പഴയവീടിന്‍റെ പുതിയമുഖം

കൂടുമ്പോള്‍  ഇമ്പമുള്ള കുടുംബത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട വീട്, കാലത്തിന്‍റെ ഗതിയില്‍ പഴഞ്ചന്‍ എന്ന ടാഗ്ഗ് തൂക്കി പൊളിച്ചു നീക്കുമ്പോള്‍ അതിനായി പണിപ്പെട്ട, വിയര്‍പ്പൊഴുക്കിയ ഒരാളെങ്കിലും വേദനിക്കുന്നുണ്ടാകും.  നൂതന ശൈലിയുള്ള വീട് വേണമെന്ന് ശഠിക്കുമ്പോള്‍ ആയുസ്സിന്‍െറ വലിയൊരു പങ്ക് കഴിച്ചുകൂട്ടിയ വീട് ബാധ്യതയാകും. പിന്നെ അതു പൊളിച്ചുമാറ്റി പുത്തന്‍ വീട് പണിത് ബാക്കിയുള്ള കാലം കടങ്ങള്‍ വീട്ടി തള്ളിനീക്കും. ഒരു ശരാശരി മലയാളിയുടെ ജീവിതം പലപ്പോഴും ഇങ്ങനെ തന്നെ. എന്നാല്‍  പഴയത് ഒരു പകല്‍ കൊണ്ട് പണിച്ചുനീക്കാതെ അവയെ നവീകരിച്ചെടുത്ത് പുത്തനാക്കാനുള്ള രീതികള്‍ ഇന്ന് അവലംബിച്ചു വരുന്നുണ്ട്.
 തലമുറകള്‍ കൈമാറിയ വീട്ടില്‍ തന്നെ താമസിക്കാനാഗ്രഹിച്ച കുടുംബത്തിനു വേണ്ടി ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നവീന ശൈലിയിലേക്ക് മാറ്റിയ അവരുടെ വീട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഡിസൈനര്‍ ഷഫീഖ്.

വീട് പൊളിച്ച് കളഞ്ഞ് വേറൊന്ന് വെക്കണമെന്നല്ല, നവീന ശൈലിയിലേക്ക് അത് മാറ്റണമെന്നാണ് മലപ്പുറം അരീക്കോകാരനായ ഹിജാസ് തീരുമാനിച്ചത്. ബംഗളൂരുവിലെ പഠനത്തിനു ശേഷം ജോലിയുമായി പ്രവാസജീവിതം തുടങ്ങിയെങ്കിലും നാട്ടിലെ വീട് മുഖംമാറ്റിയെടുക്കുന്നതിനെ കുറിച്ച് തന്നെ  ചിന്തിച്ചു.

35 വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപണിയുകയെന്നതിനെ പലരും എതിര്‍ക്കുകയാണ് ചെയ്തതെന്ന് ഹിജാസ് പറയുന്നു. പഴയ വീടല്ളേ, എത്രത്തോളം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും, ആധുനിക സൗകര്യങ്ങള്‍ എങ്ങനെ ഉള്‍പ്പെടുത്തും എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ പലതലത്തിലും നേരിടേണ്ടിവന്നു. ഡിസൈനറുടെ സഹായമുണ്ടെങ്കില്‍ പരിമിതികളെ മറികടക്കാമെന്ന് ഹിജാസ് വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഹിജാസിന്‍റെ  പിതാവ്  ചേക്കുഹാജിക്ക് സൗകര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിടുള്ള ശൈലിയോടായിരുന്നു താല്‍പര്യം. അതിന്‍റെ അടിസ്ഥാനത്തിലാണ് വീടിന്‍റെ ഇന്‍റീരിയര്‍ നവീകരിച്ചത്.


വാഷ് ഏരിയ മാറ്റി, സ്റ്റോണ്‍ ക്ളാഡിങ്ങ് കൊടുത്ത് മനോഹരമാക്കി. വാഷ് ബേസിനു താഴെ  കാബിനറ്റ് നല്‍കി സ്റ്റോറേജ് സ്പേസാക്കി മാറ്റി. ഫാമിലി ലിവിങ് സ്പേസില്‍ നിന്നും ഡൈനിങ് ഏരിയയിലേക്കുള്ള ജനല്‍ നീക്കി അവിടെ ജാലി വര്‍ക്ക് ചെയ്ത് മനോഹരമാക്കി. ഷോകേസുകളെല്ലാം പൊളിച്ചു മാറ്റി നിഷേ സ്പേസുകളും ക്യൂരിയോസുമാക്കി നവീകരിച്ചു.

