രമ്യയുടെ സ്വപ്നത്തിന് 'ലൈഫ്' നൽകി നിയമ സേവന അതോറിറ്റി

തൃശൂർ: ഭിന്നശേഷിക്കാരിയായ പട്ടികജാതി യുവതിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. താന്ന്യം വടക്കുമുറി ഏങ്ങണ്ടി പൂക്കാട്ട് വീട്ടിൽ രമ്യക്കും ഭർത്താവ് സുജിത്തിനുമാണ് ഒരു തവണ പുറന്തള്ളപ്പെട്ട ലൈഫ് പദ്ധതിയിൽ വീണ്ടും ഉൾപ്പെടുത്തി വീട് ലഭിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.

ജില്ല നിയമ സേവന അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് വീട് ലഭ്യമായത്. സെറിബ്രൽ പാൾസി ബാധിച്ച് അരക്കുതാഴെ തളർന്ന രമ്യയെ സുജിത്ത് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അന്നുമുതൽ വാടക വീടുകൾ മാറിമാറിയായിരുന്നു ഇവരുടെ താമസം.

ലൈഫ് ഭവന പദ്ധതിയിൽ പലതവണ പേര് വന്നെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് നീണ്ടുപോയി. എല്ലാം ശരിയാകും എന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു കോവിഡ് രൂക്ഷമായത്. വീടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കരാർ എഴുതാറായപ്പോഴാണ് ലൈഫ് പദ്ധതിയിൽ തങ്ങളുടെ പേര് നീക്കി മറ്റൊരാളെ ഗുണഭോക്താവാക്കിയെന്നത് ഇവരറിയുന്നത്. പിന്നീട് രമ്യയെയും താങ്ങിയെടുത്ത് ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു സുജിത്ത്.

അവസാനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരം വരെ നടത്തി. പഞ്ചായത്ത് മുതൽ കലക്ടർക്കും ജനപ്രതിനിധികൾക്കും പട്ടികജാതി വികസന വകുപ്പിനും പരാതി നൽകി. ഇവരുടെ ദുരിതത്തെക്കുറിച്ച് മാധ്യമങ്ങളും വാർത്ത നൽകി.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരള ലീഗൽ സർവിസസ് അതോറിറ്റി (കെൽസ) തൃശൂർ ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയോട് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി ടി. മഞ്ജിത്ത് പട്ടികജാതി വികസന ജില്ല ഓഫിസർ, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ്, അന്തിക്കാട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ കോടതിയിലേക്ക് വിളിപ്പിക്കുകയും പ്രശ്ന പരിഹാരത്തിനാവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ജില്ല നിയമ സേവന അതോറിറ്റി നടത്തിയ ഇടപെടലുകളിൽ ഇവരെ വീണ്ടും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി.

ഭിന്നശേഷിക്കൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന രമ്യയുടെ പരിചരണത്തിനായി സുജിത്തിന് ടൈൽ പണി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ചെമ്മാപള്ളിയിൽ താമസിക്കുന്ന വാടകവീടിനരികെ ലോട്ടറി വിൽപനയാണ് ഇപ്പോൾ. ഇതിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് നാലുവയസ്സുള്ള മകൻ ഉൾപ്പെടുന്ന ഈ കുടുംബം കഴിയുന്നത്. വീട് ലഭിക്കുമെന്ന് അറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് കുടുംബം.

Tags:    
News Summary - A differently-abled Scheduled Caste girl got her dream home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.