കുട്ടിമുറിയൊരുക്കാം; കൂടുതല്‍ സുരക്ഷിതമായി

വീട് ഒരുക്കുമ്പോള്‍ ഒരു മുറി കുട്ടികള്‍ക്കും മാറ്റിവെക്കും. അതില്‍ മറ്റൊരു പ്രത്യേകത എന്ത്? എന്നാല്‍, വീട്ടിലെ കുട്ടിമുറികള്‍ക്ക് പ്രാധാന്യമുണ്ട്. വീടിന്‍റെ വെളിച്ചമാകുന്ന കുരുന്നുകള്‍ക്ക് മുറി തയാറാക്കുന്നത് മാസ്റ്റര്‍ ബെഡ് റൂമും ലിവിങ് റൂംമെല്ലാം ഒരുക്കുന്ന പ്രാധാന്യത്തോടെ തന്നെ വേണം.

കുട്ടികളുടെ മുറി അവര്‍ക്ക് ഉറങ്ങാന്‍ മാത്രമാവരുത്. ഉല്ലസിക്കാനും പഠിക്കാനും കൂടിയുള്ളതാവണം. അതിനാല്‍, വെളിച്ചവും വായു സഞ്ചാരവുമുള്ള മുറിയാവണം കുട്ടികള്‍ക്കായി തെരഞ്ഞെടുക്കേണ്ടത്. കൃത്രിമ വെളിച്ച സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ യഥേഷ്ടം പ്രകാശം ലഭിക്കണം. ജനാലകള്‍ തുറന്നിടുന്നത് ഒരിക്കലും വൃത്തിഹീനമായ ചുറ്റുപാടിലേക്ക് ആവരുത്.
ചന്തമുള്ള നിറങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കളികോപ്പുകളുമായി കുട്ടികളുടെ വണ്ടര്‍ലാന്‍ഡ് ആക്കി മുറിയെ മാറ്റുന്നതിനോടൊപ്പം അവരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തണം.

  • കുട്ടികളുടെ മുറിയില്‍ കട്ടില്‍ ജനാലയോട് ചേര്‍ത്ത് ഇടരുത്. ജനാലക്കരികില്‍ പൊടി പിടിക്കാനും പ്രാണികള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. അബദ്ധത്തില്‍ രാത്രിയില്‍ ജനാല തുറന്നിട്ടാല്‍ മറ്റ് അപകടങ്ങള്‍ക്കും സാധ്യതയുണ്ട്.
  • കട്ടിലിന് അരികിലുള്ള ചുവരിലോ പഠിക്കാനിരിക്കുന്ന ടേബിളിനു മുകളിലായോ ഭാരമുള്ള പെയിന്‍റിങ്ങുകള്‍, കണ്ണാടി എന്നിവ വെക്കരുത്.
  • മുറിയില്‍ സ്വതന്ത്രമായി നില്‍ക്കുന്ന ഫര്‍ണിച്ചര്‍ ഉപയോഗിക്കുക. ചുമരില്‍ ഉറപ്പിക്കുന്നതോ  മറ്റൊരു ഫര്‍ണിച്ചറുമായി ചേര്‍ക്കുന്നതോ ആയ സ്റ്റഡി ടേബ്ള്‍, സ്റ്റാന്‍ഡ്, കട്ടില്‍ എന്നിവ ഒരുക്കരുത്. അത് മറിഞ്ഞു വീഴാന്‍ സാധ്യത കൂടുതലാണ്.
  • ഷെല്‍ഫുകള്‍ക്കും മേശക്കും ഓപണ്‍ ഡ്രോകള്‍ വേണ്ട. തുറക്കാന്‍ കഴിയുന്ന മേശവലിപ്പുകള്‍ കുട്ടികള്‍ പെട്ടന്ന് ചീത്തയാക്കും. ഷെല്‍ഫിലെ വലിപ്പുകള്‍ നീക്കി കുട്ടികള്‍ അതില്‍ ചവിട്ടി കയറാനും സാധ്യതയുണ്ട്.
  • കസേരകള്‍ കട്ടിലുകള്‍ എന്നിവ ഉയരം കുറഞ്ഞതും അപകടസാധ്യത പരമാവധി കുറഞ്ഞ തരത്തിലുള്ളതുമായിരിക്കും. ഭാരക്കുറവുള്ളതുമായിരിക്കണം. ചെറിയ കുട്ടികളുടെ മുറിയാണെങ്കില്‍ വ്യത്യസ്ത ആകൃതിയിലുള്ള ടീപ്പോയികളും ഇരിപ്പിടങ്ങളും മേശകളും കട്ടിലുമൊക്കെ ഉപയോഗിക്കാം.
  • ബങ്ക്ബെഡിങ് ഒഴിവാക്കുക. തട്ടുതട്ടായി ബെഡ് ഒരുക്കുന്ന രീതി സ്ഥലം ലാഭിക്കാന്‍ നല്ല മാര്‍ഗമാണെങ്കിലും അപകട സാധ്യതയുള്ളതാണ്. ആറു വയസുവരെയുള്ള കുട്ടികളാണെങ്കില്‍ ബങ്ക് ബെഡിന്‍റെ കാര്യം ചിന്തിക്കേണ്ട. കാബിന്‍ ബെഡാണ് 10 വയസുവരെയുള്ളവര്‍ക്ക് നല്ലത്.
  • ഇലക്ട്രിക് പ്ളഗുകള്‍ ഉപയോഗിക്കുന്നതിനുള്ള സോക്കറ്റുകള്‍ മുറിയില്‍ വെക്കരുത്. കുട്ടികള്‍ അത് തൊടുന്നത് വിരലുകള്‍ ഉള്ളിലിടുന്നതും അപകടം വരുത്തും.
  • ഷാന്‍ലറുകള്‍, തൂങ്ങികിടക്കുന്ന വൈദ്യൂതി വിളക്കുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് അഭികാമ്യം.
  • മുറിയില്‍ പൂര്‍ണമായും തുറന്ന ജനാലയേക്കാള്‍ സുരക്ഷിതം അഴികളുള്ള ജനാലയാണ്.
  • കമ്പ്യൂട്ടര്‍, ടി.വി, ഇസ്തിരിപ്പെട്ടി എന്നിങ്ങനെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുറിയില്‍ വെക്കരുത്.
  • മുറിയിലെ ഇലക്ട്രിക് വയറിങ് സുരക്ഷിതമായിരിക്കണം.
  • ബാത്ത്റൂമും ടോയ്ലറ്റും ഉള്‍പ്പെട്ടെ മുറിയാണെങ്കില്‍ ടോയ്ലറ്റ് വൃത്തിയാക്കിവെക്കാനും മുറിയിലെ തറയില്‍ വെള്ളം വീഴാതെയും സൂക്ഷിക്കണം.
  • കുട്ടികളുടെ പഠനസാമഗ്രികള്‍ വെക്കുന്നതിന് അവരുടെ ഉയരം അനുസരിച്ചുള്ള ഷെല്‍ഫുകള്‍ മതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.