സീലിങ്, ലൈറ്റിങ് വര്‍ക്കുകളിലൂടെയാണ് വീടിന്‍റെ പകിട്ട് പൂര്‍ണതയിലത്തെിച്ചത്. കന്‍റംപററി ശൈലിയിലുള്ള ജിസ്പം സീലിങ്ങാണ് ഇന്‍റീരിയറില്‍ ഉപയോഗിച്ചത്. സീലിങില്‍ എല്‍. ഇ.ഡി ലൈറ്റുകള്‍ നല്‍കി.

ലിവിങ് റൂമിലെ ഹാങ്ങിങ് ലൈറ്റ് നല്‍കി  വാം മൂഡുള്ള അന്തരീഷം ഒരുക്കി.  ജനലുകള്‍ക്ക് റോം ബ്ളെന്‍ഡുകള്‍ ഇട്ടു. തീമിനനുസരിച്ച് ജൂട്ട് മെറ്റീരിയല്‍ കൊണ്ടുള്ള സോഫയാണ് ലിവിങ്ങില്‍ സജീകരിച്ചത്. കുഷ്യനുകളും ബ്ളെന്‍ഡും ടീപോയുമെല്ലാം കോഫി ബ്രൗണ്‍ ഷേയ്ഡുകളില്‍ കൊണ്ടുവന്നത് അകത്തളത്തിന്‍റെ മാറ്റു കൂട്ടി. ചുവരില്‍ വാള്‍പേപ്പര്‍ കവര്‍ ചെയ്ത ഒരു കോവ് ലൈറ്റുള്ള ഒരു ബോക്സ് ഡിസൈന്‍ നല്‍കിയിട്ടുണ്ട്.

ലിവിങ്ങില്‍ നിന്ന് ഫാമിലി ലിവിങ് ഏരിയയെ വേര്‍തിരിച്ചത് പ്ളേവുഡ് ഉപയോഗിച്ചാണ്. എല്‍.ഇ.ഡി ടി.വി യൂനിറ്റ് സ്പേസ്, ഡിവിഷന്‍ ലുക്ക് നല്‍കുന്ന ഗ്ളാസ് ടീപോ, കോഫിബ്രൗണ്‍ ലെതര്‍ സോഫ എന്നിവ സജീകരിച്ച് പ്രൗഢമാക്കി.

സോഫക്കു പുറകില്‍ പഴയ ഷോകേസ് പൊളിച്ചു നീക്കിയത് നിഷേ സ്പേസാക്കി കോണ്‍ട്രാസ്റ്റ് തീമില്‍ ആക്സസറീസ്  ഒരുക്കിവെച്ചു.  എല്‍ ഷേപ്പിലേക്ക്  ഒരു ഭാഗത്തെ ചുമര് മാറ്റി വാള്‍ പേപ്പര്‍  ഒട്ടിച്ച് മനോഹരമാക്കിയിരിക്കുന്നു. സ്റ്റോറേജ് സ്പേസാക്കി മാറ്റാവുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡൈനിങ്ങ് ഹാളില്‍  ഉണ്ടായിരുന്ന ബാത്ത്റൂം ഡോര്‍ പെട്ടെന്ന് അറിയാതിരിക്കാന്‍ ഡിസൈനര്‍ സ്ളയിഡിങ്  ഡോറാക്കി മാറ്റി. പഴയ വീടിന്‍റെ ചില മോശം ഭാഗങ്ങള്‍ മറക്കുനതിനായി ചുവരില്‍ ജാലി ഉപയോഗിച്ചുള്ള ഒരു ഡിസൈന്‍ നല്‍കി. വാഷ് ഏരിയയില്‍ അറ്റാച്ച്ഡ് ലൈറ്റുകള്‍ ഉള്ള കണ്ണാടിയാണ് കൊടുത്തത്.

ഒഴിഞ്ഞുകിടന്ന സ്റ്റെയര്‍ കേസിന്‍റെ അടിവശം പെബിള്‍ കോര്‍ട്ട് ആക്കിയത് അകത്തളത്തിന് പുതുഭാവം നല്‍കി. കിടപ്പുമുറികളിലും നവീനത കൊണ്ടുവരാന്‍ ഡിസൈനര്‍ ശ്രമിച്ചു. മാസ്റ്റര്‍ ബെഡ്റൂമിന്‍റെ ചുമര്‍ സ്ളയിഡിങ് ഡോറും ജനാലാകളും ചേര്‍ന്ന ഭാഗമാക്കി മാറ്റിയെടുത്തു. വൈറ്റ്, ഡാര്‍ക്ക് ഗ്രേ നിറങ്ങളുടെ സങ്കലനം മുറിക്ക് നവീനചാരുത നല്‍കി. ജനലുകള്‍ക്ക് നല്‍കിയ സീബ്ര കര്‍ട്ടനുകളും മുറിയുടെ മാറ്റ് കൂട്ടുന്നു. മുറികളിലെല്ലാം സ്റ്റോറേജിനും പ്രാധ്യാന്യം നല്‍കിയിട്ടുണ്ട്. മുകളിലെ നിലയിലുള്ള ഒഴിഞ്ഞ ഹാളിനെ മിനി ഹോം തിയറ്ററാക്കി മാറ്റിയതും വീടിന്‍റെ മുഖഛായയെ മാറ്റി.

