അച്ചടക്കമുള്ള അടുക്കള

വീടിന്‍റെ അടുക്കളകള്‍ക്ക് പൊതുവെ സ്ഥലം കുറവായിരിക്കും. അടുക്കള വലുതായാല്‍ വീട്ടുചെലവു കൂടുമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഒരു തരത്തില്‍ അതു ശരിയാണ്, ഇന്‍റീരിയറിന്‍റെ വലുപ്പം കൂടും തോറും ഫര്‍ണിച്ചറുകള്‍, കാബിനുകള്‍ എന്നിങ്ങനെയുള്ള ചെലവുകളും കൂടുമല്ളോ. ചെറിയ അച്ചടക്കമുള്ള അടുക്കള. അതാണ് എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. വൃത്തിയാക്കാനും മോടി പിടിപ്പിക്കാനുമെല്ലാം എളുപ്പമാണ്. ചെറിയ അടുക്കളയാണെങ്കിലും സ്ഥല സൗകര്യമുള്ളതാക്കി മാറ്റാന്‍ നമുക്ക് കഴിയും.

ഇളം നിറമുള്ള അടുക്കള
ഇളം നിറങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ ഇടമുണ്ട് തോന്നും. പുതിയ അടുക്കളകള്‍ വൃത്തിയാക്കാന്‍ എളുപ്പമുള്ളവയായതുകൊണ്ട് ഇളം നിറമുള്ള ചുമരും തറയും കാബിനുകളും ചേരും. ഇളം നിറങ്ങള്‍ കാഴ്ചയില്‍ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ വിസ്താരം തോന്നിക്കുന്നു. അടുക്കളയില്‍ കുടുതല്‍ പ്രകാശം നല്‍കാനും ഇളം നിറങ്ങള്‍ക്ക് കഴിയും.


 

കാബിനറ്റുകള്‍ക്ക് ഗ്ളാസ് ഡോറുകള്‍
കിച്ചണ്‍ കാബിനറ്റുകള്‍ക്കും ക്രോക്കറി ഷെല്‍ഫിനും മരത്തിന്‍റെയോ മെറ്റലിന്‍റെയോ ഡോറുകള്‍ ഉപയോഗിക്കുന്നതിനു പകരം ഗ്ളാസ് ഡോറുകള്‍ നല്‍കിയാല്‍ കാഴ്ചയില്‍ കൂടുതല്‍ സ്ഥലമുള്ളത് പോലെ തോന്നും. കാബിനുകള്‍ കളര്‍ഫുള്‍ ആയാല്‍ കണ്ണുടയ്ക്കുക അതിലാകും. അതിനാല്‍ ഇന്‍റീരിയറിനു നല്‍കിയ നിറം തന്നെ കാബിനുകള്‍ക്കും നല്‍കുന്നതാണ് നന്നാവുക.

സൂര്യപ്രകാശത്തെ കടത്തിവിടാം
പ്രകൃതിദത്തമായ വെളിച്ചത്തിന് അകത്തളത്തെ കൂടുതല്‍ പ്രകാശമാനമാക്കാന്‍ കഴിയും. നല്ല വെളിച്ചമുള്ള ഭാഗം കൂടുതല്‍ വിശാലമായി തോന്നുകയും ചെയ്യും. അടുക്കളയില്‍ വലിയ ജനലുകളോ ഒന്നില്‍ കൂടുതല്‍ ജനലുകളോ വെക്കാന്‍ കഴിയാറില്ല. അതിനാല്‍ നന്നായി പ്രകാശം വ്യാപിക്കുന്ന ഭാഗത്തുനിന്ന് ജനല്‍ സെറ്റുചെയ്യുക. നല്ല പ്രകാശം പരത്തുന്ന ലൈറ്റുകളും അടുക്കളയില്‍ ഒരുക്കാം.

കൂടുതല്‍ സ്റ്റോറേജ്
എത്രവലിയ അടുക്കളയാണെങ്കിലും സാധനങ്ങള്‍ വലിച്ചു വാരിയിട്ടാല്‍ സ്ഥലമില്ലാത്ത പോലെ തോന്നും. അടുക്കളയില്‍ പരമാവധി സ്റ്റോറേജ് സ്പേസ് നല്‍കുക എന്നതാണ് നമുക്ക് ചെയ്യാനാവുക. കാബിനറ്റുകളും കോക്കറി ഷെല്‍ഫുകളും സ്ഥലത്തിനനുസരിച്ച് നിര്‍മിച്ചാല്‍ സാധനങ്ങളെല്ലാം പുറത്തുകാണാത്തവിധം ഒതുക്കിവെക്കാവുന്നതാണ്.
കൂടുതല്‍ ഫര്‍ണിച്ചര്‍ അടുക്കളയില്‍ ഇടാതിരിക്കുന്നതാണ് നല്ലത്. ഇനി ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഇന്‍റീരിയറിന് അനുയോജ്യമായ ഡിസൈന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. ലളിതമായ ഫര്‍ണിച്ചറുകളാണ് നല്ലത്. വാതിലിനടുത്ത് ഗൃഹാപകരണങ്ങളോ മറ്റു ഫര്‍ണിച്ചറോ ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം.

തറ സ്മാര്‍ട്ടാക്കാം
വലിയ ഡിസൈനുകള്‍ ഉള്ള ഫ്ളോര്‍ ടൈലുകളും പ്രിന്‍റഡ് ഡിസൈനുള്ള ചുമരുകളും അടുക്കളക്ക് ചേരില്ല. അത്തരം അലങ്കാരങ്ങള്‍ അടുക്കളയെ തിരക്കുള്ള ഇടമായി കാണിക്കും. പ്ളെയിന്‍ ഡിസൈനുള്ളതും ചരിവുള്ള ലൈനോടു കൂടിയതുമായ ഡിസൈനുകളും  അടുക്കളത്തറയെ കാഴ്ചയില്‍ വിസ്തൃതമാക്കും. സമാന്തര രേഖകളുള്ള ഫ്ളോറിങ് ടൈലുകളും തറയെ വലുതാക്കി കാണിക്കും.
സീലിങ്ങിന്‍റെ ഉയരം അല്‍പം കൂട്ടുന്നതും വിശാലത തോന്നിപ്പിക്കും. അടുക്കളയില്‍ പെന്‍ഡന്‍റ് ലൈറ്റ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഇണങ്ങുക. എന്തൊക്കെ ഉണ്ടെങ്കിലും അടുക്കളക്ക് ഭംഗി നല്‍കുന്നത്് പ്രധാനമായും വൃത്തിയും അടുക്കും ചിട്ടയും തന്നെയാണെന്ന് പറയാതിരിക്കാനാവില്ല.

തയാറാക്കിയത്: വി.ആര്‍ ദീപ്തി




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.