നൂറ് കോടിയിൽ ഒരു ഏസ്തെറ്റിക് വീട്; 'ഇൻസ്റ്റഗ്രാമി'ലൂടെ വീടും പുഷ്പ സെറ്റും പരിചയപ്പെടുത്തി അല്ലു അർജുൻ

വിജയങ്ങളുടെ പരമ്പരയെ ആഘോഷമാക്കുകയാണ് നടൻ അല്ലു അർജുൻ. ആഴ്ചതോറും പുതിയ നാഴികക്കല്ലുകൾ കീഴടക്കി മുന്നേറുകയാണ് താരം. പുഷ്പ ദി റൈസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ ഇപ്പോൾ ഇൻസ്റ്റഗ്രാമിനോടൊപ്പം സഹകരിക്കുന്ന ആദ്യ ഇന്ത്യൻ നടൻ എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അല്ലു.

ഇൻസ്റ്റഗ്രാമിന്‍റെ ഔദ്യോഗിക പേജിൽ താരത്തിന്‍റെ ആരാധകരെല്ലാം ആവേശത്തിലാണ്. പുഷ്പ 2വിന്‍റെ സെറ്റും തന്‍റെ വീടും കാറും എല്ലാം അല്ലു ഇൻസ്റ്റഗ്രാമിന്‍റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച റീലിൽ കാണിക്കുന്നുണ്ട്. നേരത്തെ ഇൻസ്റ്റ​ഗ്രാമിന്റെ ത്രെഡ്സിൽ ഒരു മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അല്ലു അർജുൻ സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള അല്ലുവിന്‍റെ വീടാണ് വീഡിയോയിലുള്ളത്. നൂറ് കോടി മുതൽമുടക്കിലാണ് അല്ലുവിന്‍റെ വീട് നിർമിച്ചിരിക്കുന്നത്. ഹൈദരാബാദിലെ തന്നെ ഏറ്റവും വിലയേറിയ താരഭവനങ്ങളിൽ ഒന്നാണ് ഇതെന്നതും ശ്രദ്ധേയമാണ്. കൂറ്റൻ പുൽത്തകിടി മുതൽ സ്വിമ്മിങ് പൂൾ വരെ അല്ലു അർജുന്‍റെ വീട് ആഡംബരത്തോടൊപ്പം ഏസ്തെറ്റിക് കൂടിയാണ്.

 

പുഷ്പ-ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അല്ലു മികച്ച നടനുള്ള അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിൻറെ ബാനറിൽ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂളിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പതിമടങ്ങ്‌ വർദ്ധിച്ചിരുന്നു.

മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം. ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

Tags:    
News Summary - Allu Arjun's home tour with 'Instagram'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.