വനംവകുപ്പിെൻറ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂർണമായും ഓൺലൈൻ വഴിയാക്കിക്കഴിഞ്ഞു. ഇതോടെ വീട്ടിലിരുന്ന് ലേലത്തിൽ പങ്കെടുക്കാം. ലേലത്തിൽ വിൽക്കുന്നതിൽ നിശ്ചിത ശതമാനം ഗാർഹിക ആവശ്യക്കാർക്ക് നൽകണമെന്ന് വ്യവസ്ഥയുണ്ട്. അത് പുതുതായി വീട് വെക്കുന്നവർക്ക് പ്രയോജനപ്പെടും. അങ്ങനെയുള്ളവർക്ക് പരമാവധി എട്ട് ക്യുബിക് മീറ്റർ മരം ലഭിക്കും. മരമില്ലുകളിൽനിന്ന് വാങ്ങുന്നതിനെക്കാൾ ലാഭമാണ് ഇത്തരത്തിൽ മരം വാങ്ങുന്നത്. ക്യുബിക് മീറ്റർ എന്ന കണക്കിലാണ് വിൽപന. 35 ക്യുബിക് അടിക്ക് സമാനമാണ് ഒരു ക്യുബിക് മീറ്റർ.
ലേലകേന്ദ്രത്തിൽ ലോട്ടുകളായി അടുക്കിയ മരം നേരിൽ കണ്ട് ബോധ്യപ്പെട്ടശേഷം ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം. വനംവകുപ്പിൽ രജിസ്റ്റർ ചെയ്തവർക്കാണ് ലേലത്തിൽ പങ്കെടുക്കാനാവുക. 573 രൂപയാണ് രജിസ്േട്രഷൻ ഫീസ്. രജിസ്േട്രഷന് ഒരു വർഷത്തെ കാലാവധിയുണ്ട്. അതിനാൽ ഒരു തവണ ലേലത്തിൽ മരം കിട്ടിയില്ലെങ്കിൽ അടുത്ത തവണ ശ്രമിക്കാം. പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, ഇ^മെയിൽ വിലാസം എന്നിവ വേണം.
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ തടിയുടെ ചില്ലറ വിൽപന നടത്തുന്നുണ്ട്. പരമാവധി അഞ്ച് ക്യുബിക് മീറ്റർ വരെ തേക്കുതടി വാങ്ങാം. രണ്ട് ബി, സി ക്ലാസുകളിൽപെട്ട തടിയാണ് ഇവിടെ ലഭിക്കുക. മരത്തിെൻറ ഇനം, വണ്ണം, നീളം എന്നിവ കണക്കിലെടുത്താണ് വില നിശ്ചയിക്കുക. സംസ്ഥാനത്ത് ആറ് വനം ഡിവിഷനുകളുണ്ട്. കോഴിക്കോട്, പാലക്കാട്, പെരുമ്പാവൂർ, കോട്ടയം, പുനലൂർ, തിരുവനന്തപുരം എന്നിവയാണത്. ഓരോ ഡിവിഷനു കീഴിലും നാലോ അഞ്ചോ മരം ഡിപ്പോകളുണ്ട്. തേക്ക്, ഈട്ടി, പ്ലാവ്, ആഞ്ഞിലി, മരുത്, ഇരൂൾ, വെൺതേക്ക്, ചടച്ചി എന്നിവയാണ് കിട്ടാനിടയുള്ള പ്രധാന മരങ്ങൾ. വീട്ടാവശ്യമനുസരിച്ചുവേണം ഇനം നിശ്ചയിക്കാൻ. കട്ടില, ജനൽ എന്നിവക്ക് ഉറപ്പുകൂടിയ മരങ്ങളാണ് വേണ്ടത്.
ലേലത്തിൽ പങ്കെടുക്കുന്നവർ തേക്ക്, ഈട്ടി എന്നിവ വാങ്ങാൻ നിരതദ്രവ്യമായി 50,000 രൂപ അടക്കണം. പടുമരങ്ങൾക്ക് അത് 25,000 രൂപയാണ്. മരങ്ങൾക്കനുസരിച്ച് ലേലംവിളിയിൽ കൂട്ടിവിളിയിലെ തുക വ്യത്യാസപ്പെടും. വീട്ടിക്കാണെങ്കിൽ 500 രൂപയാണത്. തേക്കിന് 100. പടുമരം 25. ലേലം നിശ്ചയിച്ച തുകക്ക് പുറമെ 28 ശതമാനം നികുതികൂടി ലേലംകൊണ്ടയാൾ അടക്കണം. ഓൺലൈനായോ ട്രഷറി മുഖാന്തരമോ തുക അടക്കാം. എന്നാൽപോലും സ്വകാര്യ മരമില്ലുകളിൽനിന്ന് വാങ്ങുന്നതിനെക്കാൾ വിലക്കുറവിൽ നല്ല മരം വാങ്ങാം. എക്സ്പോർട്ട് ക്വാളിറ്റിയുള്ള മരങ്ങൾ ലോട്ടിൽ ഒരു കഷണമേ ലേലത്തിന് വെക്കൂ. കൂടുതൽ വിവരങ്ങൾ വനംവകുപ്പിെൻറ വെബ്സൈറ്റിൽ ലഭിക്കും.
