ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വിളയുന്ന മട്ടുപ്പാവ്. പുരപ്പുറത്തിനിണങ്ങുമോ ഈ വിശേഷണമെന്ന് അന്തമില്ലാതെ ചിന്തിക്കാന്‍ വരട്ടെ. ഇത്തിരി കൃഷിപ്പൂതി മനസ്സിലുണ്ടെങ്കില്‍ നടക്കും. മട്ടുപ്പാവിലൊരു മഴമറയൊരുക്കിയാല്‍ പെരും വിഷമടിച്ചത്തെുന്ന കായ്കറികളോട് സലാം പറയാം. വീട്ടാവശ്യത്തിനും വില്‍ക്കാനുമുള്ളത് വിളയിക്കാം. മുളക്, കാപ്സിക്കം, വഴുതിന, വെണ്ട, പാവല്‍, കുമ്പളം, പയര്‍, ചീര, കാബേജ്, കോളിഫ്ളവര്‍, തക്കാളി, കാന്താരി, കൂര്‍ക്ക....വിളയാത്തവയുടെ പേര് ചൊല്ലാന്‍ ആരെയും പന്തയത്തിന് വിളിക്കാം.
പുരക്ക് മേലെ അലൂമിനിയം ഷീറ്റുകൊണ്ട് രണ്ടാംമേല്‍ക്കൂര പണിയുന്നത് നാട്ടുനടപ്പാണിപ്പോള്‍. ചൂടിന് പ്രതിവിധി. ചോര്‍ച്ചക്ക് ഒറ്റമൂലി. തുണികളുടെ ഉണക്കുപുര... അങ്ങനെ പലതാണ് മേല്‍പ്പുരയുടെ സാധ്യത. തുണി ഉണക്കാന്‍ മറുവഴി തേടാമെങ്കില്‍ അടുക്കളത്തോട്ടത്തെ എളുപ്പം മട്ടുപ്പാവിലത്തെിക്കാം. അതിന് തയാറുള്ളവര്‍ക്കുള്ളതാണ് ഈ കുറിപ്പ്. വീട്ടുകാരാരെങ്കിലും കൃഷിസ്നേഹികളാണെങ്കില്‍ നനഞ്ഞിറങ്ങാം.
കനമുള്ള പൈപ്പുകളും കോണ്‍ക്രീറ്റുമെല്ലാം പുരപ്പുറത്ത് നിറുത്തുന്ന പോളിഹൗസ് വേണ്ട. അതിന്‍െറ റോളുകളെല്ലാം ഭംഗിയായി നിര്‍വഹിക്കുന്ന മഴമറ ധാരാളം. ഒരിഞ്ച് സമചതുര പൈപ്പുകൊണ്ട് സ്ട്രക്ചര്‍ നിര്‍മിക്കാം. വാണിജ്യാവശ്യംകൂടി ലക്ഷ്യമിടുന്നെങ്കില്‍ കുറച്ച് പണം ചെലവഴിക്കാം. അല്ളെങ്കില്‍ തണല്‍വലകള്‍കൊണ്ട് കാര്യം കഴിക്കാം. രണ്ട് ലക്ഷം രൂപകൊണ്ട് 1,200 ചതുരശ്ര അടി കൊട്ടകയൊരുക്കാം. കൃഷിയാണ്. വെള്ളം അത്യാവശ്യ ഘടകവും. വെള്ളം കെട്ടിനിന്നാല്‍ കോണ്‍ക്രീറ്റില്‍ ചോര്‍ച്ച ഉറപ്പ്. ചെറിയൊരു പൊടിക്കൈകൊണ്ട് വെള്ളത്തെ പാട്ടിന് വിടാം. നിലത്ത് പൊളിത്തീന്‍ ഷീറ്റ് വിരിക്കലാണത്. വിളകളെ കുടിയിരുത്തേണ്ടത് ഗ്രോ ബാഗുകളില്‍. മണ്ണിരകമ്പോസ്റ്റും ചകിരിച്ചോറും ആട്ടിന്‍കാഷ്ഠം പൊടിച്ചതും ചേര്‍ത്ത പോട്ടിങ് മിശ്രിതം വേണം ഗ്രോ ബാഗുകളില്‍ നിറച്ച് തൈ നടാന്‍. മണ്ണ് നിര്‍ബന്ധമല്ളെന്ന് സാരം. ഇതുകൊണ്ട് രണ്ടുണ്ട് മെച്ചം. മണ്ണിന്‍െറ അമിതഭാരം മട്ടുപ്പാവിലേറിയെന്ന ബേജാറ് വേണ്ട. ചകിരിച്ചോറ് ഉപയോഗിക്കുന്നതിനാല്‍ നനയുടെ ഇടവേളകള്‍ കൂട്ടാം.
