ദുബൈ: ദിനംപ്രതി വിലയേറുന്ന എമിറേറ്റിലെ പ്രോപർട്ടി മാർക്കറ്റിൽ കഴിഞ്ഞദിവസം വിറ്റുപോയ വില്ലക്ക് വില 12.8 കോടി ദിർഹം (ഏകദേശം 270കോടി രൂപ). നിരവധി പ്രത്യേകതകളുള്ള 'ഫ്രെയിംഡ് അല്ലൂർ' എന്ന വില്ലയാണ് വൻ തുകക്ക് വാങ്ങിയത്. എല്ലാ പ്രത്യേകതകൾക്കും അപ്പുറം ടെറസിൽ വളർത്തിയ 1600 വർഷം പ്രായമുള്ള ഒലിവ് മരമാണ് ഇതിനെ വിഖ്യാതമാക്കിയത്.
'ആധുനികവും പരമ്പരാഗതവുമായ ജീവിതങ്ങൾ' തമ്മിലെ വിടവ് നികത്തുക എന്ന ഡിസൈനറുടെ കാഴ്ചപ്പാടാണ് മഴയും വെയിലും ഏറെ അനുഭവിച്ച ഒലിവ് മരത്തെ ഇതിന്റെ ടെറസിലെത്തിച്ചത്.
പ്രശസ്ത ആർക്കിടെക്റ്റ് എംറെ അറോലത്താണ് വില്ല ഡിസൈൻ ചെയ്തത്. 19,240 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര വില്ല രൂപ കൽപനയിൽ ദുബൈയിലെ മാസ്റ്റർ പീസുകളിലൊന്നാണ്. നാലുനില കെട്ടിടത്തിന്റെ ടെറസിൽ ഒലിവിന് പുറമെ, ആധുനിക ജിം, യോഗ ഡെക്ക്, ഹോട്ട് ടബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പാം ജുമൈറയിലെ ഏറ്റവും ചെലവേറിയ വില്ലകളിൽ ഒന്നാണിതെന്നും തങ്ങളുടെ പോർട്ട്ഫോളിയോയിലെ അസാധാരണമായ ഒന്നാണിതെന്നും നിർമാതാക്കളായ ബിവൺ പ്രോപർട്ടീസ് സ്ഥാപകൻ ബാബക് ജാഫരി പറഞ്ഞു. ഹോം സിനിമ, പഠന-വിശ്രമ സ്ഥലങ്ങൾ, റൂഫ്ടോപ്പ് ബാർ, ലോഞ്ച് എന്നിങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളും സവിശേഷതകളും ഇവിടെയുണ്ട്. വില്ല സ്വന്തമാക്കിയത് ആരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.