നടുവണ്ണൂർ: നടുവണ്ണൂരിലെ പൂർവ സ്കൗട്ടുകളുടെ കൂട്ടായ്മയായ ഫോർമർ സ്കൗട്ട് ഫോറം നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ നിർധന കുടുംബത്തിന് നിർമിച്ച ഹാപ്പിഹോം താക്കോൽ ദാനത്തിനൊരുങ്ങുന്നൂ.
നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടുന്ന വനിതകൾമാത്രമുള്ള ഈ വീടിന്റെ സമർപ്പണം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പി.ടി. ഉഷ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിഷ, ഗ്രാമപഞ്ചായത്തംഗം പി. സുജ എന്നീ അഞ്ച് വനിത ജനപ്രതിനിധികൾ ചേർന്ന് നിർവഹിക്കും. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26ന്റെ സ്നേഹഭവനം പദ്ധതിയോട് സഹകരിച്ചാണ് നടുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൗട്ടിങ് കൂട്ടായ്മ ഈ പദ്ധതി ഏറ്റെടുത്തത്. ഗ്രാമപഞ്ചായത്തിലെ സാമ്പത്തികമായി മറ്റും പിന്നാക്കം നിൽക്കുന്ന വീടില്ലാത്തവരിൽനിന്നും അപേക്ഷ ക്ഷണിക്കുകയും വിദഗ്ധ കമ്മിറ്റിയുടെ പരിശോധനയിലൂടെ ഒരു ഗുണഭോക്താവിനെ കണ്ടെത്തുകയും ചെയ്തു.
12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബഹുജന പങ്കാളിത്തത്തോടെ രണ്ട് ബെഡ്റൂം സൗകര്യമുള്ള ഒരു നില വീട് പണിതത്. നാളെ നടക്കുന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ ജനപ്രതിനിധികൾ, സ്കൗട്ട് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.