16 ലക്ഷം രൂപ ചെലവിൽ വീടിന് നൽകാം, ഇരുനില വീടിന്‍റെ പ്രൗഢിയിൽ കിടിലൻ മേക്കോവർ

പഴയ വീടൊന്ന് പുതുക്കിയെടുക്കണം. എന്നാൽ ഇന്‍റീരിയറുൾപ്പടെ മുഴുവൻ വർക്കുകളും കഴിയുമ്പോഴേക്കും ബജറ്റ് ഒരു വലിയ പ്രശ്നമായിരിക്കും. വീട് പുതുക്കിയെടുക്കണമെന്നാഗ്രഹിക്കുന്ന ഒട്ടുമിക്ക സാധാരണക്കാരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് വീടിനായി ചെലവഴിക്കേണ്ടി വരുന്ന ഭീമമായ തുക. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു കൊച്ചു വീടിനെ എത്രത്തോളം മാറ്റിയെടുക്കാൻ സാധിക്കും? നമ്മുടെ കൈയിലെ ബജറ്റ് അനുസരിച്ച് മേക്കോവറിന്‍റെ വ്യാപ്തി എത്ര വേണമെങ്കിലും മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കും. എന്നാൽ വെറും 16 ലക്ഷം രൂപ ചെലവിൽ ഇരുനില വീടിന്‍റെ പ്രൗഢിയിൽ ഒരു കിടിലൻ മേക്കോവർ കണ്ടാലോ...


കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രാധികയുടെതാണ് വീട്. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു കൊച്ചുവീടാണ് ഇരുനില വീടിന്‍റെ പ്രൗഢിയോടെ പുതുക്കി പണിതത്. വീടിന്‍റെ മുഴുവൻ വർക്കുകൾക്കായി ആകെ ചെലവായത് വെറും 16 ലക്ഷം രൂപയാണ്. 1,100 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീട് പൊളിച്ച് മാറ്റാതെ കേരള തനിമ നിലനിർത്തി പുതുക്കിയെടുക്കണമെന്നാണ് ഡിസൈനർ ഷഫീഖിന് മുന്നിൽ വീട്ടുടമ മുന്നോട്ട് വെച്ച ഏക ആവശ്യം. ഇതനുസരിച്ച് പരമ്പരാഗത തനിമയോടെ തന്നെയാണ് വീട് പുതുക്കി പണിതത്. ഇന്ന് വീട് നിർമാണത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരുമ്പോൾ പഴമയെ എല്ലാവരും അവഗണിക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായാണ് ഈ വീടിന്‍റെ മേക്കോവർ എന്നതാണ് പ്രധാന പ്രത്യേകത.


മോടി പിടിപ്പിക്കുന്നതിന്‍റെ ഭാഗമായി പഴയ ഓടുകളെല്ലാം മാറ്റി സീലിങ് ഓടുകൾ സ്ഥാപിച്ചു. മുറികളുടെ വലിപ്പം കൂട്ടി. മരം കൊണ്ടുള്ള ചാരു പടികളാണ് പുറത്ത് നൽകിയിരിക്കുന്നത്. വുഡൺ ടച്ച് നൽകിയാണ് സീലിങ് ഡിസൈൻ ചെയ്തത്. സീലിങിന് മുകളിൽ ചെറിയ മൺപാത്രത്തിന്‍റെ രൂപത്തിൽ ഡിസൈൻ നൽകി അതിൽ കുഞ്ഞു ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ലിവിങ് ഏരിയയും ഡൈനിങ് ഹാളും ഒരു റൂമിൽ തന്നെയാണ് വരുന്നത്.


ഫ്ലോറിൽ ഉപയോഗിച്ചിട്ടുള്ളത് വുഡൺ ടൈലാണ്. വീടിന് മുകളിലായി ഒരു ഓപൺ സ്പേസും മനോഹരമായ ജനവാതിലുകളും നൽകിയിട്ടുണ്ട്. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഒറ്റ നോട്ടത്തിൽ ഒരു ഇരുനില വീട്. എന്നാൽ മുകൾ ഭാഗത്ത് മറ്റ് റൂമുകൾ ഒന്നും തന്നെയില്ല. വീടിന്‍റെ ജനവാതിലുകൾക്ക് താരതമ്യേന വലിപ്പം കുറവായിരുന്നതിനാൽ ഫെറോസിമന്‍റ് ഉപയോഗിച്ച് വലിപ്പം കൂട്ടിയിട്ടുണ്ട്. മുമ്പ് വീട്ടിൽ ഉണ്ടായിരുന്ന പഴയ ഓടുകളും മരങ്ങളുമെല്ലാം നശിപ്പിച്ച് കളയാതെ വീണ്ടും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വീടിന് മുകളിൽ നൽകിയിട്ടുള്ള ഓടുകൾ അകത്തേക്ക് കൂടുതൽ തണുപ്പെത്തിക്കുന്നതിന് സഹായിക്കും. പഴയ വീട് പുതുക്കിയെടുക്കണമെന്ന ആഗ്രഹമുള്ള എന്നാൽ അതിന്‍റെ ഭീമമായ ചെലവുകൾ താങ്ങാൻ സാധിക്കാത്ത നിരവധി ആളുകൾക്ക് അവരുടെ സ്വപ്നവും ഒരുനാൾ പൂവണിയും എന്നതിനുള്ള ഉത്തരമാണ് ഈ വീട്.


Project facts

Location: koyilandy, Calicut

Plot-8 cent

Area 1100 sqft

Budget-16 lakhs

Designer: Shafique mk

Archstudio

Calicut

Contact Number: 9745220422


Tags:    
News Summary - house renovation in 16 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.