ആദ്യം കണക്കെടുപ്പ്
വീട്ടാവശ്യത്തിന് എത്ര മരം വേണമെന്ന കണക്കെടുപ്പാണ് ആദ്യം വേണ്ടത്. ആശാരിയുടെയോ എൻജിനീയറുടെയോ ആർക്കിടെക്ടിെൻറയോ സഹായം തേടാം. അത്യാവശ്യം ഫർണിച്ചറിനുവേണ്ട മരംകൂടി ഒരുമിച്ചെടുക്കാൻ ശ്രദ്ധിക്കണം. മരം വാങ്ങാൻ പോകുമ്പോൾ മരത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളെ കൂടെ കൂട്ടണം. മൂന്നു തരത്തിൽ തടി വാങ്ങാം. മരം ഡിപ്പോയിൽനിന്ന് വാങ്ങുന്നതാണ് ഒരു രീതി. മരം വാങ്ങി ഈർച്ചമില്ലിൽനിന്ന് അറുത്തെടുക്കുന്നതാണ് മറ്റൊന്ന്. വാതിലും ജനലുമടക്കം നിർമിച്ചുവെച്ചവ വാങ്ങുന്നതാണ് അവസാനത്തേത്. വേണ്ടത്ര സമയമുണ്ടെങ്കിൽ മരം വാങ്ങി അറുത്തെടുക്കുന്നതാണ് ലാഭകരം.
വണ്ണംകൂടിയ മരത്തിനാണ് വില കൂടുതൽ. വാങ്ങുമ്പോൾ വണ്ണം കൂടിയത് വാങ്ങിയാൽ വേസ്റ്റ് കുറയും. അതാണ് ആദായകരം. 150 സെൻറിമീറ്ററിൽ കൂടുതൽ വണ്ണമുള്ള തടി ഒന്നാം ക്ലാസ് പട്ടികയിൽ വരും. ജനലുകളുടെയും കട്ടിലകളുടെയും നീളവും വീതിയും എല്ലാം ഉറപ്പിച്ചശേഷം വേണം തടി വാങ്ങാനും അറുത്ത് പണിത്തരമാക്കാനും. ഇതിൽ ശ്രദ്ധ കുറഞ്ഞാൽ പണികിട്ടും. മരവുമായി ബന്ധപ്പെട്ട തങ്ങളുടെ ആശയങ്ങൾ ആർക്കിടെക്ടുമായി പങ്കുവെക്കാൻ മടിക്കരുത്.
തനിനാടൻ
വാതിൽ, ജനൽ, മേൽക്കൂര, ഫർണിച്ചർ എന്നിവയാണ് വീടുനിർമാണത്തിലെ മരപ്പണികളിൽ പ്രധാനം. നിർമാണച്ചെലവിെൻറ 15 ശതമാനം തടിക്ക് വേണ്ടിവരും. മരപ്പണികളെല്ലാം തേക്കിൽ വേണമെന്ന് വാശിപിടിക്കാതിരുന്നാൽ ചെലവ് ഗണ്യമായി കുറക്കാം. ഈട്, ഉറപ്പ്, ഭംഗി എന്നിവ പരിഗണിച്ച് പറ്റിയ മരങ്ങൾ ഉപയോഗിക്കാം. കട്ടില, ജനൽ എന്നിവക്ക് ഉറപ്പുകൂടിയ മരങ്ങളാണ് വേണ്ടത്. മഹാഗണി, ആഞ്ഞിലി, പ്ലാവ്, കരിമരുത്, ഇരൂൾ എന്നിവ ഇതിനായി ഉപയോഗിക്കാം. ചെലവ് മൂന്നിലൊന്നായി ചുരുങ്ങുന്നത് ചെറിയ കാര്യമല്ലല്ലോ. വാതിലിനും അലമാരക്കും തേക്ക്, പ്ലാവ്, വീട്ടി തുടങ്ങിയവ നന്ന്. ജനൽ െഫ്രയിമിന് മഹാഗണിപോലുള്ള തടി ഉപയോഗിക്കാം.
