വിയർത്തൊലിക്കുന്ന വെയിൽ ചൂടിൽ ഫാനോ എസിയോ ഇല്ലാത്ത വീടകങ്ങൾ ഇനി ചിന്തിക്കാനാവില്ല. കാലത്തിനു മുേമ്പ എത്തിയ വേനലോ ചൂടോ ഒന്നും തന്നെ കോഴിക്കോട് പെരുമണ്ണ കളത്തിങ്ങൽ ബഷീറിനെ അലട്ടുന്നില്ല. ചെങ്കല്ലും ഹോളോ ബ്രിക്സും ജിപ്സം ചുവരുകളും മാത്രം ശീലിച്ചവർക്കിടയിലേക്ക് തനിമ ചോരാതെ മണ്ണുകൊണ്ട് വീടൊരുക്കി ചൂടിനെ പ്രതിരോധിക്കാമെന്ന് തെളിയിക്കുകയാണ് ബഷീർ.
പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ ബഷീർ പരിചയമല്ലാത്ത ഒരു വിദ്യയുമായല്ല മുന്നിലെത്തിയിരിക്കുന്നത്. പഴയകാല വീടു നിർമ്മാണത്തെ ഒാർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. യാത്രകളും വായനയും പരിസ്ഥിതി ചിന്തകളുമാണ് ജൈവകൃഷിയിലേക്കും മൺവീട്ടിലേക്കും നയിച്ചതെന്ന് ബഷീർ പറയുന്നു.
പെരുമണ്ണ കീഴ്പാടം പുല്ലാകുഴിയിൽ 1090 ചതുരശ്രയടി വിസ്തീർണത്തിലാണ്ബഷീറിെൻറ മൺവീട് പണി നടന്നുകൊണ്ടിരിക്കുന്നത്. പുരയിടത്തിൽ നിന്ന് ശേഖരിച്ച മണ്ണ് അരിച്ച് മാലിന്യവും കല്ലും നീക്കം ചെയ്ത് പാകപ്പെടുത്തിയാണ് ചുമർ നിർമ്മിച്ചത്. പ്രാദേശികമായി ലഭിച്ച ചെങ്കല്ലുകൊണ്ടാണ് തറയൊരുക്കിയത്. അരിച്ചെടുത്ത മണ്ണിലേക്ക് കടുക്കകായയും ഉലുവയും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് കുഴച്ച് വലിയ ഉരുളകളാക്കി പിടിപ്പിച്ചാണ് ചുമർ നിർമ്മിച്ചത്. ചിതലിനെ തടയാനുള്ള നാടൻ രീതിയാണ് കടുക്കയും ഉലുവയും. മണ്ണിന് പശിമ കിട്ടുന്നതിന് കുളിർമാവ് തൊലിയും ആവശ്യത്തിന് കുമ്മായവും ചേർത്തു. 50 കിലോ കടുക്കയും 5 കിലോ ഉലുവയുമാണ് മണ്ണിൽ കുഴച്ചു ചേർത്തു.
ചുമർ നിർമാണം ഒറ്റത്തവണയായി തീർക്കുന്നില്ല. ജനൽ ഉയരത്തിൽ പൊങ്ങിയ ശേഷം 10 ദിവസത്തെ ഇടവേള കൊടുത്ത ശേഷമേ അടുത്ത ഘട്ടം ആരംഭിക്കാവൂ. ചുവരിെൻറ പണി പൂർണമായും തീർന്ന് ഉണങ്ങി ബലപ്പെട്ടതിനു ശേഷമാണ് തേപ്പ്. അരിച്ചെടുത്ത മണ്ണിൽ കുമ്മായവും ചേർത്താണ് അകവും പുറവും തേച്ചത്. ചുമർ പണിയുേമ്പാൾ തന്നെ മിനുസപ്പെടുത്തിയാൽ തേപ്പ് പ്രയാസകരമാവില്ല. റെഡ് ഒാക്സൈഡ് കൊണ്ടാണ് തറ മിനുസപ്പെടുത്തിയിരിക്കുന്നത്. മേൽക്കൂരക്കായി ട്രസിങ് വർക്ക് ചെയ്തു ഒാടു പാകുകയാണ് ചെയ്തത്. ഒറ്റ നിലയിൽ മാത്രമല്ല, ഇരുനില വീടുകളും കെട്ടിടങ്ങളും മൺചുമരിൽ ഉയർത്താമെന്ന് വിദഗ്ധർ പറയുന്നു.
കുറ്റ്യാടിയിൽ സുഹൃത്തുക്കൾക്കൊപ്പം നടത്തിവരുന്ന നാടൻ പശുക്കളുടെ ഫാമിനോട് ചേർന്ന് താമസിക്കാൻ ഇത്തരം ചെറിയ മൺവീടുകൾ ബഷീർ നിർമിച്ചിട്ടുണ്ട്.
ടയറുകൊണ്ട് ടാങ്ക്
ഉപയോഗ ശൂന്യമായ വാഹന ടയറുകൾ ഉപയോഗിച്ചാണ് കക്കൂസ് ടാങ്കും മാലിന്യ ടാങ്കും നിർമ്മിച്ചത്. ആഴത്തിൽ കുഴിയെടുത്ത് ഒരേ വ്യാസമുള്ള ടയറുകൾ അടുക്കിവെച്ചാണ് ടാങ്ക് നിർമിച്ചത്. സാധാരണ ചെങ്കല്ലുകൊണ്ടുള്ള ടാങ്കിെൻറ നിർമാണം പോലെ വശങ്ങളിൽ മണ്ണിട്ട് ഉറപ്പിച്ച് ഏറ്റവും മുകളിൽ കോൺക്രീറ്റ് സ്ളാമ്പിട്ട് ഉറപ്പിക്കുന്നു. ചെലവ് ചുരുങ്ങിയ ഇത്തരം ടാങ്കുതന്നെയാണ് അടുക്കള മാലിന്യത്തിനും ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.