ഗുജറാത്തിലെ അഹമ്മദാബാദില്‍ 350 വര്‍ഷം പഴക്കമുള്ള ഹവേലി അഥവാ വീട്. തലമുറകളുടെ കഥയുറങ്ങുന്ന ഹവേലി! ഇത് പൊളിച്ചു മാറ്റി അപ്പാര്‍ട്ട്മെന്‍റ് പണിയാന്‍ ഒരുങ്ങുന്നുവെന്നറിഞ്ഞാണ് യു.എസില്‍ നിന്ന് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ഭര്‍ത്താവിനെയും കൂട്ടി കിന്നരി ലാഹ്യ എന്ന പ്രശസ്ത ഡിസൈനര്‍ തന്‍റെ തറവാട്ടിലത്തെിയത്.
അമ്മയുടെ സഹോദരീ സഹോദരന്‍മാരും കുട്ടികളും മറ്റു ബന്ധുക്കളുമെല്ലാമായി നൂറോളം പേര്‍. അവിടുത്തെ മുറ്റത്ത് 20 ഓളം കുട്ടികളുമായി ഓടിക്കളിച്ച കുട്ടിക്കാലം. സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും വിട്ടുകൊടുക്കലിന്‍റെയും നന്മയുടെയും ആദ്യപാഠങ്ങള്‍ പകര്‍ന്ന വിദ്യാലയം. പിതാമഹന്‍മാരുടെ അനുഗ്രഹം നിറഞ്ഞ ഹവേലി മായ്ച്ചുകളയാന്‍ കഴിയില്ളെന്ന് മനസിലാക്കിയ അവര്‍ തിടുക്കപ്പെട്ട് നാട്ടിലത്തെി. ഹവേലിയുടെ കൈവശക്കാരായ പിന്‍മുറക്കാരില്‍ നിന്ന് അത് സ്വന്തമാക്കി. ഇത് എന്തു കഥ എന്നല്ളേ?
നടുമുറ്റം കൂടാതെ ഹവേലിക്കുള്ളില്‍ രണ്ട് ചെറിയ മുറ്റങ്ങള്‍ കൂടിയുണ്ട്. ഒന്നാം നിലയിലെ മുറികളെല്ലാം ഈ നടുമുറ്റങ്ങളിലേക്ക് തുറക്കുന്നു. താഴെയുള്ള നിലയിലെ പൂജാമുറി മാത്രമാണ് പ്രധാന നടുമുറ്റത്തേക്ക് തുറക്കുന്നത്. നടുമുറ്റവും പൂജാമുറിയും അടങ്ങിയ ഭാഗമാണ് വീടിന്‍റെ ഹൃദയഭാഗം. അടുക്കളയും ഊണുമുറിയും തുറക്കുന്നത് മൂന്നാമത്തെ മുറ്റത്തേക്കാണ്. പരമ്പരാഗത ശൈലിയിലുള്ള പൂജാ മുറിയുടെ ചുമരുകള്‍ ‘കലംകാരി’ ആര്‍ട്ട് ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മൊറാറി ബാപ്പുവിന്‍റെ രാമായണ്‍ കഥയാണ് ചിത്രീകരിച്ചിരിക്കുന്നത്.
പാരമ്പരാഗത സൗന്ദര്യഗതിയില്‍ ഊന്നികൊണ്ടാണ് വീടിന്‍റെ നവീകരണം നടത്തിയിരിക്കുന്നത്. നവീകരണത്തിനായി പരമ്പരാഗത വസ്തുക്കള്‍ തന്നെ കണ്ടത്തെി. കേടായ ജനലുകള്‍ക്ക് പകരം പഴയ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മരത്തിന്‍റെ ജനല്‍ തന്നെ ഉപയോഗിച്ചു. പരമ്പരാഗത ഗുജറാത്തി ഗൃഹോപകരണങ്ങള്‍ വീട്ടിലത്തെിക്കാനും ശ്രമിച്ചിട്ടുണ്ട്. 19ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഇറ്റാലിയന്‍ മാര്‍ബിള്‍ തിരഞ്ഞുപിടിച്ചാണ് നിലം ഒരുക്കിയത്. എന്നാല്‍ പശ്ചാത്യ ശൈലിയിലുള്ള ടോയ്ലറ്റ്, വാഷ് ബേസിന്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇടനാഴികളും തളങ്ങളും നിറഞ്ഞ ഹവേലിയിലെ ധ്യാനത്മകമായ അകത്തളം പഴയകാല പ്രതാപത്തെ വിളിച്ചോതുന്നുണ്ട്. യൂവ്സ് ക്ളെയില്‍ ബ്ളൂ, പാരറ്റ് ഗ്രീന്‍, ടെറാകോട്ട റെഡ് നിറങ്ങളുടെ കോമ്പിനേഷനാണ് അകത്തളങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ചുവരുകള്‍ക്ക് മ്യൂറല്‍ ചിത്രങ്ങളും ഭംഗി നല്‍കുന്നു. നടുമുറ്റത്തും ലിവിങ് റൂമിലും പരമ്പരാഗത ആട്ടുകട്ടിലുകള്‍ തൂക്കിയിരിക്കുന്നു.
