കണ്ണൂർ: ട്രാൻസ്ജൻഡർ വിഭാഗത്തിന് ഭവനപദ്ധതിയൊരുക്കാൻ കണ്ണൂർ ജില്ല പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ളവർക്ക് കൂരയൊരുക്കാനുള്ള നീക്കത്തിന് ഒരു ജില്ലപഞ്ചായത്ത് മുൻകൈയെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യവീടിന്റെ തറക്കല്ലിടൽ തിങ്കളാഴ്ച കതിരൂരിൽ നടക്കും. ജില്ല പഞ്ചായത്ത് വിഹിതമായി ആദ്യഘട്ടത്തിൽ നാല് ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകും.
വീട് നിർമിക്കുന്നതിനാവശ്യമായ 3.5 സെന്റ് സ്ഥലം കതിരൂർ പഞ്ചായത്താണ് നൽകുന്നത്. അതത് പഞ്ചായത്തുകൾ ഗുണഭോക്താക്കളെ കണ്ടെത്തി അപേക്ഷ സമർപ്പിച്ചാൽ ജില്ല പഞ്ചായത്ത് ധനസഹായം നൽകും.
കതിരൂർ പഞ്ചായത്ത് 16ാം വാർഡിലെ ട്രാൻസ്ജൻഡറിനാണ് ആദ്യവീട് നിർമിച്ചുനൽകുന്നത്. ജില്ല പഞ്ചായത്തും പഞ്ചായത്തും മൂന്നുലക്ഷം വീതം തുകയെടുത്താണ് ഭവനനിർമാണം ആരംഭിക്കുന്നത്. അർഹരായവർക്കെല്ലാം വീട് നിർമിച്ചുനൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
അഞ്ചുവർഷം മുമ്പ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവേ നടത്തിയിരുന്നു. ഇതിൽ 240 ഓളം പേരുടെ പ്രാഥമിക പട്ടികയാണ് തയാറാക്കിയത്. ഇവർക്കായി ഭവനപദ്ധതിക്ക് പുറമെ സ്ഥിരം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയും ജില്ല പഞ്ചായത്തിന്റെ ആലോചനയിലുണ്ട്. ഇത്തരക്കാർക്ക് സംരംഭം തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും നൽകും. ഇവർക്കായി സംരംഭകത്വ പരിശീലനവും ഹെൽപ് ഡെസ്കും ആരംഭിക്കാനും നീക്കമുണ്ട്.
അർഹരായവർക്ക് പഞ്ചായത്തിൽ അപേക്ഷ നൽകാം
ട്രാൻസ്ജൻഡർ വിഭാഗത്തിൽ അർഹരായവർക്ക് വീടുനിർമാണത്തിന് അതത് പഞ്ചായത്തിൽ അപേക്ഷ നൽകാം. ഈ അപേക്ഷയിൽ തീരുമാനമെടുത്ത് ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്ത് ജില്ല പഞ്ചായത്തിന് കൈമാറും. തുടർന്ന് വീടുനിർമാണത്തിന് നാലുലക്ഷം ജില്ല പഞ്ചായത്ത് അതത് പഞ്ചായത്തുകൾക്ക് കൈമാറും. രണ്ടാമത്തെ വീട് അഴീക്കോട് പഞ്ചായത്തിലാണ് നിർമിക്കുന്നത്. ഇതിനായുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ
ആദ്യ ചുവടുവെപ്പ് കണ്ണൂരിൽ
സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്ജൻഡർ വിഭാഗത്തിന് വീടൊരുക്കുന്ന പദ്ധതിയാണ് കണ്ണൂരിൽ തുടങ്ങുന്നത്. ഇത്തരക്കാരുടെ ജീവിതനിലവാരം ഉയർത്തുകയെന്നതാണ് ജില്ല പഞ്ചായത്തിന്റെ നയം. രാജ്യത്തുതന്നെ ആദ്യമായി ട്രാൻസ്ജൻഡർ വിഭാഗത്തിനായി സാമ്പത്തികനയം ബജറ്റിൽ പ്രഖ്യാപിച്ചത് കണ്ണൂർ ജില്ല പഞ്ചായത്താണ്. ഇതിനുശേഷമാണ് സംസ്ഥാന സർക്കാർ ഈരീതി പിന്തുടർന്നത്. ഇതിന്റെ തുടർച്ചയായാണ് ഈ വിഭാഗത്തിലുള്ളവർക്ക് ഭവനപദ്ധതിക്ക് തുടക്കമിടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.