ഇന്‍റീരിയര്‍ എന്നാല്‍ വീടിനകത്തെ അടുക്കും ചിട്ടയും സൗന്ദര്യവും സൗകര്യവുമാണ് എന്നതിനാല്‍ തന്നെ എത്ര ചെലവു കുറഞ്ഞ വീട്ടിലും ഇന്‍റീരിയര്‍ ഡിസൈന്‍ ആവശ്യമാണ്, പ്രായോഗികവുമാണ്.
ആഡംബര ലൈറ്റിങും പെയിന്‍റിങും ഫ്ളോറിങും മാത്രമല്ല ഇന്‍റീരിയര്‍ ഡിസൈന്‍. അല്‍പം ഭാവനയുണ്ടെങ്കില്‍ പ്രകൃതിയിലെ ഏതു വസ്തു ഉപയോഗിച്ചും നമുക്ക് വീട്ടകം സുന്ദരമായി അലങ്കരിക്കാം.
ലാറി ബേക്കര്‍ തിരുവനന്തപുരം നഗരത്തില്‍ മണ്‍കട്ടകള്‍ ഉപയോഗിച്ച് പണിത ചെറിയ വീടിന് ഇന്‍റീരിയര്‍ ഭംഗി ഒരുക്കിയത് വിചിത്രമായ രീതിയിലാണ്. ഇഷ്ടികകള്‍ ഉപയോഗിച്ചു തന്നെ പണിത ജനാലയുടെ വിടവുകളില്‍ സാധാരണ സ്ഫടിക കുപ്പികളില്‍ പല നിറങ്ങള്‍ കലക്കിയ വെള്ളം നിറച്ചുവെച്ചു ആ മഹാശില്‍പി. സൂര്യപ്രകാശം ആ കുപ്പികളിലൂടെ കടന്ന് മുറിയില്‍ പതിക്കുമ്പോള്‍ അതിസുന്ദരമായ ലൈറ്റിങ് ആയി, മനോഹരമായ ദൃശ്യാനുഭവം.
കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവിയായിരുന്ന പ്രഫ. യൂജിന്‍ പണ്ടാല കരിങ്കല്ലും മണ്ണും ചെങ്കല്ലും വെള്ളാരംകല്ലുകളും ഇന്‍റീരിയര്‍ ഭംഗിക്ക് മനോഹരമായി ഉപയോഗിക്കാമെന്ന് പറയുന്നു.
ചെലവു കുറഞ്ഞ ഇന്‍റീരിയര്‍ പ്ളാന്‍ ചെയ്യുമ്പോള്‍ പ്രകൃതിദത്തമായ കാറ്റിനും വെളിച്ചത്തിനും ലൈറ്റിങിനും പ്രാധാന്യം നല്‍കണം. കൃത്രിമ ഭംഗി സൃഷ്ടിക്കാന്‍ ചെലവിടുന്ന തുക പരമാവധി കുറക്കണം. ഫാനും എ.സിയും ഒന്നും ആവശ്യമില്ലാത്ത കുളിര്‍മയുള്ള വീടുകള്‍ ഇന്ന് കേരളത്തില്‍ പലയിടത്തും ഉയരുന്നുണ്ട്.
ഇനി പരീക്ഷണത്തിനൊന്നും നില്‍ക്കാതെ ഭവന വായ്പയുടെ ബലത്തില്‍ രണ്ട് ബെഡ്റൂമും ഒരു ലിവിങ്റൂമും കിച്ചനുമായി ചെലവ് പരമാവധി കുറച്ച് കഷ്ടിച്ചൊരു വീടുകെട്ടിപ്പൊക്കുന്ന സാധാരണക്കാരന്‍െറ കാര്യമോ? അത്തരം വീടിനും വേണമൊരു ഇന്‍റീരിയര്‍ സങ്കല്‍പം. ഇപ്പോള്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചര്‍ ഒന്ന് അറ്റകുറ്റപണി നടത്തി, പോളിഷ് ചെയ്ത് മിനുക്കിയെടുക്കാം. നല്ല ആര്‍ക്കിടെക്ടാണെങ്കില്‍ പിന്നെ വേറൊരു ഇന്‍റീരിയര്‍ ഡിസൈനര്‍ വേണമെന്നില്ല.
ഇന്‍റീരിയറിനെക്കുറിച്ച് പ്രതിപാദിക്കുന്ന ധാരാളം പുസ്തകങ്ങളും മാസികകളും ഇന്ന് ലഭ്യമാണ്.വെബ്സൈറ്റുകളും ടെലിവിഷന്‍ പരിപാടികളും ഉണ്ട്. അവയെല്ലാം കണ്ട് അതില്‍നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് നിശ്ചയിച്ച് അത് ആര്‍ക്കിടെക്ടിനെ ധരിപ്പിച്ചാല്‍ അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാനാവും.