മേല്‍ക്കൂരയില്‍ യു.വി ഷീറ്റിടാം. തുള്ളിനനയും തളി നനയുമൊക്കെ നന്ന്. നാലുപാടും അടച്ചുകെട്ടിയതാണ് പോളി ഹൗസുകള്‍. ഈച്ചക്കുപോലും അകത്തേക്ക് പ്രവേശനമില്ല. എന്നാല്‍, നാലുഭാഗവും തുറന്നിടുന്നതാണ് മഴമറ. ആവശ്യമെങ്കില്‍ അരികുകളില്‍ ഹരിതവലകൊണ്ട് കര്‍ട്ടനിടാം. ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശികളാകാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വിദഗ്ദരുണ്ട്. കൃഷിഭവനുകളും തുണയേകും. ചാണകപ്പൊടി, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക്, ചകിരിച്ചോറ് ചേര്‍ത്ത കമ്പോസ്റ്റ് ഇവ ഇടക്കിടെ ചേര്‍ത്താല്‍ രാസവളത്തെക്കുറിച്ച് ആലോചിക്കാന്‍പോലും നേരംകിട്ടിയെന്ന് വരില്ല. പടര്‍ന്നുവളരുന്നവയെ തോന്നുംപടി വളരാന്‍ വിടരുത്. പയറിനും കുക്കുമ്പറിനും കുത്തനെ പടരാന്‍ വല കെട്ടികൊടുക്കണം. ടിഷ്യുനെറ്റ് ഉപയോഗിച്ച് ലംബകൃഷിയുടെ (വെര്‍ട്ടിക്കല്‍ ഫാമിങ് )സാധ്യത പ്രയോജനപ്പെടുത്താം.
അല്ലറചില്ലറ രോഗങ്ങള്‍, കീടങ്ങള്‍ എന്നിവയെ ഏതുനേരവും പ്രതീക്ഷിക്കണം. അവയെ തുരത്താന്‍ ചില വിഷരഹിത പോംവഴികളുണ്ട്. 100 ഗ്രാം കാന്താരിമുളക്, അത്രതന്നെ വെളുത്തുള്ളി, 25 മില്ലിലിറ്റര്‍ ആവണക്കെണ്ണ, 50 മില്ലിലിറ്റര്‍ വേപ്പെണ്ണ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ അരച്ചുകലക്കി അത് അരിച്ചെടുത്ത് പത്തിരട്ടി വെള്ളംചേര്‍ത്ത് തളിച്ചാല്‍ കീടങ്ങള്‍ സുല്ലിടും. മുഞ്ഞയാണ് വില്ലനെങ്കില്‍ തൊടിയില്‍ കാണുന്ന ചോണനുറുമ്പിനെ വിളയിലത്തെിച്ചാല്‍ മതി. കീടങ്ങളെ തുരത്താന്‍ മഞ്ഞക്കെണ്ണിയും വേപ്പിന്‍കുരു സത്തും പുകയില കഷായവും ധാരാളം. മഞ്ഞക്കെണിയില്‍ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടാം. ഇത്രയുമായാല്‍ വൈകാതെ പുരപ്പുറത്ത് കാണാം വിളമത്സരം.
മുളകും കാപ്സിക്കവും കാബേജും കോളിഫ്ളവറുമെല്ലാം അന്വേഷിച്ചത്തെുന്നവര്‍ക്ക് നല്‍കാം. വിഷംതീണ്ടാത്ത പച്ചക്കറികള്‍ക്ക് പ്രീമിയം വില ഈടാക്കാം. വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുടെ വിത്തിന് കേരള കാര്‍ഷിക സര്‍വകലാശാലയെ ആശ്രയിക്കാം.
ആട്ടിന്‍കാഷ്ഠം ചേര്‍ക്കുന്നതിനാല്‍ വിളച്ചുവട്ടില്‍ കളയുറപ്പ്. ഡിസ്പോസിബ്ള്‍ പ്ളേററില്‍ ചെറിയ തുളയുണ്ടാക്കി മുറിച്ച് ചുവട്ടില്‍ വെക്കും. കള വളര്‍ച്ച പിന്നെ കണികാണില്ല. തുള്ളിനന വഴി ഡിസ്പോസിബ്ള്‍ പ്ളേറ്റില്‍ വീഴുന്ന വെള്ളം നേരെ ചെടിച്ചുവട്ടിലത്തെും. വെള്ളം നീരാവിയായി പോകാനുള്ള സാധ്യത തീരെയില്ല. വെള്ളത്തിന് ക്ഷാമമുള്ള പ്രദേശങ്ങളില്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കുവരെ കരുതല്‍ വേണം.
പുരപ്പുറം ആദായപ്പുറമായതിനൊപ്പം വിഷം തീണ്ടാതെയുള്ള പച്ചക്കറികള്‍ കഴിക്കാനാവുന്നതാണ് മെച്ചം കാശുകൊണ്ടളക്കാനാവില്ല. അലൂമിനിയം ഷീറ്റിട്ടാണ് മേല്‍ക്കൂരയൊരുക്കുന്നതെങ്കില്‍ ചെലവ് കൂടും. ആദായമാണെങ്കില്‍ വട്ടപ്പൂജ്യം. വീടിന്‍െറയും കുടുംബത്തിന്‍െറയും ആരോഗ്യം കാക്കാന്‍ മഴമറ മറുമരുന്നാകും. ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.