നിറവും ഡിസൈനും നോക്കിയാണ് മരവും മൂപ്പും തിരിച്ചറിയുന്നത്. കറുപ്പുകലർന്ന നിറമാണ് ഈട്ടിക്ക്. കൂടുതൽ വണ്ണമുള്ളവക്ക് ക്യുബിക് അടിക്ക് 5500 രൂപയാണ് പരമാവധി വില. വട്ടത്തിലുള്ള ഡിസൈനും മഞ്ഞകലർന്ന ബ്രൗൺ നിറവുമാണ് തേക്കിന്. ക്യുബിക് അടിക്ക് 4500 രൂപ വിലവരും. മൂത്ത പ്ലാവിന് മഞ്ഞനിറമാണ്. പരമാവധി വില 1500 രൂപ. പ്ലാവിൻ തടിയിൽ 25–35 ശതമാനം വെള്ളയുണ്ടാവും. ഇതിൽ ചിതൽ ആക്രമണത്തിന് സാധ്യത ഏറെയാണ്. വെള്ളമരം നിർമാണാവശ്യത്തിന് ഉപയോഗിക്കാനാവില്ല. മൂപ്പെത്താത്ത പ്ലാവിൻതടിക്ക് വെള്ളനിറമാകും. ഉറപ്പ് കുറവായതിനാൽ നിർമാണത്തിന് ഉപയോഗിച്ചാൽ പണികിട്ടും.
ആഞ്ഞിലിക്ക് ഇളം മഞ്ഞനിറവും ശരാശരി 1,800 രൂപ വിലയുമുണ്ട്. സർക്കാർ പദ്ധതികളിൽ ഫർണിച്ചർ നിർമാണത്തിന് അടക്കമുള്ള മര ഉരുപ്പടി ആവശ്യങ്ങൾക്ക് കല്ലൻ ആഞ്ഞിലിയാണ് കൂടുതലായി ഉപയോഗിക്കുക. നന്നായി ഉണങ്ങിയശേഷംവേണം മഹാഗണി പണിത്തരമാക്കാൻ. ക്യുബിക് അടിക്ക് ശരാശരി 1,200 രൂപയാണ് വില. മരുത് മൂന്നുതരമുണ്ടെങ്കിലും മഞ്ഞമരുതാണ് വീട്ടാവശ്യത്തിന് നല്ലത്. 1,500 രൂപയാണ് ശരാശരി വില. പെട്ടെന്ന് വളയാൻ ഇടയുള്ളതാണ് മറ്റു മരുതുകളുടെ ദോഷം. വില ഏറ്റക്കുറച്ചിലിെൻറ വ്യത്യാസം മരത്തിെൻറ ഗുണത്തിൽ പ്രതിഫലിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ.
മറുനാടൻ
മലേഷ്യൻ ഇറക്കുമതി മരങ്ങൾ വ്യാപകമായി മില്ലുകളിലെത്തുന്നുണ്ട്. എത്ര നീളത്തിലും വീതിയിലും വേണമെങ്കിലും കിട്ടും. ഉറപ്പിെൻറ കാര്യത്തിൽ നാടൻ മരങ്ങളുമായി മത്സരിക്കാൻ കണക്കാക്കി തന്നെയാണ് ഇവയുടെ വരവ്. ഉരുളന് പകരം സൈസാക്കിയാണ് വിൽപന. മരമില്ലുകളിൽനിന്ന് വാങ്ങുന്നവയിൽ ഒരു കഷണംപോലും പാഴാക്കാനുണ്ടാവില്ല. അതുകൊണ്ടുതന്നെ അവക്ക് വിലയും കൂടും. റിസ്ക്ക് എടുക്കാൻ തയാറില്ലാത്തവർക്കാണ് മരമില്ലുകൾ തുണയാകുന്നത്.
ഉരുളൻ മരമെടുക്കുമ്പോൾ 35 ശതമാനത്തോളം വേസ്റ്റ് വരുമെന്നാണ് കണക്ക്. രണ്ടുതവണത്തെ കയറ്റിറക്കും അറുക്കാനുള്ള ചെലവും വാഹനച്ചെലവും കണക്കുകൂട്ടുമ്പോൾ മനക്കണക്കിലെ ലാഭം അവിടെ തീരും. മരത്തിലെ കേട്, പൊട്ട് അടക്കമുള്ള മുൻകൂട്ടി കാണാനാവാത്ത ചില ഘടകങ്ങൾകൂടി വന്നാൽ ചെലവ് പിന്നെയും കൂടും. അതിനൊപ്പം നികുതികൂടി ചേരുന്നതോടെ മില്ലിൽനിന്ന് മരമെടുക്കുന്ന വിലയാകും. പിൻകോഡ, കുമരു, ദൗസി, കൊയ്ല തുടങ്ങി പലയിനം മരങ്ങളാണ് വിദേശത്തുനിന്നെത്തുന്നത്. മലേഷ്യയിൽനിന്ന് മാത്രമല്ല യുഗാണ്ടയിൽനിന്നുപോലും കേരളത്തിലെ മില്ലുകളിൽ മരം എത്തുന്നുണ്ട്.