ഉള്ള ഫര്‍ണിച്ചര്‍ മിനുക്കിയെടുത്ത് ഭംഗിയായി വിന്യസിക്കുക. ഒന്നോ രണ്ടോ ഇഷ്ട നിറത്തിന്‍െറ പല ഷേഡുകള്‍ മുറികളില്‍ ഉപയോഗിക്കുക. ഒരു ചുമര്‍ ചിത്രവും ഫ്ളവര്‍വേസും വേണമെങ്കിലൊരു അക്വേറിയവുമൊക്കെ പ്ളാന്‍ ചെയ്യുക. തറയിടാന്‍ ഉപയോഗിക്കുന്നത്, ടൈലായാലും മാര്‍ബിള്‍ ആയാലും ഗ്രാനൈറ്റ് ആയാലും ഇനി വെറും കാവി (റെഡ് ഓക്സൈഡ്) ആയാല്‍പോലും ഒരേ രൂപത്തിലും നിറത്തിലും ഭംഗിയായി ഉപയോഗിക്കുക. വീടിന് മൊത്തത്തില്‍ അടുക്കും ചിട്ടയും ഉണ്ടാക്കുക. വീട്ടമ്മയുടെ കൂടി അഭിപ്രായം പരിഗണിച്ചും സുഹൃത്തുക്കളുടേയും മറ്റും വീടുകള്‍ കണ്ടും അടുക്കളയിലടക്കം പരമാവധി സ്റ്റോറേജ് സ്പേസ് കിട്ടും വിധം റൂമുകള്‍ പ്ളാന്‍ ചെയ്യുക. സീലിങിന് വെള്ളനിറം കൂടി ആയാല്‍ മുറികള്‍ക്ക് പരമാവധി വലിപ്പം തോന്നും. ജനാലകള്‍ സുരക്ഷിതത്വം തരുന്ന രീതിയില്‍ (കിടക്കക്ക് അരികില്‍ വേണ്ട) ഉചിതമായ സ്ഥാനത്ത്, ഒരേ ഡിസൈന്‍ പാലിക്കുന്ന വയറിങ് ഉപകരണങ്ങളും സ്വിച്ചുകളും മറ്റും, പരമവാധി സി.എഫ്.എല്‍ ലാമ്പുകള്‍, മുറിയുടെ നിറത്തോട് ചേരുന്ന കര്‍ട്ടനുകള്‍. ഇത്രയുമൊക്കെ പ്ളാന്‍ ചെയ്ത് നടപ്പാക്കിയാല്‍ വെറും പത്തുലക്ഷം മുടക്കി വെച്ച ചെറു വീടിനും സുന്ദരമായ ഇന്‍റീരിയര്‍ ആയി. വീടു നിര്‍മാണത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അറിവും സൗന്ദര്യ ബോധവും ഇവിടെ പ്രസക്തം.
ചിത്രങ്ങള്‍
ലിവിങ്റൂം ചുവരിലും ബെഡ്റൂം ചുവരിലുമൊക്കെ സുന്ദരന്‍ ചിത്രങ്ങള്‍. ഇന്നത് ബാത്ത്റൂമില്‍ വരെ എത്തിയിരിക്കുന്നു. മോഡേണ്‍ പെയിന്‍റിങാവാം, ക്ളാസിക്കല്‍ പെയിന്‍റിങ്ങിന്‍െറ പകര്‍പ്പാവാം. എന്തായാലും അത് വീടിന്‍െറ മൊത്തം പ്രതിച്ഛായ മെച്ചപ്പെടുത്തും. കേരളത്തിലെ പല ഇന്‍റീരിയര്‍ ഡിസൈനര്‍മാരും ഇന്ന് ചിത്രകാരില്‍ നിന്ന് മൗലികതയുള്ള പെയിന്‍റിങ്ങുകള്‍ വരച്ച് വാങ്ങി ഉപയോഗിക്കാറുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഏതു തരം പെയിന്‍റിങും ഇന്ന് വിപണിയില്‍ ലഭ്യമാണ്. രവിവര്‍മ ചിത്രങ്ങളുടെയെല്ലാം പകര്‍പ്പുകള്‍ പല വലിപ്പത്തില്‍ 300 രൂപ മുതല്‍ ലഭ്യമാണ്. മെറ്റല്‍ ഫ്രെയിമുകളും ഗ്ളാസും ഉപയോഗിച്ച് ചെയ്തെടുക്കുന്ന സവിശേഷ വാള്‍ പെയിന്‍റിങ്ങുകളും ലഭ്യമാണ്.
അക്വേറിയങ്ങള്‍
വര്‍ണഭംഗിയേകുന്ന അക്വേറിയങ്ങള്‍ വീടുകളില്‍ ഇന്ന് പതിവുകാഴ്ചയാണ്. പണ്ടൊക്കെ ബോക്സ് അക്വേറിയങ്ങളായിരുന്നുവെങ്കില്‍ ഇന്ന് ഭിത്തിയില്‍ സെറ്റ് ചെയ്യാവുന്ന പ്ളാസ്മ അക്വേറിയങ്ങളാണ് ഫാഷന്‍. വാട്ടര്‍ ഫില്‍ട്ടറേഷനും റീസൈക്ളിങ്ങും മീന് തീറ്റ നല്‍കലും ഒക്കെ ആവശ്യമായതിനാല്‍ അക്വേറിയങ്ങള്‍ക്ക് ശ്രദ്ധാപൂര്‍വമായ പരിചരണം വേണം. ഒന്നരയടി വലിപ്പമുള്ള ഭരണിയുടെ ആകൃതിയിലുള്ള അക്വേറിയങ്ങള്‍ മുതല്‍ എട്ടടിയുടെ കൂറ്റന്‍ അക്വേറിയങ്ങള്‍ വരെ വിപണിയിലുണ്ട്. രൂപത്തിലും വര്‍ണത്തിലും വലിപ്പത്തിലുമൊക്കെ വ്യത്യസ്തരായ അനവധി സുന്ദരന്‍ മത്സ്യങ്ങളും ഉണ്ട്. 1000 രൂപ മുതല്‍ ലക്ഷം രൂപയുടെ വരെ അക്വേറിയങ്ങള്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.