അകത്തളങ്ങളില്‍ കുളിര്‍മയേകുന്ന അന്തരീക്ഷവും ഭംഗിയും നല്‍കാന്‍ അല്‍പം പച്ചപ്പ് കൂടി ആകാം. അകത്തളങ്ങളെ അലങ്കരിക്കാന്‍ ഷോ പീസുകള്‍ക്കും ശില്‍പങ്ങള്‍ക്കും ചെലവാക്കുന്ന പണം നമ്മുക്ക് സമാഹരിക്കാം, പകരം ചെടികള്‍ നടാം. ചെടിയോ? വീടിനകത്ത് വളര്‍ത്തിയാല്‍ നിലം വൃത്തികേടാകുമോ, സൂര്യപ്രകാശവും വെള്ളവുമൊക്കെയോ എന്നിങ്ങനെ ഒരു കൂട്ടം ചോദ്യങ്ങള്‍ ഉണ്ടാകുമല്ളോ, ഇതിതൊന്നും പ്രശ്നമല്ലാതെ നമ്മുക്ക് വീടകം മോടികൂട്ടാം. വലിയ ചെലവൊന്നും ഇതിനാവശ്യമില്ല. സജീകരിക്കാനുള്ള സ്ഥലം ഉണ്ടായാല്‍ മതി.
ചെറിയ ചെടികള്‍ മുറിക്കുള്ളില്‍ പലയിടത്തായി വയ്ക്കുന്നതു വീടിന്‍റെ ആകര്‍ഷണീയത കൂട്ടും. ജനല്‍പ്പടി, മേശപ്പുറം, അടുക്കള, ബാല്‍ക്കണി, ടെറസ്, സിറ്റ്ഒൗട്ട് തുടങ്ങിയ ഇടങ്ങളിലൊക്കെ പച്ചപ്പുകൊണ്ട് അലങ്കരിക്കാവുന്നതാണ്. അടുക്കളയില്‍ ഒൗഷധ സസ്യങ്ങള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും സ്ഥാനം നല്‍കാം. കള്ളിമുള്‍ച്ചെടി, മണിപ്ളാന്‍റ്, പനച്ചെടി, ചിത്രപുല്ല് തുടങ്ങി പരിപാലനം അധികം ആവശ്യമില്ലാത്ത ചെടികളാണ് നല്ലത്. ഇവ ഇടക്കിടെ വെയില്‍ കൊള്ളിക്കാം.
ഇലച്ചെടിയായ ഫിലോഡെന്‍ഡ്രോന്‍, ട്രെസീന, സിങ്കോണിയ, അരേളിയ എന്നിവ വീട്ടിനുളളില്‍ പരിപാലിക്കാവുന്ന വിശിഷ്ടാഥിതികളാണ്. വിവിധ നിറങ്ങളിലും ടെക്സ്ചറിലും ലഭിക്കുമെന്നതിനാല്‍ കള്ളിച്ചെടികളും ഫേണുകളും (ചിത്രപ്പുല്ല്) ആണ് ടേബ്ള്‍ടോപ് ഗാര്‍ഡന് ഏറെ അനുയോജ്യം. ക്ളോറോഫൈറ്റം, കലേഡിയ, റിബണ്‍ ഗ്രാസ് എന്നിവയും ഉപയോഗിക്കാം. ഇവയുടെ ഒക്കെ പേരുകേട്ട് പേടിക്കുകയൊന്നും വേണ്ട, ചുറ്റുവട്ടത്തുള്ള നഴ്സറികളില്‍ നിന്നോ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ നിന്നോ നമ്മുക്ക് ഇവ സംഘടിപ്പിക്കാവുന്നുതേയുള്ളൂ.
ചെടി വെച്ച് ഇന്‍റീരിയര്‍ മാറ്റാം
അകത്തളങ്ങളില്‍ പൂന്തോട്ടമൊരുക്കുമ്പോള്‍ ഇന്‍റീരിയറിന്‍റെ ശൈലിക്കും നിറത്തിനും യോജിച്ച ചെടികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സമകാലിക ശൈലിയിലുള്ള വീടിന് വണ്ണം കുറഞ്ഞു നേര്‍രേഖകളിലുള്ളതുമായ ചെടികള്‍ തെരഞ്ഞെടുക്കാം. വിക്ടോറിയന്‍ ശൈലിക്കു ഫേണ്‍ (ചിത്രപ്പുല്ല്) യോജിക്കും.
വീടിന് കാഷ്വല്‍ ലുക്ക് നല്‍കാന്‍ കള്ളിമുള്‍ച്ചെടിക്ക് സാധിക്കും. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറക്കാന്‍ ലക്കി ബാംബു വെക്കാം. വരാന്തയിലും മറ്റും തൂക്ക് ചെടികള്‍ വളര്‍ത്തുന്നത് മനോഹരമായിരിക്കും. നടുമുറ്റമുള്ള വീടാണെങ്കില്‍ മുറ്റത്തിന്‍്റെ കോര്‍ണറുകളില്‍ ബാംമ്പു ചെടികള്‍ വെക്കാവുന്നതാണ്. തൂണുണ്ടെങ്കില്‍ പടരുന്ന ചെടികളാവും നല്ലത്.