മച്ചിലെ (സീലിങ്) അലങ്കാരങ്ങള്‍ നയനാനന്ദം നല്‍കുന്നവയാണ്. അഹമ്മദാബാദിലെ അക്കാലത്തെ സംസ്കാരത്തിന്‍റെ പതിപ്പുകളാണ് ആ കൊത്തുപണികള്‍. ശിവ പാര്‍വ്വതി നൃത്തവും കൃഷ്ണ നടനവുമെല്ലാം അലങ്കാരപണികളായി മാറിയിരിക്കുന്നു.
കിന്നരി ലാഹ്യയും ഭര്‍ത്താവ് ജോണും അഹമ്മദാബാദിലെ പഴയ മാര്‍ക്കറ്റുകളില്‍ നിന്നും പുരാവസ്തുക്കള്‍ വില്‍ക്കുന്ന വ്യക്തികളില്‍ നിന്നും കടകളില്‍ നിന്നുമെല്ലാമാണ് വീടൊരുക്കുന്നതിനുള്ള പരമ്പരാഗത വസ്തുക്കള്‍ ശേഖരിച്ചത്. ഗ്ളാസ് പെയിന്‍റിങ്, ഫോക്ക് ആര്‍ട്ട്, ഓട്,പിച്ചള പാത്രങ്ങള്‍, ഗരുഡ ശില്‍പം, വിളക്കുകള്‍, ഷാര്‍ലറ്റ്, മരത്തിന്‍റെ വാതിലുകള്‍, ജനലുകള്‍, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം ഇങ്ങനെ തിരഞ്ഞു വാങ്ങിക്കുകയായിരുന്നു.
അടുക്കളയിലെ പാത്രങ്ങളും അലങ്കാരവിളക്കുകളും അഹമ്മദാബാദിലെ ഞായറാഴ്ച മാര്‍ക്കറ്റില്‍ നിന്നും മുംബൈയിലെ ചോര്‍ ബസാറില്‍ നിന്നും ശേഖരിക്കുകയാണ് ചെയ്തത്.
‘‘കലാകാരന് സര്‍ഗ സൃഷ്ടി നടത്തുന്നതിനും പ്രചോദനമുള്‍ക്കൊള്ളുന്നതിനും പവിത്രമായ ഒരിടം വേണം. ഗതഗാല സ്മരണകള്‍ നിറഞ്ഞു കിടക്കുന്ന ഇവിടമാണ് എന്‍റെ കാവ്യദേവത’’നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍സിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ കിന്നരി ലാഹ്യ പറയുന്നു. ജന്മനഗരത്തിന്‍റെ പൈതൃകത്തില്‍ അലിഞ്ഞുകൊണ്ടുള്ള ഡിസൈനുകളാണ് അവര്‍ വസ്ത്രങ്ങളിലും നിറക്കുന്നത്. ഹവേലിക്ക് തൊട്ടു കിടക്കുന്ന വീടുകളും കിന്നരി വാങ്ങി നവീകരിച്ചിട്ടുണ്ട്. ആര്‍ട്ട് സ്റ്റുഡിയോ,വിസിറ്റേഴ്സ് സ്റ്റുഡിയോ എന്നിവ ആയാണ് അവ പുന:ര്‍ജനിച്ചിരിക്കുന്നത്.
നമ്മള്‍ ഉത്സാഹത്തോടെ കഴിയുമ്പോഴാണ് ഭവനവും ജീവസ്സുറ്റതാകുന്നത്. പൈതൃക ഭവനത്തെ സ്വന്തം ആര്‍ട്ട് സ്റ്റുഡിയോ ആക്കി മാറ്റുമ്പോള്‍ അവിടം പുര്‍ണമായും കലാകേന്ദ്രമായി മാറുന്നു.
തയാറാക്കിയത്: വി.ആര്‍ ദീപ്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.