ദേശങ്ങള്‍ക്ക് നമ്മള്‍ അതിര്‍ത്തി വരക്കുമ്പോഴും ലോകത്ത് ചേരി തിരിക്കപ്പെടുന്നവരുടെ മുഖഛായ ഒന്നു തന്നെയാണ്. ഭരണകൂടങ്ങള്‍ അയിത്തം കല്‍പ്പിക്കുന്ന ജനതയെ സമൂഹം അരികിലേക്ക് മാറ്റി പാര്‍പ്പിക്കുന്നു. അവിടെയാണ് ചേരികള്‍ ജനിക്കുന്നത്. ‘മുഖ്യധാര’ എന്ന വരയുടെ അപ്പുറത്തേക്ക് ആട്ടിയകറ്റപ്പെട്ട അവര്‍ കുറ്റകൃത്യങ്ങളും, ഹിംസയും, പൊലീസ് അതിക്രമങ്ങളും സഹിച്ച് ഒരു അവകാശങ്ങളും ഇല്ലാത്തവരായി ഭൂ മുഖത്ത് കഴിയുന്നു. ലോകത്ത് ശതകോടിക്കണക്കിനാളുകള്‍ സമ്പദ്വ്യവസ്ഥയെ തീറ്റിപ്പോറ്റുകയും അതേസമയം അവഗണിക്കപ്പെട്ട് ദുരിതജീവിതം നയിക്കുകയും ചെയ്യുന്നു. അധികാരത്തിന്‍റെ ഉത്തുംഗശൃംഗത്തിലിരിക്കുന്നവര്‍ അരികുപറ്റിയവരെ കാണുന്നതേയില്ല. ലോകത്ത് ആഢംബരവും അത്യാധുനികതയും തേരോട്ടം നടത്തുന്ന മഹാനഗരങ്ങളുടെ മറവില്‍ സദാ അഴുക്കുചാലിന്‍റെ ദുര്‍ഗന്ധം പേറി ജീവിക്കുന്നവരുടെ ചിത്രങ്ങള്‍ സമാനമാണ്. ദശാബ്ദങ്ങളായുള്ള ഭവനനയത്തിന്‍റെ പരാജയത്തെയാണ് ഇത് വ്യക്തമാക്കുന്നത്.
കെനിയയിലെ നെയ്റോബിയിലെ ജനസംഖ്യയില്‍ അഞ്ചിലൊന്ന് ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് കിബേറ. ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരി പ്രദേശം. നെയ്റോബിക്ക് തെക്കു പടിഞ്ഞാറായി ഏകദേശം 256 ഹെക്ടര്‍ സ്ഥലത്തായി പരന്നുകിടക്കുന്ന കിബേറയില്‍ 10 ലക്ഷത്തിലേറെ ആളുകള്‍ ജീവിക്കുന്നു. താമസിക്കാന്‍ ഏറ്റവും മികച്ച സ്ഥലമായതുകൊണ്ടല്ല ഇത്, ജീവിക്കാന്‍ മറ്റിടമില്ലാത്തതുകൊണ്ടാണ്.
തൊഴിലില്ലായ്മയും കൃഷിനാശവും മൂലം തലമുറകളായി നെയ്റോബിയിലേക്ക് തൊഴിലന്വേഷിച്ച് എത്തിയവരാണ് കിബേറയിലെ അന്തേവാസികള്‍. ‘കിക്കുയു’, ‘ലുവോ’ എന്നീ ഗോത്ര വര്‍ഗക്കാരാണ് ഇവിടെ കൂടുതലും. വീടുകളില്ളെന്നു തന്നെ പറയാം. മണ്ണുകൊണ്ടുള്ള ചെറിയ ഒറ്റമുറി കൂരകളിലും തകര ഷീറ്റുകൊണ്ടോ മറ്റോ മറച്ചുകൂട്ടിയ മുറികളിലുമാണ് ജനങ്ങള്‍ കഴിയുന്നത്. ഇവിടെ സാധാരണ കാണുന്ന നിര്‍മിതി സര്‍ക്കാറും എന്‍.ജി.ഒ കളും അടുത്തിടെയായി പണിതു നല്‍കിയ പൊതു കക്കൂസുകള്‍ മാത്രമാണ്.
ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത നൂബിയന്‍ പട്ടാളക്കാര്‍ക്ക് കൊളോണിയന്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ വനപ്രദേശമാണ് ഇന്നത്തെ കിബേറ ചേരി. മുംബൈയിലെ ‘ധാരാവി’ പോലെ കിബേറയും ആഫ്രിക്കന്‍ അധോലോക സംസ്കാരത്തിന്‍റെ തലസ്ഥാനമാണ്. മയക്കുമരുന്നും, ഗുണ്ടായിസവും, മാനഭംഗവും പിടിച്ചുപറിയുമെല്ലാം ഇവിടെ സാധാരണ സംഭവങ്ങള്‍ മാത്രം. എന്നാല്‍ ദാരിദ്ര്യത്തിന് ഒരു കുറവുമില്ല. ഒരു ഡോളറിലും താഴെ ദിവസ വരുമാനമുള്ളവരുടെ എണ്ണമാണ് കൂടുതല്‍. അടിസ്ഥാന സൗകര്യങ്ങളോ, ശുചിത്വമോ ഇല്ല. മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നയിടം അവര്‍ ഇറങ്ങി നടക്കുന്ന ഊടു വഴി തന്നെയാണ്. ചേരിയുടെ ഒത്ത നടുവിലൂടെ യുഗാണ്ടന്‍ റെയില്‍ വേ ലൈന്‍ കടന്നു പോകുന്നു. പാളം തെറ്റുന്ന തീവണ്ടികള്‍ വീടുകളിലേക്ക് പാഞ്ഞുകയറിയുള്ള മരണങ്ങള്‍ വാര്‍ത്തയാകാറുപോലുമില്ല.
