കണ്ണുടക്കുന്ന കാഴ്ചക്കൂടുകള്‍.....

വീടുകള്‍ വെറുതെ ഉണ്ടാക്കിയാല്‍ പോര..അതിനകത്ത് സൗകര്യങ്ങളും  ഉണ്ടായിരിക്കണം. സാധനങ്ങള്‍ സൂക്ഷിക്കാനും കരുതിവെക്കാനും ഉള്ള ഇടം കൂടിയാണല്ളോ ഒരു വീട്. ഈ സൗകര്യങ്ങള്‍ക്കൊപ്പം ഇവയുടെ അകം കാഴ്ചയും പ്രധാനമാണ്.



ഇതു തന്നെയാണ് ഷോ കെയ്സുകളുടെയും മേന്‍മ.  മുമ്പൊക്കെ വീടുകളില്‍ എപ്പോഴും ഉപയോഗിക്കേണ്ട സാധനങ്ങള്‍ കയ്യത്തെും ദൂരത്ത് വെക്കാനുള്ള ഇടം എന്ന നിലയില്‍ ചുവരില്‍ മരം കൊണ്ടു നിര്‍മിച്ച പെട്ടിക്കൂടുകള്‍ കാണാമായിരുന്നു. ഇത് ചുവരിനു പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തില്‍ ആയിരുന്നു. ഇതില്‍ തന്നെയും വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നു. നിലത്ത് കാലുകള്‍ ഉറപ്പിച്ച് വെച്ച മരത്തിന്‍റെ വാതിലുകളില്‍ ചിത്രപ്പണികള്‍ ഉള്ള കെയ്സുകളും പഴയ വീടിന്‍റെ അകത്തളങ്ങളില്‍ കാണാമായിരുന്നു.

പിന്നീട് ഇതിന്‍റെ രൂപത്തിലും ഉപയോഗത്തിലും വ്യത്യാസം വന്നു. മുന്‍ വശത്ത് ചില്ലിട്ട് അകത്തുള്ള വസ്തുക്കള്‍ പുറത്തേക്ക് കാണുന്ന വിധത്തില്‍ മാറി. പൂപ്പാത്രങ്ങള്‍ ആ സ്ഥാനം കയ്യേറി. പിന്നീട് പൂപ്പാത്രങ്ങള്‍ നിറഞ്ഞ കണ്ണാടിക്കൂടുകള്‍ എന്ന സങ്കല്‍പവും പഴഞ്ചനായി.
എന്നാല്‍, കാഴ്ചക്കൂട് എന്നതിനപ്പുറത്തേക്ക് ഇവ വീടകങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് അത്ര പഴക്കമായിട്ടില്ല.

ഇന്നിപ്പോള്‍ മറ്റെന്തിലുമെന്നപോലെ ഷോ കെയ്സുകളിലും പല പരീക്ഷണങ്ങള്‍ നടക്കുന്നു.  ടെലിവിഷന്‍,കമ്പ്യൂട്ടര്‍,സ്റ്റീരിയോ സിസ്റ്റം,ട്രോഫികള്‍,പുസ്തകങ്ങള്‍,ഭംഗിയേറിയ പാത്രങ്ങള്‍ അടക്കമുളള അലങ്കാര വസ്തുക്കള്‍ തുടങ്ങി ഷോ കെയ്സില്‍ ഇടം പിടിക്കുന്നവയുടെ പട്ടിക നീണ്ടതാണ്.

ഒരോ വീടിന്‍റെയും ഘടനയും രൂപ ഭംഗിയും അനുസരിച്ചുള്ള ഷോ കെയ്സുകള്‍ ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ പ്രഥമ സ്ഥാനത്തുണ്ട്. സന്ദര്‍ശക മുറിയിലും ഭക്ഷണ ഹാളിലും ഒതുങ്ങുന്നില്ല ഈ കെയ്സുകള്‍. കിടപ്പറ മുതല്‍ അടുക്കളകളുടെ കാഴ്ചാ പരിസരത്തെ പോലും മാറ്റിമറിക്കുന്ന വിധത്തിലാണ് പുതിയ ഷോ കെയ്സുകളുടെ ഡിസൈനിങ്. ചുവരുകളില്‍ പെട്ടിക്കൂടുപോലെ ഒറ്റയൊറ്റയായി സ്ഥാപിക്കുന്ന ഡിസൈനുകളും ഉണ്ട്. കണ്ടാല്‍ ഏറെ ലാളിത്യമുള്ള ഈ കെയ്സുകളില്‍ ഏതാനും പുസ്തകങ്ങളോ ഒരു പൂപ്പാത്രമോ വെയ്ക്കാം.



