക്കായി തെരഞ്ഞെടുക്കാം. ഡൈനിങ് ഏരിയയില്‍ പെയ്ന്‍റിങ്ങുകളും ഗ്ളാസ് ഷോകേസും സ്ഥാപിച്ച് അടുക്കള കൂടുതല്‍ സുന്ദരമാക്കാം.
അടുക്കള നിര്‍മിക്കുമ്പോള്‍  നല്ളൊരു ഇന്‍റീരിയര്‍ ഡിസൈനറെ സമീപിക്കുന്നതാകും ഉചിതം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.