ചേരിക്കുള്ളിലൂടെ ഗതാഗത സൗകര്യമില്ല. സമ്പന്നര്‍ ജീവിക്കുന്ന പ്രദേശങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഒരു പൈപ്പ് കിബേറയിലൂടെ കടന്ന് പോകുന്നുണ്ട്. എന്നിട്ടും കിബേറയിലെ ജനത്തിന് ശുദ്ധമായ കുടിവെള്ളമില്ല. ഇവിടെയുള്ള ഇടുങ്ങിയ വഴികള്‍ മഴ പെയ്യുമ്പോള്‍ ഓടകളായി മാറുന്നു.അനധികൃത കുടിയേറ്റങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നതിനാല്‍ ചേരികളുടെ വികസനത്തിന് സര്‍ക്കാറുകള്‍ പരിഗണന നല്‍കാറേയില്ല. സര്‍ക്കാര്‍ ഭൂമിയില്‍ വെച്ചുകെട്ടി താമസിക്കുന്നവര്‍ക്ക് പാര്‍പ്പിടമെരുക്കേണ്ടതിന്‍റെ ആവശ്യകത എന്താണ് എന്ന നിലപാടാണ് കാലാകാലങ്ങളായി പിന്തുടരുന്നത്.
തലമുറകളായി കിബേറയില്‍ കഴിയുന്നവരായിട്ടും ഭൂമി സര്‍ക്കാറിന്‍റേതു തന്നെ. താല്‍ക്കാലിക കൂരകളില്‍ നിന്ന് മാറി താമസിക്കുക എന്ന ഇവരുടെ സ്വപ്നം ഒരിക്കലും യാഥാര്‍ഥ്യമാകുന്നില്ല. കിബേറയിലെ യുവാക്കളില്‍ 50 ശതമാനം പേരും നേരിടുന്നത് തൊഴിലില്ലായ്മയാണ്. അവിദഗ്ദ്ധ തൊഴിലാളികളായ ഇവര്‍ നെയ്റോബിയിലും സമീപ നഗരപ്രദേശങ്ങളിലും തൊഴിലെടുത്ത് ഉപജീവനത്തിനുള്ള വക കണ്ടത്തെുന്നു.
വീടിന്‍റെ ഇറയത്തുകൂടെ കറുത്തിരുണ്ട് ഒഴുന്ന അഴുക്കുചാലില്‍ നിന്ന് ചേരിയിലെ കുഞ്ഞുങ്ങള്‍ക്ക് പകര്‍ച്ച വ്യാധികളും ത്വക്ക് രോഗങ്ങളും സൗജന്യമായി ലഭിക്കുന്നു. നെയ്റോബി ഡാമില്‍ നിന്നുള്ള ജലമാണ് ഇവിടെ ഉപയോഗിക്കുന്നത്. ശുചീകരിക്കാതെ എത്തുന്ന ഈ വെള്ളത്തിലൂടെ ജലജന്യ അസുഖങ്ങടക്കം അവരെ പിടികൂടുന്നു.
രാഷ്ട്രത്തിലെ അഞ്ചിലൊന്ന് ജനതയാണ് തങ്ങളുടെ മനുഷ്യവിഭവശേഷി വിനിയോഗിക്കാനാകാതെ അടിസ്ഥാന സൗകര്യങ്ങള്‍ എന്തെന്നു പോലുമറിയാതെ കഴിഞ്ഞുകൂടുന്നത്. ഭരണകൂടത്തിന്‍റെ ചേരിവത്കരണത്തിനെതിരെയുള്ള സാമൂഹികപ്രവര്‍ത്തകരുടെ മുറവിളികള്‍ അലയൊലിയില്ലാതെ അസ്തമിക്കുകയാണ്. പാര്‍പ്പിടവും പൗരന്‍റെ അവകാശം തന്നെയാണ്. അന്തര്‍ദേശീയ നിയമപ്രകാരം പാര്‍പ്പിടസൗകര്യം ഒരു അവകാശമായിട്ടിരിക്കെയാണ് കിബേറ പോലെയുള്ള ചേരികള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നത്.
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കീറാമുട്ടിയായി. വീടൊഴിഞ്ഞു പോകുന്ന ഇടങ്ങളില്‍ പൊതുകക്കൂസുകള്‍ പണിയാന്‍ മാത്രമാണ് സര്‍ക്കാറിന് കഴിഞ്ഞത്. ഷിപ്പിങ് കണ്ടെയ്നറുകള്‍ നവീകരിച്ച് മൊബൈല്‍ കമ്മ്യൂണിറ്റി ക്ളിനിക്കുകളും പൊലീസ് സ്റ്റേഷനും പ്രവര്‍ത്തിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.