12കോടിയുടെ വീടിന് ഡൂഡിൽ കൊണ്ടൊരു 'മേക്ക് ഓവർ'

വീടുകൾ മനോഹരമാക്കാൻ നിരവധി അലങ്കാര പ്രവൃത്തികൾ എല്ലാവരും നടത്താറുണ്ട്. തങ്ങളുടെ വീടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കാനായി പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നവരും കുറവല്ല. എന്നാൽ യു.കെ സ്വദേശിയായ സാം കോക്സിന്‍റെ വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

തന്‍റെ 12കോടി വിലയുള്ള വീട് മുഴുവൻ ഡൂഡിൽ ചെയ്തിരിക്കുകയാണ് ഈ 26കാരൻ. വീട്ടിലെ ഗൃഹോപകരങ്ങളും എന്തിന് പ്ലഗ് സോക്കറ്റുകൾപോലും മൈക്രോഡൂഡിൽ വരച്ച് സാം സോക്സ് അലങ്കരിച്ചിരിട്ടുണ്ട്. 2019ലാണ് കോക്സ് കെന്‍റിലുള്ള വീട് വാങ്ങുന്നത്. തുടർന്ന് വീടിന് ഒരു മേക്ക് ഓവർ നൽകാൻ അദ്ദേഹം തീരുമാനിച്ചു. സെപ്റ്റംബർ 20 മുതൽ കോക്സ് ഡൂഡിൽ വരക്കാൻ ആരംഭിക്കുകയായിരുന്നു.

കറുപ്പും വെളുപ്പും നിറത്തിലുള്ള ഡൂഡിലുകൾ വീടിന്‍റെ എല്ലാ മൂലയിലും കോക്സ് വരച്ചു. ഡിസൈനുകൾ ആവർത്തിക്കാതെ ഓരോ മുറിക്കും ഓരോ തീമുകൾ നൽകിയാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. 99 ശതമാനം ഡൂഡിലും കൈകൊണ്ടാണ് ചെയ്തതെന്നും ബഡ്ഷീറ്റുകളും കർട്ടനുകളും ടവ്വലുകളും കഴുകി ഉപയോഗിക്കേണ്ടതിനാൽ പ്രിന്‍റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാം കോക്സിന്‍റെ ഭാര്യ അലീനയാണ് ഡൂഡിലിന് കളറുകൾ നൽകിയത്.


'വീട് ബ്ലാക്ക് ആൻഡ് വൈറ്റായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇതിന് കൂടുതൽ ആകർഷണം ഉണ്ടാക്കുമെന്ന് തോന്നുന്നു. ചെറുപ്പം മുതൽ വീട്ടിൽ ഡൂഡിലുപയോഗിച്ച് അലങ്കരിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. അതൊരു രസകരമായ പ്രവർത്തിയാണ്' സാം കോക്സ് പറഞ്ഞു.

വീടിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സാം കോക്സിന്‍റെ കലാവിരുതിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. എന്നാൽ, മുറി മുഴുവനും ഇത്തരത്തിലുള്ള ഡൂഡിൽ വരക്കുന്നത് തലവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - UK man doodles every inch of his mansion worth over 12 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.