എടക്കര: 'റിഹാറ്റ് നിലമ്പൂര്‍' പദ്ധതിയുടെ ഭാഗമായി എടക്കര ചാത്തംമുണ്ടയില്‍ പീപ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച പീപ്ള്‍സ് വില്ലേജ് ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. കായികമന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍ എം.ഐ. അബ്ദുല്‍ അസീസ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിക്കും. പീപ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ പീപ്ള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് റിഹാറ്റ് നിലമ്പൂര്‍. ഡല്‍ഹി ആസ്ഥാനമായ ഹ്യൂമണ്‍ വെൽഫെയര്‍ ട്രസ്റ്റ്, പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ ഇംപെക്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. രണ്ടാം ഘട്ടത്തില്‍ വാസയോഗ്യമായ ഭൂമിയില്ലാത്തവര്‍ക്ക് പീപ്ള്‍സ് ഫൗണ്ടേഷന്‍, മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വാങ്ങിയ 1.75 ഏക്കര്‍ ഭൂമിയിലാണ് 27 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. ഇതുൾപ്പെടെ റിഹാറ്റ് പദ്ധതിയിലൂടെ ഭവനരഹിതരായ 76 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടൊരുക്കിയെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
സ്വന്തമായി വാസയോഗ്യമായ സ്ഥലമുള്ള, എന്നാല്‍ വീടില്ലാത്തവര്‍ക്കുള്ള വീട് നിര്‍മാണവും പ്രളയത്തില്‍ നഷ്ടം സംഭവിച്ച നിലമ്പൂര്‍ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാര്‍ക്ക് സംരംഭങ്ങള്‍ പുനരുദ്ധരിക്കാൻ ഒരുകോടി രൂപയുടെ ധനസഹായവും റിഹാറ്റ് നിലമ്പൂര്‍ ഒന്നാംഘട്ട പദ്ധതിയില്‍ നല്‍കി.
ഇതിനു പുറമെ സര്‍ക്കാര്‍ സഹായം ലഭിച്ച 25 കുടുംബങ്ങള്‍ക്ക് വീട് പൂര്‍ത്തീകരിക്കാനുള്ള സഹായവും നല്‍കി. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പദ്ധതി സമര്‍പ്പണ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ പി. മുജീബ് റഹ്മാന്‍, ഇംപെക്‌സ് മാനേജിങ് ഡയറക്ടര്‍ സി. നുവെസ് എന്നിവര്‍ പങ്കെടുക്കും. പീപ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് സലീം മമ്പാട്, പീപ്ള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹമീദ് സാലിം, പ്രോജക്ട് കണ്‍വീനര്‍ മിയാന്‍ദാദ്, അലി കാരക്കാപറമ്പ്, സി. ഉസ്മാൻ, പ്രഫ. അബ്ദുൽ അസീസ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.