ചിലവ് കുറക്കുന്നതിന്‍റെ ഭാഗമായി പഴയ വാതിലുകള്‍ തന്നെയാണ് ഉപയോഗിച്ചത്. വാതിലുകള്‍ എന്‍.സി പുട്ടിയിട്ട് തീമിനനുസരിച്ച നിറം നല്‍കി മനോഹരമാക്കി. മരത്തില്‍ നിര്‍മിച്ച പഴയ കട്ടിലുകള്‍ക്ക് തീമിനനുസരിച്ച  പെയിന്‍റ് ഫിനിഷ് നല്‍കി പുത്തന്‍ ആക്കി മാറ്റി. കുട്ടികളുടെ മുറി പിങ്ക് നിറത്തിലാണ് ഒരുക്കിയെടുത്തത്.  കളര്‍ഫുളായ സ്റ്റഡി ടേബിളും കര്‍ട്ടനും ഒരുക്കി അവരെ വിസ്മിപ്പിക്കുകയും ചെയ്തു.  

അടുക്കള  ഡിസൈന്‍ ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍  ശ്രദ്ധിക്കാനുണ്ടായിരുന്നു. ഒരുപാട് സ്ഥലം അടുക്കളയില്‍ ഉണ്ടെങ്കിലും ഒട്ടും സൗകര്യം തോന്നാത്ത രീതിയിലായിരുന്നു നേരത്തെയുള്ള ഘടന. ആദ്യം ചെയ്തത് നിലവില്‍ ഉണ്ടായിരുന്ന ചെറിയ ഷെല്‍ഫുകളെലാ്ളം എടുത്തു മാറ്റി പുതിയ സ്റ്റെയിലില്‍ ഉള്ള എന്നാല്‍ സൌകര്യങ്ങള്‍ക്ക് പ്രാധാന്യമുള്ള കാബിനറ്റുകള്‍ സജീകരിക്കുകയെന്നതായിരുന്നു. പഴയ ഷെല്‍ഫിന്‍റെ ഗ്ളാസ്സുകള്‍ ഇതില്‍ ഉപയോഗപ്പെടുത്തിയത് താരതമ്യേന ചിലവുകുറച്ചു. വീട് പണിതശേഷം  അറ്റാച്ച് ചെയ്ത് നിര്‍മ്മിച്ചതായിരുന്നു  അടുക്കള. അതിനാല്‍ സണ്‍ഷേഡിന്‍റെ ഭാഗം അടുക്കളയുടെ ഒരു ഭാഗത്ത് ഉണ്ടായിരുന്നു. സണ്‍ഷേഡ് കവര്‍ ചെയ്ത് കാബിനറ്റാക്കി മാറ്റുകയാണ് ചെയ്തത്. ഇത് സ്റ്റോറേജിന്‍റെ സ്പേസ് കൂട്ടുകയും അടുക്കളക്ക് കൂടുതല്‍ വൃത്തികൊണ്ടുവരികയും ചെയ്തു. കൂടുതല്‍ സ്പേസും വൃത്തിയും തോന്നിക്കാന്‍ അടുക്കളയില്‍ വൈറ്റ് ആന്‍റ് ഗ്രേ നിറങ്ങളുടെ സങ്കലനമാണ് ഉപയോഗപ്പെടുത്തിയത്. പഴയ ഷെല്‍ഫുകള്‍ നീക്കിയ ഭാഗത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ പുതുതായി ഒരുക്കിയതും അടുക്കളക്ക് പുതുഭാവം നല്‍കി.

പണി തീര്‍ന്നപ്പോള്‍ പഴയ വീടിന്‍റെ അകത്തളം ഇത്രയൊക്കെ വിശാലമായിരുന്നോ എന്ന സംശയമായിരുന്നു വീട്ടുകാര്‍ക്ക്. വീട് പൂര്‍ണമായും പൊളിച്ചു മാറ്റി മറ്റൊന്ന് പണിയുമായിരുന്നെങ്കില്‍ കൂടി ഇത്രയും മനോഹരമാകില്ലായിരുന്നുവെന്ന കമന്‍റ്  തന്നെയാണ് ഡിസൈനറുടെ വിജയവും.

ഡിസൈനര്‍
ഷഫീഖ് എം.കെ
ദയാ വുഡ്സ് ഇന്‍റീരിയര്‍ ഡിസൈനേഴ്സ്
9745 22 04 22

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.