മാലാഖ കുഞ്ഞിന് ആകാശത്തേര്

കുട്ടികള്‍ക്ക് കിടക്കാന്‍ ഒരിടം എന്ന പഴയ ചിന്താഗതിയെല്ലാം പാടെ മാറി. വിരുന്നുകാരെ സല്‍കരിക്കുന്ന ലിവിംഗ് റൂമുകളും വീട്ടിലെ മാസ്റ്റര്‍ ആയി മാറിയ
മാസ്റ്റര്‍ ബെഡ്റൂമും വീടിനകത്ത് തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ അതിനോട് കിടപിടിക്കുന്നതാണ് കിഡ്സ് ബെഡ്റൂമുകളും. എന്നാല്‍ കാത്തിരുന്ന് വന്ന
ആദ്യ കണ്‍മണിക്ക് വീട്ടിലൊരു പൂന്തൊട്ടില്‍ ഒരുക്കാന്‍ ആഗ്രഹിച്ച കൊല്ലം സ്വദേശിയായ ഒരച്ഛന്‍െറ ആഗ്രഹത്തിന് ബേബി ക്രാഡില്‍
റൂം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കിയത് കൊല്ലം വടക്കേവിളയിലെ ഫൈന്‍സ്പേസ് ആര്‍ക്കിടെക്റ്റ്സിലെ അശ്വതി അശോക്  ആണ്.
പെണ്‍കുട്ടിയായത് കൊണ്ട് ബേബി പിങ്ക്, വെളുപ്പ് നിറങ്ങളാണ് ചുമരിന് ഉപയോഗിച്ചിരിക്കുന്നത്. വെള്ളിമേഘങ്ങള്‍ ഇറങ്ങിവന്നത് പോലെ ചുമരിനെ ഹൈലൈറ്റ് ചെയ്തത്
വുഡണ്‍ വര്‍ക്കാണ്. വുഡ് പാനലുകള്‍ മേഘങ്ങള്‍ക്ക് സമാനമായി മുറിച്ച് മുറിയുടെ ചുമരില്‍ ക്രമീകരിച്ച് അവയില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിച്ചാണ് ആകര്‍ഷകമാക്കിയത്.
കണ്‍ചിമ്മി തുറക്കുന്ന നക്ഷത്രങ്ങള്‍ വാരി വിതറി ആകാശത്തേക്കാള്‍ സുന്ദരമാക്കിയിരിക്കുന്നു ഈ മുറിയുടെ സീലിംഗ്. ജിപ്സം ബോര്‍ഡില്‍ ഒപ്റ്റിക്ക് ഫൈബര്‍ ലൈറ്റുകള്‍ കൊടുത്താണ് ഈ വിസ്മയം തീര്‍ത്തിരിക്കുന്നത്. ഇതിന് മാത്രം ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ വേണ്ടിവന്നു. മുറിയിലേക്ക് വര്‍ണം വാരിത്തൂകി ഇറങ്ങിവരുന്ന മഴവില്ല്
ഈ മുറിയെ കൂടുതല്‍ സുന്ദരമാക്കുന്നു. കുഞ്ഞുവാവക്ക് കിടക്കാന്‍ മേഘത്തേര് പോലെ വെളുത്ത കുഞ്ഞുത്തൊട്ടിലിനൊപ്പം അരികില്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കിടക്കാവുന്ന തരത്തില്‍ ഇട്ടിരിക്കുന്ന കട്ടിലിനും നിറം വെളുപ്പ് തന്നെ. ഒരു ചെറിയ ലിവിംഗ് ഏരിയയും കുഞ്ഞിന്‍െറ കളിപ്പാട്ടങ്ങള്‍,ഉടുപ്പുകള്‍ എന്നിവ വെക്കാനുള്ള കബോര്‍ഡ്സും കുഞ്ഞിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ വെക്കാന്‍ ഒരു കുഞ്ഞുമേശയും മുറിയിലുണ്ട്.ഒറ്റനോട്ടത്തില്‍ മാലാഖ കുഞ്ഞിനെ പോല്‍ സുന്ദരമല്ളേ ഈ മേഘത്തേരും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.