ഡൽഹിയിലെ തന്‍റെ ആഡംബര ഭവനത്തിന്‍റെ വാതിൽ ആരാധകർക്കായി തുറന്നിട്ട് കിംഗ് ഖാൻ

ഡൽഹിയിലെ തന്‍റെ ഭവനത്തിന്‍റെ വാതിൽ ആരാധകർക്കായി തുറന്നിട്ട് കാത്തിരിക്കുകയാണ് ഷാറൂഖ് ഖാൻ. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യ ജോഡിക്കായാണ് ഷാരൂഖ് ഈ സർപ്രൈസ് കാത്തുവെച്ചത്. തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം അദ്ദേഹം പോസ്റ്റ് ചെയ്തത്.


വീട്ടില്‍ നിന്നുള്ള അഞ്ചു ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനൊപ്പമാണ് ഈ കിടിലൻ സര്‍പ്രൈസും ഷാരൂഖ് ഒരുക്കിയത്. വാടകക്ക് താമസസൗകര്യം ഒരുക്കുന്ന സേവനദാതാക്കളായ എയർബിഎൻബി (Airbnb) വഴിയാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. ആഡംബര ഭവനത്തിലെ താമസത്തിനൊപ്പം അതിഥികള്‍ക്ക് ഖാന്‍കുടുംബത്തിന്‍റെ പ്രിയഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച അത്താഴവും ഷാരൂഖിന്‍റെ പ്രധാന സിനിമകളും കണ്ടാസ്വദിക്കാം.


ആദ്യകാലത്തെ ധാരാളം ഓര്‍മകള്‍ പേറുന്ന ഡല്‍ഹിക്ക് തങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടമാണുള്ളതെന്ന് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് കുറിക്കുന്നു. "ഞങ്ങളുടെ ഡൽഹിയിലെ വീട് ഗൗരിഖാൻ റീഡിസൈൻ ചെയ്യുകയും നൊസ്റ്റാൾജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്തു. ഞങ്ങളുടെ ഗസ്റ്റ് ആവാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഞങ്ങൾ ഒരുക്കുന്നത്." -ഖാൻ പറഞ്ഞു.

ഇന്‍റീരിയര്‍ ഡിസൈനര്‍ കൂടിയായ ഭാര്യ ഗൗരി തന്നെയാണ് പഞ്ച്‌ഷീൽ പാർക്കിലുള്ള വീടിന്‍റെ ഇന്‍റീരിയർ ഡിസൈനിന് ചുക്കാൻ പിടിച്ചത്. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ഷാരൂഖ് ഗൗരി ഖാനെ കണ്ടുമുട്ടുന്നതും തലസ്ഥാനത്തു വച്ചാണ്.


ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ ആദ്യകാലത്തെ ഓർമ്മകൾ ഏറെയുണ്ട്, വർഷങ്ങളായി ഞങ്ങൾ ശേഖരിച്ചവ, ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളാൽ അവിടെ നിറഞ്ഞിരിക്കുന്നു. വീടിന് ഞങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. എയർബിഎൻബിയുമായുള്ള സഹകരണത്തിലൂടെ, ഒരു ഭാഗ്യ ജോഡിക്ക് ഞങ്ങളുടെ അതിഥിയാകാൻ അവസരം ലഭിക്കും'. -വീടിന്‍റെ ഇന്‍റീരിയർ കാണിക്കുന്ന വീഡിയോ പങ്കിട്ട് ഗൗരി കുറിച്ചു. ഗൗരിയുടെ 'മൈ ലൈഫ് ഇൻ 'എന്ന പുസ്തകം പണിപ്പുരയിലാണ്.


പ്രണയദിനം പ്രമാണിച്ച് അടുത്തവർഷം ഫെബ്രുവരി 13, 14 തിയതികളിലാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ​ഗൗരി ഖാൻ പറഞ്ഞു. നവംബർ 30 വരെയാണ് എൻ‌ട്രികൾ സമർപ്പിക്കേണ്ടത്. 'Open Arm Welcome' എന്നാണ് മത്സരത്തിന് എയർബിഎൻബി പേര് നൽകിയിരിക്കുന്നത്.'ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണം' എന്ന വിഷയത്തെ കുറിച്ചാണ് മത്സരാർത്ഥികൾ എഴുതുണ്ടേത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.