തമിഴ്നാട്ടിൽനിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന കരിവേലകവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നല്ല മൂപ്പുള്ളതാവണമെന്ന് മാത്രം. പിൻകോഡക്ക് ചതുരശ്ര അടിക്ക് 3750 രൂപയാണ് തൃശൂരിലെ പരമാവധി വില. ദൗസിക്ക് 3000 രൂപയും കുമരു, കൊയ്ല എന്നിവക്ക് 2500 രൂപയുമാണ് ചതുരശ്ര അടിയുടെ വില. വിദേശമരങ്ങൾ സീസൺ ചെത്ത് ഫിംഗർ ജോയൻറ് ചെയ്തവക്ക് 25–30 ശതമാനം വില കുറയും. നിർമാണാവശ്യങ്ങൾക്ക് എല്ലാറ്റിനും ഇവ ഉപയോഗിക്കുകയും ചെയ്യാം. 20 വർഷവും അതിലേറെയും ഒരു തകരാറുമില്ലാതെ നിലനിൽക്കുമെന്ന വ്യവസ്ഥയിൽ ഇവ വാങ്ങാം.
നോക്കിയാൽ നന്ന്
എത്ര തുരത്തിയാലും വീടായാൽ ചിതലുണ്ടാകും എന്ന ഓർമ വേണം. മരത്തിെൻറ മുഖ്യശത്രു ചിതൽതന്നെ. ചുമരുമായി തട്ടിനിൽക്കുന്ന ഭാഗങ്ങളിൽ കഴിയുന്നതും കാതൽ മരങ്ങൾ ഉപയോഗിച്ച് ഒരു പരിധിവരെ ചിതലിനെ പ്രതിരോധിക്കാം.
മൂപ്പെത്തിയ മരംവേണം തിരഞ്ഞെടുക്കാൻ. മൂപ്പെത്താത്തതിന് ഉറപ്പ് കുറയും. വളവും തിരിവുമുള്ളവ വാങ്ങിയാൽ വേസ്റ്റ് ഇനത്തിൽ നഷ്ടം കൂടും. ആവശ്യത്തിനനുസരിച്ച് അറുത്തെടുക്കലും പ്രയാസമാകും. തടിയെപ്പറ്റി നന്നായി അറിയാവുന്നവർക്ക് തടിയിൽ തട്ടിനോക്കിയാൽതന്നെ ഗുണം അറിയാം. അകംപൊള്ളയാണോ വിണ്ടുകീറിയിട്ടുണ്ടോ എന്നൊക്കെ ഇങ്ങനെ മനസ്സിലാക്കാം.
ചിതൽ പിടിക്കാത്തതും കുത്തുവീഴാത്തതുമായ തടി വേണം വാങ്ങാൻ. തടി അറുത്തുകഴിഞ്ഞാൽ കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് അടുക്കിവെക്കണം. വെയിലത്തിട്ട് ഉണക്കരുത്. അടുക്കിവെക്കുന്നത് കൃത്യമായില്ലെങ്കിൽ തടി വളയാൻ ഇടയുണ്ട്. നന്നായി ഉണങ്ങിയശേഷമേ ഉപയോഗിക്കാവൂ.
മരപ്പണിക്ക് മെഷീൻ സൗകര്യം ഉപയോഗപ്പെടുത്തിയാൽ പണിക്കൂലിയിൽ ലാഭമുണ്ടാകും. വീടുപണിയുടെ മരപ്പണി റേറ്റിനോ ദിവസക്കൂലിക്കോ എന്ന് ആദ്യം തീരുമാനിക്കണം. റേറ്റിനാണെങ്കിൽ തുടക്കം മുതൽ വീടുപണി തീരുന്നതുവരെയുള്ള നിരക്ക്, ഇനം തിരിച്ച് എഴുതിവാങ്ങണം. പണിക്കിടെ നിരക്ക് നിശ്ചയിക്കുന്നത് നഷ്ടമുണ്ടാക്കാം. നമുക്കാവശ്യമായ പണികൾ മാത്രം ചെയ്യിച്ചാൽ മതി. പണി തീരുന്നതിനനുസരിച്ച് ഇടപാട് തീർക്കുക. മുൻകൂറായി പണം നൽകാതിരിക്കുക.
●
വിവരങ്ങൾക്ക് കടപ്പാട്
എ.കെ. ഗോപാലൻ
ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോഴിക്കോട്
കെ.എസ്. സലീഷ്
അമ്മ വുഡ് ഇൻഡസ്ട്രീസ്, ചൊവ്വൂർ, തൃശൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.