മണിപ്ളാന്‍്റ്, അഗ്ലോനിമ, ശതാവരി എന്നിങ്ങനെ പടരുന്ന ചെടികള്‍ കോര്‍ണറുകളിലോ ജനല്‍അരികുകളിലോ വളര്‍ത്താം. പായലും ചകിരിയും കൊണ്ട് ഇവ പടര്‍ത്തുവാനുള്ള തണ്ടു പൊതിഞ്ഞു കയറുകൊണ്ട് കെട്ടിയാല്‍ ചെടികള്‍ നന്നായി വളരും.
ജനാലകളുടെ ഭംഗി കൂട്ടാന്‍ തൂക്കിയിടാവുന്ന ചെടികള്‍ ഉപയോഗിക്കാവുന്നതാണ്. അസ്പരാഗസ്, റിപാലിസ് എന്നിങ്ങനെയുള്ള ചെടികള്‍ ഇതിനായി ഉപയോഗിക്കാം. മുറികളിലെ ഭാഗങ്ങള്‍ വേര്‍തിരിക്കണമെങ്കില്‍ മനോഹരമായ ചെടികള്‍ വെക്കാവുന്നതാണ്. ഗോവണിയില്‍ സ്റ്റെപ്പുകള്‍ക്കിടയിലെ സ്ഥലം വെറുതെയിടേണ്ട, ഒരു പനച്ചെടിയോ കള്ളിച്ചെടിയോ വെക്കാം. ഇലക്ട്രിക് വയേഴ്സും മറ്റും അഭംഗി വരുത്തിയ മൂലകള്‍ ഹാളിനോ ഊണുമുറിക്കോ അഭംഗി വരുത്തിയേക്കാം.
ഇലക്ട്രിക് വയേഴ്സും ബോര്‍ഡുമെല്ലാം ഒതുക്കിവെച്ച് അതിനു മുന്നില്‍ കുറച്ചുയരത്തില്‍ വളരുന്ന പുല്ലു വര്‍ഗ്ഗത്തിലുള്ള ചെടി ഭംഗിയുള്ള ഒരു പൂച്ചട്ടിയിലാക്കിവെക്കാം. ഹാളിലെ സിറ്റിങ്് ഏരിയയും റീഡിങ് ഏരിയയും തമ്മില്‍ വേര്‍തിരിക്കാനും ചെടികള്‍ ഉപയോഗിക്കാവുന്നതണ്.
അകത്തളങ്ങളില്‍ വളര്‍ത്തുന്ന ചെടികള്‍ പലതും ഭംഗി മാത്രമല്ല നല്‍കുന്നത്. നല്ല ഓക്സിജനും പുറത്തുവിടുന്നുണ്ട്. പന വര്‍ഗത്തിലെ ചെടികള്‍, ചിത്രപുല്ല് വര്‍ഗങ്ങള്‍, പീസ് ലില്ലി, ഓര്‍ക്കിഡ്, മാന്‍ഡിവില്ല, മെക്സിക്കന്‍ പുല്ലിനങ്ങള്‍, മാന്‍ഡിവില്ല എന്നിവ നല്ല തോതില്‍ അന്തരീഷം ശുചീകരിക്കുന്ന ചെടികളാണ്.
ചെടി വെക്കാനായി പലതരം വസ്തുക്കളും വിപണിയില്‍ ലഭിക്കും. പോട്ട്, വേസ്, ടീ കപ്പ്, ഗ്ളാസ് ജാര്‍ തുടങ്ങിയവയില്‍ ചെടികള്‍ വയ്ക്കാം. ഗ്ളാസ് വേസുകളില്‍ പാപിറസ്, സ്റ്റാഗ്ഹോണ്‍ തുടങ്ങിയ ചെടികള്‍ വളര്‍ത്താം. ചെടി വളര്‍ത്താവുന്ന പ്രത്യേക ടെറാക്കോട്ട ശില്‍പങ്ങളും വിപണിയില്‍ ലഭിക്കുന്നു.
അകത്തളത്തില്‍ സസ്യങ്ങള്‍ വളര്‍ത്താന്‍ ഏറ്റവും അഭികാമ്യം കണ്ടെയ്നര്‍ ഗാര്‍ഡന്‍ രീതിയാണ്. കണ്ടെയ്നര്‍ ഫിക്സ് ചെയ്ത് ഡ്രിപ് ഇറിഗേഷന്‍ /സെല്‍ഫ് ടവറിങ് സിസ്റ്റം ഘടിപ്പിക്കാം. കുറച്ചു ദിവസം വീട്ടില്‍ നിന്നു മാറിനിന്നാല്‍ ചെടികള്‍ വാടില്ല എന്നതാണിതിന്‍്റെ ഗുണം.
അടുക്കളയിലും നമുക്ക് പച്ച പിടിപ്പിക്കാവുന്നതാണ്. അടുക്കളയില്‍ തുളസി, പുതിന, പനിക്കൂര്‍ക്ക, ബ്രഹ്മി, ശതാവരി, കറ്റാര്‍വാഴ, വിവിധയിനം ചീരകള്‍ എന്നു വേണ്ട കുഞ്ഞു കറിവേപ്പ് തൈ വരെ വേണമെങ്കില്‍ വെക്കാം. ഇതിന് അല്‍പംകൂടി വലുപ്പമുള്ള പാത്രങ്ങള്‍ വേണമെന്നു മാത്രം. ഇടക്കിടെ ചെടി പുറത്തുവച്ച് വെയില്‍ കൊള്ളിക്കുകയും നന്നായി വെള്ളമൊഴിച്ചു കൊടുത്താല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.