മരം, അലുമിനിയം,ഗ്ളാസ് ഷോ കെയ്സുകള്‍

വീടുമായി ബന്ധപ്പെട്ട പഴയ സങ്കല്‍പങ്ങളില്‍ പലതും തിരിച്ചുവരുമ്പോള്‍ മരം കൊണ്ടുള്ള  ഷോ കെയ്സുകളും തിരികെ വരുന്നതായി ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു.  മുഴുവന്‍ മരം കൊണ്ടുള്ള കെയ്സുകളും പകുതി ഭാഗത്ത് മരത്തിന്‍റെ വാതിലുകള്‍ പിടിപ്പിച്ച് ബാക്കി പ്ളെയിന്‍, ഫ്ളവര്‍ പ്രിന്‍റ് ഗ്ളാസുകള്‍ പിടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരും ഉണ്ട്.

എം.ഡി.എഫ് കെയ്സുകളും നമ്മുടെ നാട്ടില്‍ കിട്ടുന്ന തേക്ക്, പ്ളാവ് പോലുള്ളതോ അതില്‍ കുറഞ്ഞ മരങ്ങളോ സാധാരണയായി ഉപയോഗിക്കുന്നു. കണ്ടാല്‍ മരത്തിന്‍റേതെന്ന് തോന്നുന്നവിധത്തില്‍ നിറം നല്‍കി അലൂമിനിയം ഷോ കെയ്സുകള്‍ നിര്‍മിക്കാം.


വികൃതി കാണിക്കാന്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ ഇത്തരം ഗ്ളാസ് ഷോ കെയ്സുകള്‍ സ്ഥാനം പിടിക്കുന്നുണ്ട്. അകത്ത് ചതുരാകൃതിയില്‍ തൂണുകള്‍ ഉണ്ടെങ്കില്‍ ഇവയോട് ചേര്‍ന്നും ഗ്ളാസ് ഷോ കെയ്സ് സ്ഥാപിക്കാം. കാഴ്ചക്ക് ഏറെ ലളിതമായിരിക്കും ഇത്തരം കെയ്സുകള്‍.


കോണിപ്പടിക്കു താഴെ


ഒരാവശ്യത്തിനും ഉപകരിക്കാതെ പോവുന്ന കോണിപ്പടികള്‍ ചില വീടുകളില്‍ കാണാം. ഇത് ഏറ്റവും മനോഹരമായി ഉപയോഗിക്കാവുന്ന ഇടമാക്കി മാറ്റാവുന്നതാണ്. ഷോ കെയ്സുകള്‍ ഇവിടെയും ഒരുക്കാം. കോണിപ്പടി അടുക്കളയോടുത്താണെങ്കില്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്കു മാത്രമായി ഇതുപയോഗിക്കാം.

കുട്ടികളുടെ മുറിയില്‍

കുട്ടികളുടെ മുറിയിലും മനോഹരമായ ഷോ കെയ്സുകള്‍ ഒരുക്കാം. ഇവ കളര്‍ഫുള്‍ ആവുകയാണ് കൂടുതല്‍ നല്ലത്.

ബുക് ഷെല്‍ഫോടു കൂടിയ ഷോ കെയ്സുകള്‍ ആണെങ്കില്‍ ഇതു കൂടുതല്‍ ഉപകാരമാവും. പാഠപുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ ഒരിടവും കഥാപുസ്തകങ്ങള്‍ക്ക് മറ്റൊരിടവും ഒരുക്കാം. കളിപ്പാട്ടങ്ങള്‍,ട്രോഫികള്‍, അവര്‍ തന്നെ ഒരുക്കുന്ന ചിത്രങ്ങള്‍ എന്നിവക്കെല്ലാം ഈ കെയ്സില്‍ ഇടമുണ്ടായിരിക്കണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.