ന്യൂഡൽഹി: ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച 75,021 കോടി രൂപ ചെലവുവരുന്ന പുരപ്പുറ സൗരോജ പദ്ധതിക്ക് (പ്രധാനമന്ത്രി-സൂര്യ ഘര്‍) വ്യാഴാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകി.
പദ്ധതി പ്രകാരം രണ്ട് കിലോവാട്ട് വരെയുള്ള സോളാർ പ്ലാന്റുകൾക്ക് സർക്കാർ 60 ശതമാനം സബ്സിഡി നൽകും. അതിനുശേഷം ഒരു കിലോവാട്ട് കൂടി വർധിപ്പിക്കണമെങ്കിൽ 40 ശതമാനം സബ്സിഡി നൽകുമെന്നും മന്ത്രിസഭ യോഗം വിശദീകരിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ അറിയിച്ചു. ഇതനുസരിച്ച് ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് പവർപ്ലാന്റ് സ്ഥാപിക്കുന്നതിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും വരെയാണ് സബ്സിഡിയായി ലഭിക്കുക. പദ്ധതിക്ക് അപേക്ഷിക്കുന്നതിന് ഓൺലൈൻ പോർട്ടൽ സജ്ജമാക്കും.
കൂടാതെ, പ്ലാന്റ് സ്ഥാപിക്കുന്നതിന് ഏഴ് ശതമാനം പലിശയിൽ ലോൺ ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും മാതൃകാ സൗരോര്‍ജ ഗ്രാമം വികസിപ്പിക്കും. പുരപ്പുറ സൗരോജം പ്രോത്സാഹിപ്പിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നൽകും. സൗരോർജ നിര്‍മാണം, ലോജിസ്റ്റിക്സ്, വിതരണ ശൃംഖല, വില്പന, സ്ഥാപിക്കല്‍ അടക്കം 17 ലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.